ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്ന പ്രസ്‌താവനകള്‍ പുറപ്പെടുവിക്കുന്നത് ബിജെപി നേതാക്കള്‍ക്ക് പുതുമയുള്ള കാര്യമല്ല. `കണ്‍കറന്റ് ലിസ്റ്റ്’ എന്താണെന്ന് പോലും അറിയാതെ അതേ കുറിച്ച് വാചകമടിച്ച് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ നാണം കെടുന്നതു പോലുള്ള സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ബീഫ് റോസ്റ്റിനെ ഉള്ളികറിയാക്കുന്ന രസികന്‍ മാജിക്കുകളും അവര്‍ക്ക് ശീലമാണ്. വാര്‍ത്തകളുടെ പതിവു വിരസത മാറ്റി തമാശയുടെ മേമ്പൊടി ചോര്‍ത്ത് ജനങ്ങളെ രസിപ്പിക്കാനുള്ള കഴിവില്‍ ബിജെപി നേതാക്കള്‍ മറ്റ് ഏതൊരു പാര്‍ട്ടിയിലെയും ആളുകളേക്കാള്‍ മുന്നിലാണ്. അറിവില്ലായ്‌മ ഒരു അലങ്കാരമായി കൊണ്ടുനടക്കാന്‍ അവര്‍ക്ക് ഒരു മടിയുമില്ല.
ബിജെപി നേതാക്കളായ വി.മുരളീധരനും കെ.സുരേന്ദ്രനും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസ്‌താവനകള്‍ അല്‍പ്പം കൂടി കടന്ന് ജനങ്ങളെ പരിഹസിക്കുന്ന നിലയിലേക്ക് എത്തി. നെഹ്‌റു ഏത് വള്ളം വലിച്ചിട്ടാണ് നെഹ്‌റു ട്രോഫി വള്ളം കളി എന്ന് പേര് നല്‍കിയത് എന്ന കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരന്റെ പ്രസ്‌താവന ചരിത്രത്തെ നോക്കി കൊഞ്ഞനംകുത്തുന്നതിന് തുല്യമാണ്. നെഹ്‌റു ഏത് വള്ളം വലിച്ചിട്ടാണ് നെഹ്‌റു ട്രോഫി വള്ളം കളി എന്ന് പേര് നല്‍കിയത് എന്ന് ചോദിച്ചാല്‍ വാജ്‌പേയി ഏത് തുരങ്കമാണ് പണിതത് എന്ന് തിരിച്ചുചോദിക്കേണ്ടി വരും എന്ന എന്‍.എസ്.മാധവന്റെ ട്വീറ്റ് ഏറെ പ്രസക്തമാണ്. മാത്രവുമല്ല, നെഹ്‌റുവിന്റെ പേര് വള്ളം കളിയുമായി ചേര്‍ക്കപ്പെട്ടതിന്റെ ചരിത്ര പശ്ചാത്തലം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. വള്ളംകളിയുടെ ആരാധകനായി മാറിയ നെഹ്‌റു ജേതാക്കള്‍ക്ക് നല്‍കാനായി അയച്ചുകൊടുത്ത പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫിയാണ് പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം നെഹ്‌റു ട്രോഫിയായി മാറിയത്.
രാഷ്‌ട്രശില്‍പ്പിയായ നെഹ്‌റുവിനെ അപഹസിക്കുക എന്നത് സംഘ്‌പരിവാര്‍ ഒരു പതിവാക്കിയിട്ടുണ്ട്. ആധുനിക സമൂഹത്തിന് ഒരിക്കലും മാതൃകയല്ലാത്ത തങ്ങളുടെ നേതാക്കള്‍ക്ക് കിട്ടാത്ത ജനസ്വീകാര്യത നെഹ്‌റുവിന് കിട്ടുന്നതിലെ അമര്‍ഷമാണ് അവരെ പ്രഥമ പ്രധാനമന്ത്രിയുടെ വ്യക്തിഹത്യ എന്ന അജണ്ടയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്.
ഉള്ളിക്കറി പോലുള്ള പരാമര്‍ശങ്ങളിലൂടെ നേരത്തെ ജനങ്ങള്‍ക്ക് നര്‍മം വിതറിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഇന്ധന വില വര്‍ധന സംബന്ധിച്ച് നടത്തിയ പ്രസ്‌താവനയിലൂടെ ജനങ്ങളെ അപഹസിക്കുകയാണ് ചെയ്‌തത്. ഇന്ധന വില വര്‍ധനക്ക് എതിരെ നേരത്തെ വണ്ടിയുന്തി സമരം നടത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് താന്‍ പ്രതിപക്ഷത്തായിരുന്നപ്പോഴാണെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെയാളുണ്ടല്ലോയെന്നുമാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. തങ്ങള്‍ പറയുന്ന പ്രസ്‌താവനകള്‍ക്കോ ചെയ്യുന്ന സമരങ്ങള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ആത്മാര്‍ത്ഥതയില്ലെന്നും അതെല്ലാം അധികാരത്തിലേക്ക് എത്താനുള്ള വഴികള്‍ മാത്രമാണെന്നും അധികാരത്തിലെത്തി കഴിഞ്ഞാല്‍ മുമ്പ് പറഞ്ഞതൊക്കെ വിഴുങ്ങുന്നതില്‍ തെറ്റില്ലെന്നുമാണ് സുരേന്ദ്രന്‍ നല്‍കുന്ന സന്ദേശം. ഇങ്ങനെ മറയില്ലാതെ തങ്ങള്‍ ജനവിരുദ്ധത മുഖമുദ്രയാക്കിയവരാണെന്ന് പ്രഖ്യാപിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് മാത്രമേ സാധിക്കൂവെന്ന് തോന്നുന്നു.
അവസരവാദ രാഷ്‌ട്രീയം ജനങ്ങള്‍ക്ക് പുതുമയുള്ള കാര്യമല്ല. പക്ഷേ ജനങ്ങളുടെ ദൈനംദിനജീവിതത്തെ ബാധിക്കുന്ന ഇന്ധന വില വര്‍ധന പോലുള്ള വിഷയങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം അവസരവാദപരമായ നിലപാട് സ്വീകരിക്കുകയും ജനങ്ങളുടെ ദുരിതത്തെ തിരിച്ചറിയാതെ അവരെ അപഹസിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകളിറക്കുകയും ചെയ്യുന്ന നേതാക്കള്‍ എല്ലാ അര്‍ത്ഥത്തിലും ജനവിരുദ്ധരാണ്.