ആശങ്കയുടെയും പ്രതീക്ഷയുടെയും തട്ടുകള്‍ മാറി മാറി താഴുകയും ഉയരുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ് നാം പുതിയ വര്‍ഷത്തിലേക്ക് കടക്കുന്നത്. കോവിഡ്-19 എന്ന മഹാമാരി മൂലം 2020 അടുത്തിടെയുണ്ടായ ഏറ്റവും മോശം വര്‍ഷമായിരുന്നുവെങ്കില്‍ 2021ല്‍ വീണ്ടും പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. അതോടൊപ്പം തന്നെ മഹാമാരിയുടെ പുതിയ വകഭേദം ആശങ്ക നിലനിര്‍ത്തുകയും ചെയ്യുന്നു.
2020ല്‍ കോവിഡ്-19 ലോകത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ നമ്മുടെ ഏവരുടെയും ജീവിതത്തിന്റെ താളം തന്നെയാണ് തെറ്റിയത്. വിവിധ കമ്പനികളുടെ വാക്സിനുകള്‍ വിതരണം ചെയ്തു തുടങ്ങുന്നതോടെ ലോകസമ്പമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയ മഹാമാരിയുടെ പിടിയില്‍ നിന്നും നാം മോചിതമാകുമെന്ന പ്രതീക്ഷയുയര്‍ന്ന സമയത്താണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. പകരാന്‍ കൂടുതല്‍ സാധ്യതയുള്ള പുതിയ വൈറസിന്റെ വരവ് ഈ പ്രതീക്ഷകളെ പിന്നോട്ടുവലിക്കുകയാണ്. ഇതോടെ നമ്മെ ആദ്യം തേടിയെത്തുന്നത് വാക്സിനോ അതോ വൈറസോ എന്ന ആശങ്ക കലര്‍ന്ന ചോദ്യമാണുയരുന്നത്. വാക്സിന്റെ പ്രതിരോധം ലഭ്യമാകുന്നതിന് മുമ്പ് വൈറസിന്റെ ആക്രമണത്തിന് നാം വിധേയമാകുമോയെന്ന ആശങ്കയോടെയാണ് നാം 2021ലേക്ക് കടക്കുന്നത്.
വാക്സിന് കുത്തിവെപ്പിന് തുടക്കമിട്ട യുഎസ് കമ്പനിയായ ഫൈസറിന് പിന്നാലെ മറ്റ് കമ്പനികളും വാക്സിന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടത്തുകയാണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കി കഴിഞ്ഞു. റഷ്യയുടെ സ്പുട്നികും ഇന്ത്യയുടെ കോവാക്സിനും താമസിയാതെ ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎസ് കമ്പനിയായ മോഡേണയും വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള വഴിയിലാണ്. വാക്സിനുകള്‍ നാല്-ആറ് വര്‍ഷത്തെ ദീര്‍ഘമായ സമയമെടുത്ത് മാത്രം ലഭ്യമാക്കുന്ന മുന്‍കാല ചരിത്രത്തെ തിരുത്തി ആറ് മാസം കൊണ്ട് കോവിഡ് വാക്സിനുകള്‍ ആളുകളിലെത്തുമ്പോള്‍ മഹാമാരി സൃഷ്ടിച്ച വിപത്ത് കരുതിയതിനേക്കാള്‍ വേഗത്തില്‍ ഒഴിഞ്ഞുപോകുമെന്ന പ്രതീക്ഷയാണ് ഉയര്‍ന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ആശങ്കക്ക് ആക്കം കൂട്ടി. ബ്രിട്ടന്‍ വീണ്ടും ലോക്ഡൗണിലേക്ക് തിരിയുമ്പോള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അടച്ചുപൂട്ടലിന്റെ വഴിയേ നീങ്ങേണ്ടി വരും. കോവിഡ് വാക്സിന്‍ പുതിയ വൈറസിന്റെ വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. യുഎസിലും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും അസട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതോടെ ഇന്ത്യയില്‍ താമസിയാതെ വാക്സിന്‍ ലഭ്യമാകുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ പ്രധാനമായും ഈ വാക്സിനിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ പങ്കാളിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലും ഈ വാക്സിന് എത്രയും വേഗം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉല്‍പ്പാദകരയ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാരുമായി കരാറിലെത്തുമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും അസട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് 50 ദശലക്ഷം ഡോസേജ് ഉല്‍പ്പാദിപ്പിച്ചു കഴിഞ്ഞു. അടുത്ത മാസങ്ങളില്‍ ഉല്‍പ്പാദനം 100 ദശലക്ഷമായി ഉയര്‍ത്താനാണ് പദ്ധതി. ഇന്ന് നടക്കുന്ന വിദഗ്ധ സമിതി യോഗത്തില്‍ കോവിഷീല്‍ഡിന് അടിയന്തിര അനുമതി നല്‍കുന്നതിനുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ പരിഗണിക്കും.
വാക്സിന്‍ ലഭ്യമാകുന്നതോടെ മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രയത്നത്തില്‍ ഒരു സുപ്രധാന ചുവടുവെപ്പ് നടത്താനാകുമെന്ന പ്രതീക്ഷയോടെ പുതിയ വര്‍ഷത്തെ വരവേല്‍ക്കാം. വായനക്കാര്‍ക്ക് ഗള്‍ഫ്ഇന്ത്യന്‍സിന്റെ പുതുവത്സരാംശംസകള്‍.