തിരഞ്ഞെടുപ്പുകളില്‍ മത ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള തന്ത്രങ്ങള്‍ നടപ്പിലാക്കുന്ന രീതി ശക്തമാവുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തീവ്രവാദ സ്വഭാവമുള്ള ജമായത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ട യുഡിഎഫ് ഈ തന്ത്രത്തിന്റെ മലിനവും ജീര്‍ണിച്ചതുമായ രൂപമാണ് മുന്നോട്ടുവെച്ചത്. രാഷ്‌ട്രീയ പ്രതിച്ഛായക്ക് ഒരു തരത്തിലും ഉപകരിക്കാത്ത ഈ സഖ്യം കൊണ്ട് യുഡിഎഫിന് ഒരു ഗുണവും ഉണ്ടായില്ല. മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ രൂപപ്പെടുത്തിയ ഈ സഖ്യം യുഡിഎഫിന് തിരിച്ചടിയായി. ഈ അനുഭവം മുന്‍നിര്‍ത്തി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ കാര്‍ഡ് കളിക്കൊനൊരുങ്ങുകയാണ് യുഡിഎഫ്.
ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി മറികടക്കാനായി നിയമനിര്‍മാണം നടത്തുമെന്ന യുഡിഎഫിന്റെ വാഗ്‌ദാനം മതപ്രീണന രാഷ്‌ട്രീയം എന്ന വ്യക്തമായ അജണ്ട മുന്‍നിര്‍ത്തിയുള്ളതാണ്. ന്യൂനപക്ഷ പ്രീണന ശ്രമം ഗുണം ചെയ്യാത്ത സാഹചര്യത്തില്‍ നേരത്തെ ഏറെ ഫലപ്രദമായി ഭവിച്ചിട്ടുള്ള ഭൂരിപക്ഷ പ്രീണനം എന്ന തന്ത്രം വീണ്ടും പയറ്റാനൊരുങ്ങുകയാണ് യുഡിഎഫ്.
ശബരിമലയില്‍ സ്‌ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് യുഡിഎഫിന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്‌തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊന്‍പത് സീറ്റും ജയിക്കുക എന്ന സ്വപ്‌നസമാനമായ നേട്ടം യുഡിഎഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ വന്‍വിജയത്തിന് പ്രധാന സംഭാവന ചെയ്‌തത് ശബരിമലയില്‍ സ്‌ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും വ്യത്യസ്‌ത നിലപാടുകളാണ്. പരമ്പരാഗതമായ ആചാരങ്ങള്‍ നിലനിന്നുപോരണമെന്ന് ആഗ്രഹിക്കുന്ന യാഥാസ്ഥിതിക ഹിന്ദുക്കള്‍ കൂട്ടത്തോടെ യുഡിഎഫിന് വോട്ട് ചെയ്‌തുവെന്നാണ് ഇലക്ഷനിലെ വോട്ടിംഗ് പാറ്റേണ്‍ തെളിയിക്കുന്നത്. ഈ വിഷയത്തില്‍ സമാനമായ നിലപാട് സ്വീകരിച്ചിട്ടും കേരളത്തിലെ സവിശേഷമായ രാഷ്‌ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ലഭിക്കാതെ പോയതും യുഡിഎഫിന് അനുകൂലമായി.
ഈ അപ്രതീക്ഷിത വിജയത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ച ഘടകങ്ങളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി മറികടക്കാനായി നിയമനിര്‍മാണം നടത്തുമെന്ന യുഡിഎഫിന്റെ വാഗ്‌ദാനം. നേരത്തെ ശബരിമലയിലെ സ്‌ത്രീ പ്രവേശനം അനുവദിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലം പിന്‍വലിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റൊന്ന് സമര്‍പ്പിച്ചതാണ് പ്രവേശനത്തിന് അനുകൂലമായി വിധി ഉണ്ടാകാന്‍ കാരണമെന്നാണ് യുഡിഎഫിന്റെ വാദം. എന്നാല്‍ ഈ പ്രീണന കാര്‍ഡ് എത്രത്തോളം നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വിധി വന്ന സമയത്ത് സജീവ ചര്‍ച്ചക്കും പ്രക്ഷോഭങ്ങള്‍ക്കും വിഷയമായതുപോലുള്ള ഒരു സാഹചര്യമല്ല ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ആ വിഷയം കുഴിമാന്തി കൊണ്ടുവരുന്നതുകൊണ്ട് യുഡിഎഫ് വലിയ നേട്ടമുണ്ടാക്കാനുള്ള സാധ്യത കുറവാണ്.
തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഏത് വില കുറഞ്ഞ മതപ്രീണന തന്ത്രവും പയറ്റുന്ന രീതി മതേതര കക്ഷികള്‍ക്ക് ചേര്‍ന്നതല്ല. ദേശീയതലത്തില്‍ മതേതരത്വത്തിന്റെ സംരക്ഷകരാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് അത് ഒട്ടും അനുയോജ്യമല്ല.


















