English हिंदी

Blog

2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട്‌ നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്‌ പണമിടപാടുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുക എന്നതായിരുന്നു. ബഹുഭൂരിഭാഗവും കാഷ്‌ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തുന്ന ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത്‌ `ഡിജിറ്റല്‍ ഇകോണമി’ സൃഷ്‌ടിക്കുക എന്നത്‌ വിദൂര ഫല സാധ്യത മാത്രമുള്ള ഒരു ശ്രമമാണെന്നാണ്‌ അന്ന്‌ പല നിരീക്ഷകരും ചൂണ്ടികാട്ടിയിരുന്നത്‌. അഞ്ച്‌ വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ സര്‍വസാധാരണമാകുന്ന സ്ഥിതി ഉണ്ടാകുമെന്ന്‌ അന്ന്‌ പലരും കരുതിയിരുന്നില്ല. എന്നാല്‍ കോവിഡ്‌ വന്നതോടെ ഡിജിറ്റല്‍വല്‍ക്കരണം ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ സംഭവിക്കുകയാണ്‌ ചെയ്‌തത്‌.

Also read:  മതപ്രീണനം യുഡിഎഫിന്‌ ഗുണം ചെയ്യുമോ?

യുപിഐ പ്ലാറ്റ്‌ഫോം വഴിയും പേടിഎം പോലുള്ള ആപ്പുകള്‍ വഴിയും പണമിടപാടുകള്‍ നടത്തുന്നത്‌ ഇന്ന്‌ സര്‍വസാധാരണമായിരിക്കുകയാണ്‌. ചെറിയ തുകക്കുള്ള പേമെന്റുകള്‍ പോലും കാഷ്‌ നല്‍കാതെ ചെയ്യുന്ന രീതിയിലേക്ക്‌ നല്ലൊരു വിഭാഗം ജനങ്ങളും മാറിക്കഴിഞ്ഞു. കോവിഡ്‌ ഭീതി വ്യാപകമായതോടെ എടിഎമ്മുകളില്‍ നിന്ന്‌ പണമെടുക്കുന്നത്‌ കുറഞ്ഞു. കഴിയുന്നതും സ്‌പര്‍ശനം ഒഴിവാക്കിയുള്ള പണമിടപാടുകള്‍ക്ക്‌ ആളുകള്‍ മുന്‍ഗണന നല്‍കുന്ന രീതിയിലേക്ക്‌ മാറി.

അഞ്ച്‌ വര്‍ഷം മുമ്പ്‌ ഇത്തരമൊരു മാറ്റം നാം പ്രതീക്ഷിച്ചിരുന്നില്ല. ആളുകളുടെ ശീലങ്ങളും രീതികളും മാറുന്നത്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാഹചര്യങ്ങളും സ്ഥിതിവിശേഷങ്ങളിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക്‌ അനുസരിച്ചാണ്‌. കോവിഡ്‌ എന്ന ആഗോള മഹാമാരി ഡിജിറ്റല്‍ ഇടപാടുകളോട്‌ മുഖം തിരിച്ചുനിന്നവരെ പോലും അതിന്റെ സാധ്യതകള്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിതരാക്കി.

Also read:  കേരളത്തെ നിര്‍മല അസത്യം പറഞ്ഞ്‌ അവഹേളിക്കുന്നു

അതേ സമയം ഡിജിറ്റല്‍ ഇകോണമി സൃഷ്‌ടിക്കുക എന്ന ലക്ഷ്യം ഉയര്‍ത്തികാട്ടുന്ന കേന്ദ്രസര്‍ക്കാര്‍ തന്നെ രാഷ്‌ട്രീയ കാരണങ്ങളാല്‍ സ്വീകരിക്കുന്ന നിലപാടുകളാണ്‌ ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. ഇന്റര്‍നെറ്റ്‌ നിഷേധിക്കുന്നതിലൂടെ ഡിജിറ്റല്‍ അവകാശങ്ങളില്‍ കൈകടത്താന്‍ പലപ്പോഴും സര്‍ക്കാര്‍ മുതിരുന്നു.

വിവര സാങ്കേതിക വിദ്യാ ചട്ടങ്ങള്‍ 2021 എന്ന പേരില്‍ പുറത്തിറക്കിയ ചട്ടങ്ങളിലൂടെ ഡിജിറ്റല്‍ അവകാശങ്ങളില്‍ കൈകകടത്താനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അധികാരമാണ്‌ ഈ ചട്ടങ്ങളിലൂടെ സര്‍ക്കാര്‍ കരഗതമാക്കിയിരിക്കുന്നത്‌. ഏറ്റവുമേറെ ഇന്റര്‍നെറ്റ്‌ വിച്ഛേദം നടത്തിയ രാജ്യം എന്ന ഖ്യാതി കരസ്ഥമാക്കിയ ഇന്ത്യയിലെ സര്‍ക്കാര്‍ ഡിജിറ്റല്‍ അവകാശ ലംഘനം എന്നത്‌ തങ്ങളുടെ അജണ്ടയായി സ്വീകരിച്ചിരിക്കുന്നുവെന്നാണ്‌ ഈ ചട്ടരൂപീകരണത്തിലൂടെ വ്യക്തമാക്കുന്നത്‌. ഡിജിറ്റല്‍ ഇകോണമി സൃഷ്‌ടിക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്‌ ഇത്തരം ചട്ടങ്ങള്‍ വിഘാതം സൃഷ്‌ടിക്കുകയും ചെയ്യുന്നു.