ഇന്ത്യയിലെ 30 കോടി ജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്തുമെന്നാണ് ഈ മാസം ആദ്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. മൂന്ന് കോടി പേര്‍ക്ക് ഉടനെയും ബാക്കി 27 കോടി പേര്‍ക്ക് ജൂലൈയോടെയും വാക്‌സിന്‍ ലഭ്യമാകുമെന്നായിരു ന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്റെ പ്രഖ്യാപനം. എന്നാല്‍ കുത്തിവെപ്പ് പ്രതീക്ഷിച്ച വേഗത്തില്‍ നടത്താനാകാതെ ഇഴഞ്ഞുനീങ്ങുന്നതാണ് ഇതുവരെയുള്ള അനുഭവം.
ലക്ഷ്യമാക്കിയ അത്രയും ആളുകള്‍ക്ക് കുത്തിവെപ്പ് നടത്തുന്നതില്‍ ഇതുവരെ നമ്മുടെ രാജ്യത്ത് തികഞ്ഞ വീഴ്‌ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ കേന്ദ്രമന്ത്രി പറഞ്ഞ ലക്ഷ്യം കൈവരിക്കാന്‍ ദീര്‍ഘസമയമെടുക്കും. വാക്‌സിന്‍ ലഭിക്കുന്നതിനു വേണ്ടി മാസങ്ങളോളം കാത്തിരുന്നതിനു ശേഷം അത് ലഭ്യമായപ്പോള്‍ കുത്തിവെപ്പ് വ്യാപകമാക്കുന്നതില്‍ തികഞ്ഞ പരാജയമാണ് ഉണ്ടായത്.
സാധാരണ നിലയില്‍ വര്‍ഷങ്ങളുടെ പരീക്ഷണഘട്ടത്തിനു ശേഷം മാത്രമാണ് വാക്‌സിന് അനുമതി നല്‍കുന്നത്. ആറോ ഏഴോ വര്‍ഷം നീളുന്ന ട്രയലിന്റെ സ്ഥാനത്ത് ആറോ ഏഴോ മാസം കൊണ്ട് കോവിഡ് വാക്‌സിന്റെ പരീക്ഷണഘട്ടം അവസാനിപ്പിച്ചു. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വാക്‌സിന്റെ വിജയസാധ്യതയെ കുറിച്ച് സംശയം സൃഷ്‌ടിച്ചിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുക പോലും ചെയ്യുന്നതിന് മുമ്പ് ഇന്ത്യയുടെ തദ്ദേശീയ വാക്‌സിന് അനുമതി നല്‍കിയത് ഈ സംശയത്തിനും ആശങ്കക്കും ആക്കം കൂട്ടി. വാക്‌സിന്‍ ആദ്യം വികസിപ്പിച്ച ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്കും സ്ഥാനമുണ്ടെന്ന് അറിയിക്കാനുള്ള വെമ്പലില്‍ ധൃതി പിടിച്ച തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടത്.
സാധാരണ നിലയില്‍ വേണ്ടിവരുന്ന പരീക്ഷണ കാലയളവിന്റെ പത്തിലൊന്ന് മാത്രം സമയമെടുത്ത് ട്രയല്‍ പൂര്‍ത്തിയാക്കി പുറത്തിറക്കിയിരിക്കുന്ന കോവിഡ് വാക്‌സിന്റെ വിജയസാധ്യതയെ കുറിച്ച് സംശയമുയരുമ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്താനായി രാഷ്‌ട്രതലവന്‍മാര്‍ തന്നെ ആദ്യം കുത്തിവെപ്പ് സ്വീകരിച്ച് മാതൃക കാട്ടുകയാണ് ചെയ്യേണ്ടത്. യുഎസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതിന് മുമ്പു തന്നെ എഴുപതു പിന്നിട്ട ജോ ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്‌മിര്‍ പുട്ടിനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്‌ട്രങ്ങളുടെ തലവന്‍മാര്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്ത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി. എന്നാല്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യഘട്ട വാക്‌സിന്‍ കുത്തിവെപ്പില്‍ നിന്ന് മാറിനില്‍ക്കുകയാണ് ചെയ്‌തത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പൊതുപ്രവര്‍ത്തകര്‍ അടുത്ത ഘട്ടത്തില്‍ മാത്രം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചപ്പോള്‍ ജനങ്ങളില്‍ വിശ്വാസം സൃഷ്‌ടിക്കാനുള്ള അവസരമാണ് കളഞ്ഞുകുളിച്ചത്. ലോകത്തിലെ പ്രമുഖ രാഷ്‌ട്ര തലവന്‍മാര്‍ കുത്തിവെപ്പ് സ്വീകരിച്ച് മാതൃക കാട്ടിയപ്പോള്‍ മോദി മാറിനിന്നതിനെ കുറിച്ച് പ്രചരിച്ച വിമര്‍ശനങ്ങളും ട്രോളുകളും വാക്‌സിനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുത്തനെ കുറയുന്നതിന് കാരണമായി. ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിക്കുന്നുവെന്ന് നടിക്കുന്നതായി ചിത്രീകരിക്കുന്ന വീഡിയോകള്‍ വൈറലായപ്പോള്‍ കുത്തിവെപ്പില്‍ നിന്ന് പിന്‍വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു.
പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടയാളാണ് ഒരു രാഷ്‌ട്രത്തിന്റെ ഭരണതലവന്‍. പ്രധാനമന്ത്രിയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഒരു ഡോസ് വാക്‌സിന്‍ ആദ്യമേ സ്വീകരിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട മുന്‍ഗണന ഇല്ലാതായി പോകില്ല. ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലും തങ്ങള്‍ക്ക് ലഭിച്ച മുന്‍ഗണനയെ സംശയത്തോടെ കാണുന്നത് ഭരണയന്ത്രം ചലിപ്പിക്കുന്നവരുടെ യുക്തിശൂന്യമായ തീരുമാനം കാരണമാണ്. അത് തിരുത്താനും പ്രധാനമന്ത്രി ഉടന്‍ വാക്‌സിന്‍ സ്വീകരിക്കാനുമാണ് ഈ അവസരത്തില്‍ തയാറാകേണ്ടത്.