English हिंदी

Blog

മാധ്യമങ്ങള്‍ക്കു മേല്‍ ഭരണകൂടത്തിന്റെ അധീശത്വം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത്‌ നടന്നുവരികയാണ്‌. തങ്ങള്‍ക്ക്‌ എതിരായ വിമര്‍ശനങ്ങളെയും വെളിപ്പെടുത്തലുകളെയും അസഹിഷ്‌ണുതയോടെയും ഏകാധിപത്യ മനോഭാവത്തോടെയും സമീപിക്കുന്ന ഒരു സര്‍ക്കാരിന്‌ മാധ്യമസ്വാതന്ത്ര്യം ഒട്ടും ഹിതകരമല്ല. മാധ്യമസ്വാതന്ത്ര്യത്തിനു മേല്‍ തുടര്‍ച്ചയായി നടത്തി വരുന്ന ഇടപെടലുകളില്‍ ഏറെ ഗൗരവമുള്ളതാണ്‌ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിനു കീഴിലാക്കിയ നടപടി.

രാജ്യത്തെ മുഖ്യധാരയിലെ മിക്കവാറും മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പാവകളായി മാറികഴിഞ്ഞുവെന്ന്‌ പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. സര്‍ക്കാരിനെതിരായ വാര്‍ത്തകളും വിശകലനങ്ങളും നല്‍കുന്നതിന്‌ മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഭയക്കുന്നു. സര്‍ക്കാരുമായുള്ള സൗഹൃദം നിലനിര്‍ത്തിയില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പ്‌ അപകടത്തിലാകുമെന്ന ഭയമാണ്‌ അവയെ നയിക്കുന്നത്‌. സര്‍ക്കാരിന്റെയും സര്‍ക്കാരിനോട്‌ അടുപ്പമുള്ള കോര്‍പ്പറേറ്റുകളുടെയും പരസ്യങ്ങള്‍ ഭരണകൂടത്തിന്‌ എതിര്‌ നിന്നാല്‍ കുറയുകയോ ഇല്ലാവുകയോ ചെയ്യുന്ന സ്ഥിതിയാണുള്ളത്‌. `ദി ഹിന്ദു’ പോലെ നിലനില്‍പ്പിനായി സര്‍ക്കാരിന്‌ മുന്നില്‍ കീഴടങ്ങാന്‍ തയാറല്ലാത്ത പത്രങ്ങളുടെ പരസ്യവരുമാനം ഇതിനകം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌.

Also read:  മുന്നണി രാഷ്‌ട്രീയത്തിലെ `വെള്ളിമൂങ്ങ'കള്‍

ഈ സവിശേഷ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ വാര്‍ത്തകളും വിശകലനങ്ങളും നല്‍കുന്നതിന്‌ ധൈര്യപ്പെടുന്നത്‌ കൂടുതലും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളാണ്‌. മുഖ്യധാരാ മാധ്യമങ്ങളെ തങ്ങളുടെ വരുതിയിലാക്കിയതിനു പിന്നാലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇവയെ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിനു കീഴിലാക്കിയിരിക്കുന്നത്‌.

ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയുമാണ്‌ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിന്റെ നിയന്ത്രണത്തിന്‌ കീഴില്‍ കൊണ്ടുവന്നത്‌. നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സിനിമകള്‍ക്കോ പരിപാടികള്‍ക്കോ സെന്‍സര്‍ഷിപ്പില്ല. തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡി ന്റെ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണെന്നിരിക്കെ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സിനിമകളെ സെന്‍സര്‍ ചെയ്യാതിരിക്കുന്നത്‌ അനുചിതമാണെന്ന യുക്തിയാണ്‌ ഇതിന്‌ പിന്നില്‍. അതേ സമയം ഇതിനൊപ്പം ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ബാധകമാക്കുന്നതിലെ യുക്തി വിചിത്രമാണ്‌. ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒരേ രീതിയില്‍ കാണുന്നത്‌ അംഗീകരിക്കാനാകാത്ത കാര്യമാണ്‌.

Also read:  പരിസ്ഥിതിയോടുള്ള അവഗണന വികസനത്തെ അപകടത്തിലാക്കും

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്‌ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിന്റെ നിയന്ത്രണം ബാധകമാക്കുന്നത്‌ സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുന്നതിന്‌ തുല്യമാണ്‌. ഇവയുടെ ഉള്ളടക്കത്തില്‍ ഇടപെടല്‍ നടത്താന്‍ ഇതോടെ സര്‍ക്കാരിന്‌ വഴിയൊരുങ്ങും. ഭരണഘടനാപരമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്‌ പിന്നില്‍.

കോവിഡ്‌ കേസുകള്‍ പുതിയ റെക്കോഡ്‌ സൃഷ്‌ച്ചുകൊണ്ടിരിക്കുകയും രാജ്യം ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ അതൊന്നും ചര്‍ച്ച ചെയ്യുന്നതിന്‌ മുഖ്യധാരാ മാധ്യമങ്ങള്‍ വലിയ താല്‍പ്പര്യം കാണിക്കുന്നില്ല. സര്‍ക്കാരിന്റെ പാവകളായി മാറി കഴിഞ്ഞ ചില ദേശീയ ടിവി ചാനലുകള്‍ ഭരണകൂടത്തിന്‌ എതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സമര്‍ത്ഥമായി വഴി തിരിച്ചു വിടുക എന്ന ജോലിയില്‍ ഏര്‍പ്പെടുന്നത്‌ പതിവായിട്ടുണ്ട്‌. ഈ സാഹചര്യത്തിലും പ്രതിരോധത്തിനും മാധ്യമസ്വാതന്ത്ര്യത്തിന്റെ അന്തസത്ത നിലനിര്‍ത്താനും ശ്രമിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാരിന്‌ കീഴടങ്ങാന്‍ നിര്‍ബന്ധിതമാകുന്നതോടെ രാജ്യത്തെ `അപ്രഖ്യാപിത അടിയന്തിരാവസ്ഥ’ കൂടുതല്‍ ശക്തമാകും. ജനാധിപത്യത്തെ മറയായി ഉപയോഗിച്ച്‌ ഏകാധിപത്യ ശക്തികള്‍ ഭരണകൂടത്തില്‍ പിടിമുറുക്കുന്ന ഈ പ്രവണതക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരേണ്ടതുണ്ട്‌.