ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു നടുക്കുന്ന കൊലപാതക വാര്‍ത്ത കൂടി എത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം കുറ്റകൃത്യങ്ങളുടെ പേരില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഉത്തര്‍പ്രദേശിലെ ഹത്രസ് ജില്ലയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചുകൊന്നുവെന്ന വാര്‍ത്ത ഈ സംസ്ഥാനത്ത് നിലനില്‍ക്കുന്ന കൊടിയ അക്രമവാസനയുടെ മറ്റൊരു ഉദാഹരണമാണ്.
2018ല്‍ തന്റെ മകള്‍ പീഡനത്തിന് ഇരയായി എന്ന് പരാതി നല്‍കിയ അംബരീഷ് എന്ന അമ്പതുകാരന് മകളെ പീഡിപ്പിച്ചവന്റെ കൈകളാല്‍ തന്നെ മരണം വരിക്കേണ്ടി വരികയായിരുന്നു. പരാതിയെ തുടര്‍ന്ന് കുറച്ചുകാലം ജയിലില്‍ കഴിയേണ്ടി വന്ന പ്രതി ഗൗരവ് ശര്‍മ കഴിഞ്ഞ ദിവസമുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാ ണ് ഈ ക്രൂരകൃത്യം ചെയ്‌തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഇതുവരെ നീതി ലഭിക്കാന്‍ യാതൊരു നടപടികളും സ്വീകരിക്കാത്ത പൊലീസ് ഈ കൊലപാതക കൃത്യത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഹത്രസില്‍ തന്നെ കഴിഞ്ഞ വര്‍ഷം ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബലം പ്രയോഗിച്ച് രാത്രി വൈകിയ നേരത്ത് സംസ്‌കരിച്ചതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചതാണ് ഉത്തര്‍പ്രദേശ് പൊലീസ്. ഈ സംഭവത്തെ തുടര്‍ന്ന് സിബിഐ അന്വേഷണം എന്ന നാടകത്തിന് ഉത്തരവിടുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്‌തത്. പെണ്‍കുട്ടിക്ക് പീഡനമേറ്റിട്ടില്ലെന്ന വ്യാജപ്രചാരണം നടത്താനാണ് അന്ന് സര്‍ക്കാര്‍ മുതിര്‍ന്നത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി)യുടെ കണക്ക് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ക്കെതിരായ അക്രമം നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ക്രൂരകൃത്യങ്ങളുടെയും ജാതികൊലകളുടെയും നാട് എന്ന പേര് കുറെകാലമായി ഉത്തര്‍പ്രദേശിന് സ്വന്തമാണ്. ബിജെപിയുടെ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനു ശേഷം അക്രമസംഭവങ്ങള്‍ ഈ സംസ്ഥാനത്ത് വര്‍ധിക്കുകയാണ് ചെയ്‌തത്.
ഹത്രസിലെയും ഉന്നാവിലെയും പെണ്‍കുട്ടികള്‍ ഉത്തര്‍പ്രദേശിലെ സ്‌ത്രീകള്‍ക്കെതിരായ അക്രമ സംഭവങ്ങളില്‍ പീഡിതര്‍ക്ക് നീതി ലഭിക്കാതെ പോകുന്നതിന് പൊലീസ് ഗൂഢാലോചന നടത്തുന്നു എന്ന് വിളിച്ചു പറയുകയാണ് ചെയ്യുന്നത്. 2017ല്‍ എംഎല്‍എയുടെ വീട്ടില്‍ വെച്ച് പീഡനത്തിന് ഇരയായെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയും കുടുംബവും പിന്നീട് നിരന്തരം വേട്ടയാടപ്പെട്ടു. കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട അംബരീഷിന്റെ മകള്‍ നീതിക്കു വേണ്ടി യാചിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കരയുന്ന വീഡിയോ വൈറലായിരുന്നു.
ഇത്രയേറെ അക്രമസംഭവങ്ങളും സ്‌ത്രീവിരുദ്ധതയും നിലനില്‍ക്കുന്ന ഈ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്വന്തം നാട് എന്ന് വിളിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനും ബിജെപി നേതാക്കളും തയാറാകുമോ? കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നിര്‍മലാ സീതാരാമന്‍ നമ്മുടെ സംസ്ഥാനത്തെ പരാമര്‍ശിച്ചുകൊണ്ട് കൊലപാതകങ്ങളുടെ നാടിനെ എങ്ങനെയാണ് ദൈവത്തിന്റെ നാട് എന്ന് വിശേഷിപ്പിക്കുക എന്നാണ് ചോദിച്ചത്. കുറ്റകൃത്യങ്ങളുടെ എണ്ണവും അവ കൈകാര്യം ചെയ്യുന്ന രീതിയും പരിഗണിക്കുമ്പോള്‍ കേരളം എത്രയോ ഭേദമാണ്. നിര്‍മലാജിയുടെ പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ മുന്നോക്കാവസ്ഥ വളരെ വ്യക്തവുമാണ്. എന്നിട്ടും ആ പ്രാകൃത സംസ്ഥാനത്തെ മഹത്തായ ഭരണം നിലനില്‍ക്കുന്ന പ്രദേശമായി വാഴ്‌ത്തുകയാണ് ബിജെപി ചെയ്യുന്നത്.



















