English हिंदी

Blog

petrol price

 

ഇന്ധന വില കുത്തനെ ഉയരുമ്പോള്‍ സാധാരണക്കാരന്റെ വരവും ചെലവും തമ്മിലുള്ള ബാലന്‍സിംഗാണ്‌ അപകടത്തിലാകുന്നത്‌. പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ്‌ ഉയര്‍ന്നത്‌. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മിക്ക ജില്ലകളിലും 90 രൂപക്ക്‌ മുകളിലാണ്‌ പെട്രോള്‍ വില. വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂടിയതോടെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി.

കഴിഞ്ഞ ദിവസം ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 50 രൂപയാണ്‌ ഉയര്‍ത്തിയത്‌. കഴിഞ്ഞ മൂന്ന്‌ മാസങ്ങള്‍ക്കിടെ 175 രൂപയാണ്‌ സിലിണ്ടറിന്റെ വിലയിലുണ്ടായ വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിനുള്ള സബ്‌സിഡി വിതരണം കോവിഡിന്റെ പേരില്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ സാധാരണക്കാരന്റെ അടുപ്പ്‌ പുകയുന്നതിനുള്ള ചെലവ്‌ കുത്തനെ കൂടുകയാണ്‌ ചെയ്‌തത്‌.

Also read:  കേരളത്തിലെ ബിജെപിയുടെ ശക്തിയും ദൗര്‍ബല്യവും

ക്രൂഡ്‌ ഓയില്‍ വില കുത്തനെ കയറുന്നതാണ്‌ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിന്‌ കാരണം. കഴിഞ്ഞ ഒരു മാസം കൊണ്ടു മാത്രം ക്രൂഡ്‌ ഓയിലിന്റെ രാജ്യാന്തര വിലയിലുണ്ടായ വര്‍ധന 15 ശതമാനത്തോളമാണ്‌. ജനുവരി 15ന്‌ ബാരലിന്‌ 55 ഡോളറായിരുന്ന ബ്രെന്റ്‌ ക്രൂഡ്‌ ഓയില്‍ വിലയാണ്‌ ഇപ്പോള്‍ 63.25 ഡോളറിലെത്തി നില്‍ക്കുന്നത്‌.

ഈ വര്‍ധന ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പ്രതിഫലിക്കുന്നു. പെട്രോള്‍ വിലയുടെ 63 ശതമാനവും വാറ്റും എക്‌സൈസ്‌ തീരുവയുമാണ്‌. ഡീസലിന്‌ 40 ശതമാനമാണ്‌ നികുതി. വില വര്‍ധനയ്‌ക്കൊപ്പം നികുതി കുത്തനെ കൂടുന്നതാണ്‌ കോവിഡ്‌ കാലത്ത്‌ സാധാരണക്കാരന്റെ കീശ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകുന്നതിന്‌ കാരണം. നികുതിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ്‌ വരുത്താന്‍ കേന്ദ്രത്തിലെയോ സംസ്ഥാനത്തിലെയോ സര്‍ക്കാരുകള്‍ തയാറല്ല.

Also read:  വിജയേട്ടനെ വിളിക്കാന്‍ ഇപ്പോള്‍ ആ വീട്ടമ്മക്ക്‌ തോന്നുമോ?

ക്രൂഡ്‌ ഓയില്‍ വില കയറുന്നത്‌ ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ ഏറെ ദോഷകരമാണ്‌. ഇപ്പോള്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 60 ഡോളറിന്‌ മുകളിലേക്കുയര്‍ന്ന്‌ കുതിക്കുന്നത്‌ ആവശ്യമായ ക്രൂഡ്‌ ഓയിലിന്റെ നാലില്‍ മൂന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്‌. എണ്ണക്കു വേണ്ടിയുള്ള അധിക ചെലവ്‌ മൊത്തം സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ദോഷകരമായി ഭവിക്കുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും ഗതാഗത ചെലവ്‌ ഉയരുന്നത്‌ വിലക്കയറ്റത്തിനാണ്‌ വഴിവെക്കുന്നത്‌. സമ്പദ്‌ വ്യവസ്ഥയുടെ കണ്ണാടിയാണ്‌ ഓഹരി വിപണിയെന്നിരിക്കെ ക്രൂഡ്‌ ഓയില്‍ വില കയറുന്നതിന്റെ ദോഷകരമായ പ്രതിഫലനം അവിടെയുമുണ്ടാകും. ഇപ്പോള്‍ അത്‌ സംഭവിക്കാത്തത്‌ ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നതു മൂലമാണ്‌.

Also read:  ചലച്ചിത്രമേളയെ ചൊല്ലി എന്തിനു വിവാദം?

വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കരകയറ്റത്തിന്‌ ഒരുങ്ങുന്ന സമ്പദ്‌വ്യവസ്ഥയെ അത്‌ പ്രതികൂലമായി ബാധിക്കുമെന്ന്‌ സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്‌. പണപ്പെരുപ്പം ഉയരുന്ന സ്ഥിതിവിശേഷം പലിശനിരക്ക്‌ ഉയരുന്നതിനും കാരണമാകാം. പണപ്പെരുപ്പം കുത്തനെ കൂടിയാല്‍ പലിശനിരക്ക്‌ കുറയ്‌ക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ നിര്‍ബന്ധിതമാകും. അതോടെ സാമ്പത്തിക കാലാവസ്ഥ മെച്ചപ്പെടുന്നതിനുള്ള അനുകൂലമായ കാലാവസ്ഥ മാറിമറിയും.