സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് തന്റെ മുന്‍ഗാമി കോടിയേരി ബാലകൃഷ്‌ണനെ പോലെ വാക്കുകളില്‍ മിതത്വവും സ്ഥൈര്യവും പുലര്‍ത്താന്‍ അറിയില്ല. നാക്കുപിഴയുടെ പേരില്‍ കോടിയേരി ഒരിക്കലും പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടില്ല. മിതത്വത്തോടെയും പാര്‍ട്ടി ലൈന്‍ ഉള്‍ക്കൊണ്ടും വ്യക്തത നിലനിര്‍ത്തിക്കൊണ്ട് രാഷ്‌ട്രീയം പറയാന്‍ കോടിയേരി എപ്പോഴും ശ്രദ്ധിച്ചിരുന്നു. തന്റെ രാഷ്‌ട്രീയ പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുന്ന തരത്തിലുള്ള പ്രവൃത്തികളും കോടിയേരിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. തന്റെ മക്കള്‍ ചെയ്‌തു കൂട്ടിയതിനാണ് അദ്ദേഹം പലവട്ടം കുറ്റവാളിയെ പോലെ വിശദീകരണം നല്‍കേണ്ടി വന്നിട്ടുള്ളത്. സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നതും മക്കള്‍ക്കെതിരായ കേസുകള്‍ മൂലമാണ്.
കോടിയേരിയുടെ മിതത്വം ശീലിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്‌താവനകള്‍. പാര്‍ട്ടിയെ നയപരമായി വെട്ടിലാക്കുന്ന പ്രസ്‌താവനകള്‍ ഒഴിവാക്കാന്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുന്‍കാല സെക്രട്ടറിമാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള `നാടന്‍’ പ്രയോഗങ്ങളാണ് പിണറായിയെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ നയങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന അദ്ദേഹം അതില്‍ നിന്ന് വ്യത്യസ്‌തമായ നിലപാടുകളെ ദ്യോതിപ്പിക്കുന്ന പ്രസ്‌താവനകള്‍ നടത്തിയിരുന്നില്ല.
`വാ പോയ കോടാലി’ പോലെ നിരന്തരം നാക്കു പിഴ വരുത്തുന്ന വിജയരാഘവനെ താരതമ്യം ചെയ്യാവുന്നത് മുന്‍ഗാമികളായ പിണറായിയോടോ കോടിയേരിയോടോ അല്ല; ്‌്‌്‌നിലവിലുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടാണ്. പ്രസംഗവേദിയിലെ ആവേശത്തിനിടെ താന്‍ പറഞ്ഞത് എന്താണെന്ന് കൃത്യമായി ഓര്‍ക്കാന്‍ പോലും സാധിക്കാത്ത മതിഭ്രമം മുല്ലപ്പള്ളി രാമചന്ദ്രനെ ആവര്‍ത്തിച്ചു ബാധിക്കുന്നത് കാണാറുണ്ട്. പല കാര്യങ്ങളിലും കോണ്‍ഗ്രസുമായുള്ള സിപിഎമ്മിനുള്ള വ്യത്യാസം ഇല്ലാതാവുന്നത് പോലെ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളും ഒരേ ജനുസില്‍ പെട്ട `വാ പോയ കോടാലി’കളുടെ സ്വഭാവം ആര്‍ജിച്ചുതുടങ്ങിയിരിക്കുന്നു. മുല്ലപ്പള്ളിയെ പോലെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്‌താവനകളിലൂടെ വിജയരാഘവന്‍ ഈ സമാനത അതിവേഗം ആര്‍ജിച്ചിരിക്കുന്നു.
ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയേക്കാള്‍ അപകടകരമാണെന്നോ മുസ്ലിം ലീഗ് ഒരു തീവ്ര വര്‍ഗീയ പാര്‍ട്ടിയാണെന്നോയുള്ള നിലപാട് സിപിഎമ്മിനില്ല. പക്ഷേ വിജയരാഘവന്‍ ആവര്‍ത്തിച്ചു നടത്തുന്ന പ്രസ്‌താവനകള്‍ അത്തരമൊരു നിലപാട് സിപിഎമ്മിനുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ്. പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്‌തമായ അഭിപ്രായം വ്യക്തിപരമായി ആക്ടിങ് സെക്രട്ടറിക്ക് ഇക്കാര്യത്തിലുള്ളതു കൊണ്ടാണോ അദ്ദേഹം ഇത്തരം പ്രസ്‌താവനകള്‍ ആവര്‍ത്തിക്കുന്നത് എന്ന് വ്യക്തമല്ല. കാരണം പറയുന്നതെല്ലാം അദ്ദേഹം പിന്നീട് തിരുത്തുന്നുണ്ട്.
മുസ്ലിം ലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും ഹിന്ദുവര്‍ഗീയത കൊണ്ടുനടക്കുന്നവര്‍ നടത്തുന്ന തരത്തിലുള്ള പ്രസ്‌താവന നടത്തി പാര്‍ട്ടിയെ വിജയരാഘവന്‍ വെട്ടിലാക്കിയിട്ട് അധിക നാളായിട്ടില്ല. അതിനു പിന്നാലെയാണ് ഏറ്റവും തീവ്രമായത് ന്യൂനപക്ഷ വര്‍ഗീയതയാണെന്ന് അദ്ദേഹം മൊഴിഞ്ഞത്. പാര്‍ട്ടിയെ വെട്ടിലാക്കിയ ഈ പ്രസ്‌താവന നടത്തിയതിനു ശേഷം അടുത്ത ദിവസം തന്നെ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമെന്ന് തിരുത്താനും അദ്ദേഹം നിര്‍ബന്ധിതനായി.
ആശയവ്യക്തത ഇല്ലാത്ത സെക്രട്ടറിമാര്‍ സിപിഎം നേരിടുന്ന ബൗദ്ധിക നിലവാര തകര്‍ച്ചയെ ആണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടിയുടെ നിലപാടുകളെ താത്വികമായി രാകി മിനുക്കിയെടുക്കാന്‍ തന്റെ മസ്‌തിഷ്‌കത്തെ ഏറെക്കാലം സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടിനെ പോലുള്ള ബുദ്ധിരാക്ഷസന്‍മാര്‍ ഇരുന്ന സ്ഥാനം വഹിച്ചുകൊണ്ടാണ് ആശയസ്ഥിരത ഇല്ലാത്ത പ്രസ്‌താവനകള്‍ നടത്തുന്നതെന്ന് വിജയരാഘവന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.