Web Desk
രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ജോലിയില്‍ നിന്നുള്ള വരുമാനമില്ലാതെ ഒരു മാസത്തിലേറെ കഴിഞ്ഞുകൂടുക പ്രയാസമാണെന്ന് ഐഐഎന്‍സ്-സീ വോട്ടര്‍ എകണോമിക് ബാറ്ററി സര്‍വേയിലെ വെളിപ്പെടുത്തല്‍ ലോക് ഡൗണിന്റെ പ്രത്യാഘാതങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സമൂഹത്തിലെ താഴേതട്ടിലുള്ള ജനങ്ങളുടെ കൈയില്‍ സര്‍ക്കാര്‍ നേരിട്ട് പണമെത്തിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഈ സര്‍വേ ബോധ്യപ്പെടുത്തുന്നത്. സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായ ഉപഭോഗത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഘടകമാണ് ജനങ്ങളുടെ വരുമാന ചോര്‍ച്ച.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പൊതുവെയു ണ്ടായിരുന്ന പ്രതീക്ഷ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുമെന്നതായിരുന്നു. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുമെന്നും യുവാക്കള്‍ക്ക് ആഹ്ലാദിക്കാന്‍ മോദി ഏറെ വക നല്‍കുമെ ന്നുമൊക്കെ പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം കൊണ്ടുവന്ന നോട്ട് നിരോധനവും ജിഎസ്‌ടിയുമാണ് നേരത്തെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക് വിഘാതമായത്. നോട്ട് നിരോധനം സാധാരണ ബിസിനസ് സമൂഹത്തിന്റെ നട്ടെ ല്ല് തകര്‍ത്തു. പല കൊച്ചു ബിസിനസുകളും ഇല്ലാതായി. ജിഎസ്‌ടി നികുതി വ്യവസ്ഥയെ തീര്‍ത്തും സങ്കീര്‍ണമാക്കി. ബിസിനസുകള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനെ തന്നെ അത് പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഒരു വിധം കരകയറാന്‍ നാം ശ്രമിക്കുന്നതിനിടെയാണ് കൊറോണയുടെ ആക്രമണമുണ്ടായത്. ഇതോടെ സാമ്പത്തിക നില കൂനിന്മേല്‍ കുരു വന്ന സ്ഥിതിയിലായി.
ഏകദേശം 11 കോടി ആളുകള്‍ക്കാണ് സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തൊഴില്‍ നല്‍കുന്നത്. ഈ മേഖലയുടെ കരകയറ്റം അടിസ്ഥാന സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്തതാണ്. അതേ സമയം ഈ മേഖലയിലെ മൂന്നിലൊന്ന് സംരംഭങ്ങളും പൂട്ടിതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി നഷ്‌ടപ്പെടുന്നത് നേരിട്ടും അല്ലാതെയുമുള്ള കോടി കണക്കിന് തൊഴിലുകളാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ജനസംഖ്യയിലെ യുവാക്കളുടെ ഉയര്‍ന്ന പ്രാതിനിധ്യം സൃഷ്‌ടിക്കുന്ന അളവറ്റ അവസരങ്ങളാണ്. ഈ വിഭവശേഷിയെ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയാണെങ്കില്‍ മാത്രമേ സമ്പദ്‌വ്യവസ്ഥയില്‍ മികച്ച മാറ്റങ്ങളുണ്ടാകുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മൂന്ന്-നാല് വര്‍ഷങ്ങളായി തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ ഏറെ പിന്നിലേക്ക് പോകുകയാണ് നാം ചെയ്‌തത്.
45 വര്‍ഷത്തെ ഉയര്‍ന്ന തൊഴിലില്ലായ്‌മാ നിരക്കാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. തൊഴി ല്‍ വിപണിയും ചെറുകിട ബിസിനസ് സമൂഹവും നേരിടുന്ന ഈ പ്രതിസന്ധിയുടെ സമയത്താണ് കൊറോണയെത്തിയത്. ലോക്ക് ഡൗണ്‍ നീട്ടിവെക്കുന്നതിലൂടെ അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്‌തത്.
മോദി സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്ന നയം തീവ്രമായ ക്രോണി കാപ്പിറ്റലിസത്തിന്റെ വഷളന്‍ മാതൃകയാണ്. വന്‍കിട കമ്പനികള്‍ക്ക് മാത്രം അനുയോജ്യമായ നിലയിലേക്ക് ഇന്ത്യയിലെ ബിസിനസ് സമൂഹം തകരുന്നത് നിരാശാജനകമായ കാഴ്‌ചയാണ്. ക്രോണി കാപ്പിറ്റലിസമല്ല ഇന്ത്യയുടെ സമഗ്രമായ വളര്‍ച്ചയ്‌ക്ക് വേണ്ടത്. ഇന്ത്യയുടെ പ്രത്യേകതയായി എടുത്തു പറയാവുന്ന ചെറുകിട ബിസിനസിനുള്ള അന്തമില്ലാത്ത അവസരങ്ങളാണ് ഇല്ലാതാകുന്നത്. ഒരു മാസത്തിലേറെ ജോലിയില്ലാതെ കഴിഞ്ഞുകൂടാന്‍ സാധിക്കാത്ത രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ വന്‍കിട കമ്പനികള്‍ക്ക് സാധിക്കില്ല. അതിന് ചെറുകിട സംരംഭങ്ങള്‍ വളര്‍ന്നേ മതിയാകൂ. പക്ഷേ ഈ യാഥാര്‍ത്ഥ്യമൊന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നില്ല.