തിരുവനന്തപുരം:വിഴിഞ്ഞം ഹാർബർ മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഇന്ന് ആന്‍റിജൻ പരിശോധന നടത്തും. വെങ്ങാനൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കും ഭാര്യക്കും രണ്ടു മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടുവെന്നു കരുതുന്ന ഓട്ടോറിക്ഷക്കാരെയും അനുബന്ധവാഹനങ്ങൾ ഓടിക്കുന്നവരെയുമാണ് വിഴിഞ്ഞം മുക്കോല പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ നേത്യത്വത്തിൽ പരിശോധിക്കുക.
കൂടാതെ കോവിഡ് പോസിറ്റീവ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള വസ്ത്രവിൽപ്പന കടയിലെ ജീവനക്കാരിയായ കോട്ടപ്പുറം സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയും ആരോഗ്യപ്രവർത്തകർ കണ്ടെത്താൻ ശ്രമം നടത്തുകയാണ്. വെങ്ങാനൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ പൂന്തുറയിൽ നിരവധിത്തവണ സഞ്ചരിച്ചിട്ടുണ്ട്. വിഴിഞ്ഞം പോലീസ് സ്റ്റേഷനു സമീപമുള്ള സ്റ്റാൻഡിലാണ് ഇയാൾ ഓട്ടോയുമായെത്തുക. ഇവിടെനിന്ന് പൂന്തുറ സ്വദേശികളായ യാത്രക്കാരുമായി പലപ്പോഴും അവിടേക്കു പോയിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് വർഗീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് വിഴിഞ്ഞം ഇൻസ്‌പെക്ടർ ബി.എസ്.പ്രവീൺ, എസ്.ഐ. സജി എസ്.എസ്., കമ്യൂണിറ്റി റിലേഷൻ ഓഫീസർ തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞം ചന്ത കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ആന്‍റിജൻ പരിശോധന നടത്താൻ തീരുമാനിച്ചത്.


















