English हिंदी

Blog

 

രാഷ്‌ട്രീയ പ്രതിച്ഛായയെ മികച്ച മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളിലൂടെ പര്‍വതീകരിക്കുന്നതില്‍ ഒരു പക്ഷേ ലോകനേതാക്കളില്‍ തന്നെ മുന്‍നിരയിലായിരിക്കും നരേന്ദ്ര മോദി. രാജ്യത്തിനകത്തും പുറത്തും തന്റെ പ്രതിച്ഛായയെ അവസരം ലഭിക്കുമ്പോഴെല്ലാം മിനുക്കിയെടുക്കാനും മെച്ചപ്പെടുത്തിയെടുക്കാനും മോദി സദാ ജാഗരൂകനാണ്‌. ശശി തരൂരിന്റെ `ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പ്രശസ്‌ത ഗ്രന്ഥത്തിലെ കവര്‍ചിത്രം മോദി എന്ന രാഷ്ട്രീയനേതാവിനെ കുറിച്ചുള്ള ഏറ്റവും മികച്ച ദൃശ്യപരമായ വിശദീകരണമാണ്‌. തന്റെ പ്രതിമയെ തൊട്ടും മിനുക്കിയും നോക്കിനില്‍ക്കുന്ന മോദിയുടെ ചിത്രത്തേക്കാള്‍ മികച്ചതൊന്ന്‌ ആ ഗ്രന്ഥത്തിന്‌ പുറംചട്ടയായി നല്‍കാനില്ല.

മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളുടെ ഭാഗമായി ഇത്രയേറെ ഫോട്ടോസെഷനുകളില്‍ പങ്കെടുത്ത മറ്റൊരു പ്രധാനമന്ത്രിയോ രാഷ്‌ട്രീയ നേതാവോ സ്വതന്ത്രേന്ത്യയിലുണ്ടായിട്ടില്ല. ഗുഹയില്‍ ധ്യാനനിരതനായും മയിലിന്‌ മുന്നില്‍ ഇരുന്ന്‌ ഫയല്‍ നോക്കിയും പല ഭാവങ്ങളില്‍, പല രൂപങ്ങളില്‍ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്ന മോദിയെ അതിനെ തുടര്‍ന്നുണ്ടാകുന്ന ട്രോളുകളൊന്നും ഒരു തരത്തിലും ബാധിക്കുന്നില്ല. തന്റെ ആരാധകവൃന്ദത്തിന്റെ പിന്തുണ ഇത്തരം ഓരോ ഫോട്ടോസെഷനുകളിലൂടെയും അദ്ദേഹം വര്‍ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. സ്വന്തം പേര്‌ ചെറിയ അക്ഷരങ്ങളില്‍ കൊത്തിവെച്ച കോട്ട്‌ അണിഞ്ഞ്‌ രാജ്യാന്തര പ്രാധാന്യമുള്ള ഒരു സുപ്രധാന ചടങ്ങില്‍ പ്രത്യക്ഷപ്പെടാനുള്ള ചങ്കൂറ്റം പ്രകടിപ്പിക്കുന്ന നേതാക്കള്‍ ജനാധിപത്യ രാജ്യങ്ങളില്‍ വിരളമേയുണ്ടാകുകയുള്ളൂ. ഇത്രയേറെ `നാര്‍സിസിസ്റ്റ്‌’ ആയ മറ്റൊരു നേതാവ്‌ സമകാലീന ലോക രാഷ്‌ട്രീയത്തില്‍ ഉണ്ടോയെന്ന്‌ സംശയമാണ്‌.

Also read:  നാമകരണത്തിന്‌ പിന്നിലെ രാഷ്‌ട്രീയം

അടുത്ത സെപ്‌റ്റംബര്‍ 17-ാം തീയതി മോദിക്ക്‌ എഴുപത്‌ വയസ്‌ തികയും. സപ്‌തതി പൂര്‍ത്തിയാക്കുന്ന ഒരു വയോധികനാണ്‌ യുവാക്കള്‍ പോലും പ്രകടിപ്പിക്കാത്ത ആത്മപ്രണയം കൈമുതലാക്കി വേഷത്തിലും രൂപത്തിലും ഭാവത്തിലും സ്വയം മിനുക്കിയും പുതുക്കിയും ഇങ്ങനെ നിരന്തരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. സെലിബ്രിറ്റികള്‍ക്ക്‌ പോലുമില്ലാത്ത സൂക്ഷ്‌മതയാണ്‌ നമ്മുടെ പ്രധാനമന്ത്രി ഫോട്ടോ സെഷനുകളിലായാലും പൊതുവിടങ്ങളിലായാലും തന്റെ രൂപഭാവങ്ങള്‍ക്ക്‌ നല്‍കുന്നത്‌.

ഇതുപോലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന മറ്റൊരു നേതാവ്‌ ഇന്ന്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലില്ല. ബിജെപിയില്‍ പോലും ജനപിന്തുണയുടെ കാര്യത്തില്‍ മറ്റ്‌ നേതാക്കള്‍ മോദിയേക്കാള്‍ ബഹുദൂരം പിന്നിലാണ്‌. പുസ്‌തകങ്ങള്‍ തലകീഴായി മടക്കിവെച്ച്‌ അരയന്നങ്ങള്‍ക്ക്‌ അരികെ ലാപ്‌ടോപിന്‌ മുന്നിലിരുന്ന്‌ പത്രം വായിക്കുന്ന വിധം ഫോട്ടോക്ക്‌ പോസ്‌ ചെയ്‌ത പ്രധാനമന്ത്രിക്ക്‌ കിട്ടിയതു പോലുള്ള ട്രോളുകള്‍ ലോകത്ത്‌ മറ്റൊരു രാഷ്‌ട്രതലവനും ലഭിച്ചിട്ടിട്ടുണ്ടാകില്ല. പക്ഷേ ട്രോളുകളിലെ പരിഹാസത്തിന്റെ എത്രയോ ഇരട്ടി ആരാധനയും സ്‌തുതിയും അതേ ഫോട്ടോകളിലൂടെ തന്റെ ആരാധകരില്‍ നിന്നും മോദി നേടിയെടുക്കുന്നു. ഇതാണ്‌ മോദി എന്ന നേതാവിനെ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ അഥവാ വിരോധാഭാസങ്ങളുടെ പ്രധാനമന്ത്രിയാക്കുന്നത്‌. എതിരാളികള്‍ക്ക്‌ പരിഹാസ്യമായി തോന്നുന്നത്‌ ആരാധകര്‍ക്ക്‌ രോമാഞ്ചകരമായി അനുഭവപ്പെടുന്ന വിരോധാഭാസം. സാമാന്യബോധമുള്ള പ്രേക്ഷകര്‍ക്ക്‌ അസഹനീയമായി അനുഭവപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ ആരാധകര്‍ സൂപ്പര്‍ഹിറ്റാക്കുന്നതു പോലുള്ള തികഞ്ഞ പൂര്‍വാപര വൈരുധ്യം.

Also read:  ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ സമ്പദ്‌ വ്യവസ്ഥക്കും ദോഷം

അന്തസാര ശൂന്യവും അതേ സമയം അങ്ങേയറ്റം ജനകീയവുമായ ഈ സ്വയം നിര്‍മിത പ്രതിച്ഛായയെയാണ്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിക്ഷം പൊരുതി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌. പക്ഷേ നേതാക്കള്‍ക്ക്‌ പകരം വെക്കാന്‍ നേതാക്കള്‍ തന്നെ വേണം. മോദി എന്ന നേതാവ്‌ രൂപം കൊണ്ടത്‌ ബിജെപിയുടെ ഈടുറ്റ പാര്‍ട്ടി സംവിധാനം കൊണ്ടു മാത്രമല്ല. ബിജെപിയോട്‌ മോദി കടപ്പെട്ടിരിക്കുന്നതിനേക്കാള്‍ മോദിയോട്‌ ബിജെപിയാണ്‌ കടപ്പെട്ടിരിക്കുന്നത്‌. 2014ല്‍ ബിജെപിക്ക്‌ അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിച്ചത്‌ മോദിയുടെ പ്രഭാവം കൊണ്ടായിരുന്നു. 2019ല്‍ അധികാരം നിലനിര്‍ത്തിയതും മോദിയുടെ സ്വാധീന ശക്തി കൊണ്ടു മാത്രമാണ്‌.

Also read:  മാന്ദ്യത്തില്‍ നിന്ന്‌ കരകയറാന്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്‌

ഇങ്ങനെയൊരു നേതാവിനെ നേരിടുക എന്ന ദൗര്‍ഭാഗ്യവും ഗതികേടുമാണ്‌ ഇന്ന്‌ പ്രതിപക്ഷത്തിനുള്ളത്‌. ആ ദൗര്‍ഭാഗ്യത്തെ അതിജീവിക്കണമെങ്കില്‍ വിഷണറിയായ ഒരു നേതാവ്‌ ഇപ്പുറത്ത്‌ ഉണ്ടായേ തീരൂ. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ മടിക്കാത്ത വിധം ഏകാധിപത്യ പ്രവണത കാട്ടിയ ഇന്ദിരാഗാന്ധിക്ക്‌ കടുത്ത തലവേദന സൃഷ്‌ടിക്കാന്‍ ജയപ്രകാശ്‌ നാരായണനെ പോലുള്ള വിപ്ലവകാരികള്‍ പ്രതിപക്ഷത്തുണ്ടായിരുന്നു. പക്ഷേ മോദിക്ക്‌ ഉറുമ്പു കടിച്ച വേദനയെങ്കിലും തോന്നിപ്പിക്കാന്‍ ശേഷിയുള്ള ഒരു നേതാവും ഇന്ന്‌ പ്രതിപക്ഷത്തില്ല. അത്‌ പ്രതിപക്ഷത്തിന്റെ മാത്രം ദൗര്‍ഭാഗ്യമല്ല; വര്‍ത്തമാന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യം കൂടിയാണ്‌.