നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ രാജ്യം 23.9 ശതമാനം സാമ്പത്തിക തളര്‍ച്ച നേരിട്ടത് കോവിഡ് കാലത്തെ ആശങ്കകള്‍ക്ക് ശക്തിയേകുകയാണ് ചെയ്യുന്നത്. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ എന്തുചെയ്യുന്നുവെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഉത്തരങ്ങള്‍ തൃപ്‌തികരമല്ല.
മുന്‍വര്‍ഷം ഒന്നാം ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 23.9 ശതമാനം കുറയുകയാണ് ചെയ്‌തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് കുറയുന്ന പ്രതിഭാസമാണ് കണ്ടിരുന്നത്. കോവിഡ് കാലത്ത് എത്തുമ്പോഴേക്കും വളര്‍ച്ച അപ്രത്യക്ഷമാവുകയും തളര്‍ച്ച ആരംഭിക്കുകയും ചെയ്‌തിരിക്കുന്നു.
കൊറോണയുടെ ആക്രമണം ഉണ്ടാകുന്നതിന് മുമ്പു തന്നെ നമ്മുടെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായ സ്ഥിതിയിലാണ്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ മൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞത് സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ രൂക്ഷമായി ബാധിച്ചു. വിവിധ പഠനറിപ്പോര്‍ട്ടുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ സാമ്പത്തിക തളര്‍ച്ചയാണ് രാജ്യം ഒന്നാം ത്രൈമാസത്തില്‍ നേരിട്ടത്. കാര്‍ഷിക രംഗം മാത്രമാണ് വളര്‍ച്ച നേടിയത്. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പതിവിനേക്കാള്‍ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. മികച്ച മണ്‍സൂണ്‍ ലഭിച്ചതാണ് കാര്‍ഷികരംഗം വളര്‍ച്ച നേടുന്നതിന് വഴിയൊരുക്കിയത്.
നടപ്പു സാമ്പത്തിക വര്‍ഷം 10.9 ശതമാനം സാമ്പത്തിക തളര്‍ച്ചയായിരിക്കും രാജ്യം നേരിടുകയെന്നാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജൂലൈ-സെപ്‌റ്റംബര്‍ ത്രൈമാസത്തിലും തളര്‍ച്ച തുടരുമെന്നാണ് റിപ്പോര്‍ട്ടി ലെ പ്രവചനം.
തളര്‍ച്ച പ്രതീക്ഷിച്ചിരുന്നുവെങ്കിലും സമ്പദ്‌വ്യവസ്ഥ കരുതിയതിനേക്കാള്‍ കൂടുതല്‍ ദുര്‍ബലാവസ്ഥയിലായതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. കോവിഡിന് മുമ്പു തന്നെ സമ്പദ്‌വ്യവസ്ഥയുടെ നില മോശമായിരുന്നു. നോട്ട് നിരോധനവും ജിഎസ്‌ടി നടപ്പിലാക്കിയതിലെ പാളിച്ചകളും മൂലം സമ്പദ്‌വ്യവസ്ഥ തീര്‍ത്തും മല്ലിടുന്ന സാഹചര്യമാണ് നാം ഏതാനും വര്‍ഷങ്ങളായി നേരിടുന്നത്. 45 വര്‍ഷത്തെ ഉയര്‍ന്ന തൊഴിലില്ലായ്‌മാ നിരക്കാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. തൊഴില്‍ വിപണിയും ചെറുകിട ബിസിനസ് സമൂഹവും പ്രതിസന്ധിനേരിടുന്ന സമയത്താണ് കൂനിന്മേല്‍ കുരു എന്ന പോലെ കൊറോണയെത്തിയത്. ലോക്ക് ഡൗണ്‍ നീട്ടിവെക്കുന്നതിലൂടെ അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്‌തത്.
ഇന്ത്യയുടെ പ്രത്യേകതയായി എടുത്തു പറയാവുന്ന ചെറുകിട ബിസിനസിനുള്ള അന്തമില്ലാത്ത അവസരങ്ങളാണ് ഇല്ലാതാകുന്നത്. സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അതിതീവ്ര പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി ചെയ്യേണ്ട സമയത്ത് തീര്‍ത്തും ഉപരിതല സ്‌പര്‍ശിയായ ഇടപെടലുകള്‍ മതിയാകില്ല. കോവിഡ്-19 സൃഷ്‌ടിച്ച പ്രത്യാഘാതങ്ങളും ലോക്ക് ഡൗണും മൂലം ഡിമാന്റ് തീര്‍ത്തും ഇല്ലാതായ വിപണിയെ ചലിപ്പിക്കാന്‍ വേണ്ട ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.
മെയ് മാസത്തില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ `ആത്മനിര്‍ഭര്‍ ഭാരത്’ ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജ് ആണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ പാക്കേജിനു വേണ്ടി സര്‍ക്കാരിന്റെ കൈയില്‍ നിന്ന് പുതുതായി വരുന്ന ചെലവ് വെറും ഒന്നര ലക്ഷം കോ ടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചപ്പോള്‍ പോലും 1.45 ലക്ഷം കോടി രൂപ സര്‍ക്കാരിന് ചെലവ് വന്നിരുന്നു. ഏതാണ്ട് അത്രയും തുക മാത്രമാണ് `ആത്മനിര്‍ഭര്‍’ പാക്കേജില്‍ വരുന്ന സര്‍ക്കാരിന്റെ ചെലവ്. അതായത് ജിഡിപിയുടെ 1-1.2 ശതമാനം മാത്രം. ഇത്തരമൊരു പദ്ധതി കൊണ്ട് ഇപ്പോഴത്തെ അതീവ ഗുരുതരമായ സാമ്പത്തിക തളര്‍ച്ചയെ ഇല്ലാതാക്കാനാകില്ല.
ദീര്‍ഘകാല വീക്ഷണത്തോടെയുള്ള ഒരു യഥാര്‍ത്ഥ പാക്കേജ് ഇനിയെങ്കിലും സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ മാത്രമേ സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് നമുക്ക് കരകയറാനാകൂ.