കേരളത്തില്‍ കോവിഡ് സാമൂഹ്യ വ്യാപനം തുടങ്ങിയെന്ന് ഇതു വരെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം പെരുകുന്നത് സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് നാം നീങ്ങുന്നതിന്റെ ലക്ഷണമായി വേണം എടുക്കേണ്ടത്. കോവിഡ് ബാധിതരുടെയും ഹോട് സ്‌പോടുകളുടെയും കണ്ടെയ്‌ന്‍മെന്റ് സോണുകളുടെയും എണ്ണം ഓരോ ദിവസവും കൂടിവരുന്നത് യഥാര്‍ത്ഥത്തില്‍ പേടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ്.
എല്ലാ ജില്ലകളിലും കോവിഡ് ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തുമെന്ന് കരുതപ്പെടുന്ന മാസമാണ് ജൂലായ്. അതുകൊണ്ടു തന്നെ ജാഗ്രത ഏറ്റവും ശക്തമാക്കേണ്ട സമയമാണ് ഇത്. ഇന്ന് പുതിയ രോഗികളുടെ എണ്ണം 300 കടക്കുകയാണ് ചെയ്‌തത്. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്.
ലോക് ഡൗണിന് അയവ് വരുത്തുകയും അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങുകയും ചെയ്‌തതോടെയാണ് കോവിഡ് വ്യാപനം ശക്തമായത്. `അണ്‍ലോക്ക്’ കാലത്താണ് ലോക് ഡൗണ്‍ കാലത്തേതിനേക്കാള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത്. രോഗവ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടത് `അണ്‍ലോക്ക്’ ഘട്ടത്തിലാണ്. എന്നാല്‍ ലോക് ഡൗണ്‍ കാലത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ പിന്തുടര്‍ന്ന സര്‍ക്കാര്‍ `അണ്‍ലോക്ക്’ ഘട്ടത്തില്‍ പരിശോധനകള്‍ക്കും അയവ് ഏര്‍പ്പെടുത്തുകയാണ് ചെയ്‌തത്. രോഗികളുമായി സമ്പര്‍ക്കമുള്ളവരില്‍ ലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്നത് സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം കൂടാന്‍ കാരണമായിട്ടുണ്ടാകണം. സംസ്ഥാനത്തെ പരിശോധനകള്‍ ദേശീയ ശരാശരിയേക്കാള്‍ താഴേക്ക് വന്ന സ്ഥിതിയുമുണ്ടായി.
വിദേശ രാജ്യങ്ങളിലും അണ്‍ലോക്ക് ഘട്ടത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രാദേശികാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നുണ്ട്. അതേ സമയം ജനസാന്ദ്രത വളരെ കൂടുതലുള്ള കേരളം രോഗികളുടെ എണ്ണം കൂടുന്ന പ്രവണതയെ കുറെ കൂടി ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. നിയന്ത്രണ മേഖലകള്‍ വ്യാപിച്ചു വരുമ്പോള്‍ സ്വയം പ്രതിരോധത്തെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുക തന്നെ ചെയ്യണം. സര്‍ക്കാരിന് ചെയ്യാവുന്നതിന് പരിമിതികളുണ്ട്.
തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് സമാനമായ ട്രിപ്പിള്‍ ലോക് ഡൗണ്‍ എറണാകുളത്തും നടപ്പിലാക്കേണ്ടി വരുമെന്നാണ് സൂചന. യാതൊരു മുന്നറിയിപ്പുമില്ലാതെ ആയിരിക്കും ട്രിപ്പിള്‍ ലോക് ഡൗണ്‍ നടപ്പിലാക്കേണ്ടി വരികയെന്നാണ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറയുന്നത്. തിരുവനന്തപുരത്തും അതു തന്നെയായിരുന്നു സ്ഥിതി. ചില മന്ത്രിമാര്‍ പോലും തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമാനമായ രീതിയിലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ എറണാകുളത്തും നടപ്പിലാക്കുന്നതെങ്കില്‍ തിരുവന്തപുരത്ത് സംഭവിച്ച പാളിച്ചകളുടെ വെളിച്ചത്തില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. തിരുവന്തപുരത്ത് ജനങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം പോലീസ് എത്തിക്കുമെന്നായിരുന്നു വാഗ്‌ദാനം. പൊലീസിന്റെ സകല നമ്പരുകളിലും വിളിച്ച് ജനങ്ങള്‍ ഓര്‍ഡര്‍ നല്‍കി തുടങ്ങിയതോടെ കാക്കി പട വലഞ്ഞു. ഒരു സുപ്രഭാതത്തില്‍ പൊലീസ് സേനയ്‌ക്ക് സപ്ലൈ ചെയ്‌നായി തീരാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് അധികാരികള്‍ക്കുണ്ടാകണമായിരുന്നു. പിന്നെ കടകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും അതിന് നിശ്ചിത സമയം മാത്രം അനുവദിച്ചതോടെ സാമൂഹിക അകലമൊക്കെ പാഴ്‌വാക്കാക്കി ജനം ഇടിച്ചു കയറുകയാണ് ചെയ്‌തത്.
ട്രിപ്പിള്‍ ലോക് ഡൗണ്‍ ഇനി ഏതെങ്കിലു പ്രദേശത്ത് നടപ്പിലാക്കുകയാണെങ്കില്‍ ഇത്തരം പ്രായോഗിക പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞുള്ള ബുദ്ധിപൂര്‍വമായ നടപടികള്‍ കൈകൊള്ളണം. മുന്നറിയിപ്പില്ലാതെയാകും എറണാകുളത്തും ട്രിപ്പിള്‍ ലോക് ഡൗണ്‍ നടപ്പിലാക്കുകയെന്ന് മന്ത്രി പറയുമ്പോള്‍ തിരുവനന്തപുരത്തെ അബദ്ധം എറണാകുളത്തും ആവര്‍ത്തിക്കുമോ എന്ന ചോദ്യം സ്വാഭാവികമാണ്.
ജനങ്ങളുടെ ബോധവും ബോധ്യവും കുറച്ചു കൂടി ഉയരേണ്ട സമയം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. വാർത്തയേക്കാൾ വേഗത്തിൽ രോഗം പടരുമ്പോൾ പൊതുജനവും കരുതലോടെ ഇരിക്കണം. സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും നമ്മുടെ കയ്യിലാണ്. ഏതൊരു സർക്കാരിനും ചെയ്യുന്നതിന് ഒരു പരിധിയുണ്ടെന്നു ഇറ്റലിയും ഫ്രാൻസും അമേരിക്കയും തെളിവുകളായി നമ്മുടെ മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചും



















