കോവിഡും അത് മൂലമുള്ള ലോക് ഡൗണും നേരത്തെ തന്നെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്നാണ് പൊതുവെയുണ്ടായിരുന്ന നിഗമനം. എന്നാല്‍ ബിസിനസുകളെ കോവിഡ് പ്രതികൂലമായി ബാധിച്ചെങ്കിലും `ഡിപ്രഷന്‍’ എന്നൊന്നും വിളിക്കാവുന്ന അവസ്ഥ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല മേഖലകളിലെയും കമ്പനികള്‍ ബിസിനസില്‍ പ്രതീക്ഷിക്കാത്ത കരകയറ്റം കൈവരിച്ചു. തീര്‍ച്ചയായും ഇത് ശുഭസൂചനയാണ്.
സമ്പദ്‌വ്യവസ്ഥയുടെ കണ്ണാടിയെന്നാണ് ബാങ്കിംഗ് മേഖലയെ വിശേഷിപ്പിക്കുന്നത്. ലോക് ഡൗണും കോവിഡ് അനന്തര മാന്ദ്യവും ഏറ്റവും കൂടുതല്‍ ബാധിക്കുക ബാങ്കുകളെയായിരിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ബാങ്കുകള്‍ കോവിഡ് കാലത്തും ബിസിനസ് മെച്ചപ്പെടുത്തുന്നുവെന്നാണ് സൂചന.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ 21 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ലോക് ഡൗണ്‍ മൂലം ആളുകള്‍ പുറത്തിറങ്ങാത്ത കാലയളവിലാണ് ഈ വായ്‌പാ വളര്‍ച്ച ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ഡെപ്പോസിറ്റുകളില്‍ 25 ശതമാനം വളര്‍ച്ചയുമുണ്ടായി. ഇരട്ടയക്ക വളര്‍ച്ച എന്ന ദീര്‍ഘകാലമായി തുടരുന്ന എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ നേട്ടം ഈ ത്രൈമാസത്തിലും കൈവരിച്ചുവെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം പുറത്തു വന്ന കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഏപ്രില്‍-ജൂണ്‍ ത്രൈമാസ പ്രവര്‍ത്തന ഫലവും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലാഭത്തില്‍ 11.45 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 81.65 കോടി രൂപയാണ് ലാഭം. ഇത് കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 73.26 കോടി രൂപയായിരുന്നു.
ലോക് ഡൗണിനു ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതും മികച്ച മണ്‍സൂണ്‍ ഗ്രാമീണ മേഖലയിലെ വായ്‌പാ ഡിമാന്റ് ഉയര്‍ത്തിയതും അനുകൂല ഘടകങ്ങളാണ്. വായ്‌പാ മൊറട്ടോറിയം എടുക്കുന്നത് കുറഞ്ഞു വരുന്നതും മറ്റൊരു അനുകൂല പ്രവണതയാണ്.
സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ മാനദണ്‌ഡങ്ങളിലൊന്ന് ജനങ്ങളുടെ ക്രയശേഷി. ലോക് ഡൗണിനു ശേഷം ക്രയശേഷി ശക്തമായി തന്നെ നിലനല്‍ക്കുന്നുവെന്നാണ് ഉപഭോഗാധിഷ്‌ഠിതമായ മേഖലകളിലെ ബിസിനസ് സംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റെഫ്രിജറേറ്റര്‍, എയര്‍കണ്ടിഷണര്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മെച്ചപ്പെട്ടു.
കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ് മേഖലയിലെ കമ്പനികളുടെ ബിസിനസ് ലോക് ഡൗണിന് അയവ് വരുത്തിയതിനു ശേഷം മെച്ചപ്പെടുന്നതായണ് വില്‍പ്പനയിലെ വളര്‍ച്ച വ്യക്തമാക്കുന്നത്. ലോക് ഡൗണില്‍ അയവ് വരുത്തിയതിനെ തുടര്‍ന്ന് ജൂണില്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ് കമ്പനികളുടെ വില്‍പ്പനയില്‍ ഏകദേശം നൂറ് ശമാനത്തോളം തിരിച്ചുവരവുണ്ടായിട്ടുണ്ട്. കോവിഡിന് മുമ്പത്തെ നിലവാരത്തിലേക്ക് ഈ കമ്പനികളുടെ വില്‍പ്പന ഏതാണ്ട് എത്തിയിട്ടുണ്ട്. മികച്ച മണ്‍സൂണ്‍, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച കൈവരിക്കാനുള്ള സാധ്യത തുടങ്ങിയ ഘടകങ്ങള്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ് ബിസിനസ് മെച്ചപ്പെട്ട നിലയില്‍ തുടരുന്നതിന് സഹായകമാകാനാണ് സാധ്യത.
കോവിഡ് കാലത്ത് ടെലികോം കമ്പനികളുടെ ബിസിനസ് മികച്ച വളര്‍ച്ച കൈവരിച്ചത് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് നെറ്റ് ഉപയോഗം കൂടിയത് ടെലികോം കമ്പനികളുടെ ബിസിനസില്‍ ഏറെ ഗുണകരമായി. വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുന്നവര്‍ മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റിലും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഡാറ്റ ഉപയോഗം വലിയ തോതില്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. കോവിഡിനു ശേഷവും ഡിജിറ്റല്‍ ലോകത്ത് ആളുകള്‍ കൂടുതല്‍ സമയം മുഴുകാനുള്ള സാധ്യത ഡാറ്റാ മേഖലയിലെ കമ്പനികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയായതോടെ കമ്പ്യൂട്ടറുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമുണ്ടായ ഡിമാന്റ് വര്‍ധനയും കോവിഡ് കാലത്തിന്റെ സംഭാവനയാണ്.
ഈ പ്രവണത പുതിയ പ്രതീക്ഷകളാണ് പകരുന്നത്. കോവിഡിന് ശേഷമുള്ള ലോകം പ്രതിസന്ധികളുടേതാണെങ്കിലും അതിനെ നേരിടാനുള്ള വഴികള്‍ നമ്മുടെ മുന്നിലുണ്ടെന്നും സമ്പദ്‌വ്യവസ്ഥ യില്‍ കരുതയതിനേക്കാള്‍ വേഗത്തില്‍ കരകയറ്റം ഉണ്ടാകുമെന്നും തന്നെയാണ് സൂചന.