Web Desk
ഡല്‍ഹി: ഗുരുഗ്രാമില്‍ വെട്ടുകിളി ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തി. ഇന്ന് വെെകിട്ടോടെ വെട്ടുകിളികള്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്. വെട്ടുകിളി ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പെെലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെട്ടുകിളി ഭീഷണിയുളളതിനാല്‍ ടേക്ക്ഓഫിന്‍റെയും ലാന്‍ഡിങ്ങിന്‍റെയും സമയത്ത് പെെലറ്റുമാര്‍ മുൻകരുതലുകള്‍ എടുക്കണമെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദേശം.
രാവിലെയാണ് വെട്ടുകിളികള്‍ പഞ്ചാബില്‍ നിന്നും ഗുരുഗ്രാമിലെത്തിയത്. ഗുരുഗ്രാമില്‍ വെട്ടുകിളികളുടെ ആക്രമണത്തിന്‍റെ വീഡിയോകള്‍ ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതേസമയം ഡൽഹിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വെട്ടുകിളികളുടെ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു. ഡൽഹിയുടെ ദക്ഷിണ – പശ്ചിമ ഭാഗത്തുള്ള 70 ഗ്രാമങ്ങളിലെ കർഷകർക്ക് വെട്ടുകിളികളെ തുരത്തുന്നതിനായുള്ള പരിശീലനം നൽകിയിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളികള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഇപ്പോള്‍ നീങ്ങിയിരിക്കുകയാണ്.
#WATCH Swarms of locusts seen in areas along Gurugram-Dwarka Expressway today. pic.twitter.com/UUzEOSZpCp
— ANI (@ANI) June 27, 2020