അധികാരത്തിന്റെ ഇടനാഴികളില്‍ അവതാരങ്ങളുടെ വാഴ്‌ച അനുവദിക്കില്ലെന്നാണ് നാല് വര്‍ഷം മുമ്പ് അധികാരമേറ്റ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ സാധാരണ അംഗങ്ങള്‍ പോലും അവതാരങ്ങളായി തേര്‍വാഴ്‌ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍ തന്റെ വിശ്വസ്‌തരിലൊരാളായി നാല് വര്‍ഷ കാലം അധികാരത്തിന്റെ മര്‍മസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരു `അവതാര’ത്തെ മുഖ്യമന്ത്രിക്ക് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യേണ്ടി വന്നതിനെ വിധിവൈപരീത്യമെന്നേ വിശേഷിപ്പിക്കാനാകൂ.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവതാരങ്ങളായി വിളയാടിയ അദ്ദേഹത്തിന്റെ അനുചരന്‍മാരാണ് ആ സര്‍ക്കാരിന്റെ അന്ത്യത്തിന് വിത്തുകള്‍ പാകിയത്. സോളാര്‍ കേസും ബാര്‍ കോഴയുമൊക്കെ സര്‍ക്കാര്‍ വിരുദ്ധ വികാരം ആളികത്തിച്ചപ്പോള്‍ “എല്‍ഡിഎഫ് വരും എല്ലാം ശരിയാകും” എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റാന്‍ ജനങ്ങള്‍ക്ക് അധികം ചിന്തിക്കാനുണ്ടായിരുന്നില്ല. എന്നാല്‍ മറ്റൊരു തിരഞ്ഞെടുപ്പിന് കഷ്‌ടിച്ച് ഒരു വര്‍ഷം മാത്രം അവശേഷിക്കെയാണ് സര്‍ക്കാരിന്റെ നിഴല്‍ തന്നെയായിരുന്ന ഒരു സീനിയര്‍ അവതാരത്തെ മുഖ്യമന്ത്രിക്ക് `ശരിപ്പെടുത്തേണ്ടി’ വന്നത്; അതും സ്വര്‍ണ കള്ളക്കടത്തുകാരുമായി അടുത്ത ബന്ധമുണ്ടെന്നും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമുള്ള അതീവഗുരുതരമായ കണ്ടെത്തലുകളുടെ പേരില്‍.
ഭരണതലത്തില്‍ വിദഗ്‌ധനെന്ന് പേരു കേള്‍പ്പിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു എം.ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മറ്റൊരു വകുപ്പിന്റെ സെക്രട്ടറി സ്ഥാനം കൂടി വഹിക്കുന്നത് അസാധാരണമാണ്. ശിവശങ്കറിന്റെ കഴിവിലും കാര്യസ്ഥതയിലും മുഖ്യമന്ത്രിക്ക് അത്രയേറെ വിശ്വാസമുണ്ടായിരുന്നു. നിക്ഷേപ സൗഹൃദ സ്വഭാവമുള്ള സര്‍ക്കാരാണ് തന്റേതെന്ന പ്രതിച്ഛായ സൃഷ്‌ടിക്കാന്‍ ശിവശങ്കറിന്റെ ഇടപെടലുകള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി കരുതി. ഇരട്ട പദവിക്ക് പിന്നിലുള്ള കാരണവും അതായിരുന്നു.
സര്‍ക്കാരിന്റെ ചില പ്രമുഖ പദ്ധതികളുടെ ചുക്കാന്‍ പിടിച്ചിരുന്നത് ശിവശങ്കറാണ്. ഈ വര്‍ഷം ഡിസംബറോടെ 20 ലക്ഷം പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ കേരള ഫൈബര്‍ ഒപ്‌റ്റിക് നെറ്റ്‌വര്‍ക്ക് പദ്ധതി ആരംഭിച്ചതിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ കേരള സ്റ്റാര്‍ട്ട്‌അപ് മിഷന്‍ കൂടുതല്‍ വിപുലമാക്കിയതിന്റെയും പിന്നില്‍ ശിവശങ്കറായിരുന്നു. തിരുവനന്തപുരത്ത് നിസ്സാന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് തുടങ്ങുന്നതിന് ചുക്കാന്‍ പിടിച്ചതും ഈ ഉന്നത ഉദ്യോഗസ്ഥനാണ്. പക്ഷേ സ്‌പ്രിംഗ്‌ളര്‍ വിവാദത്തോടെ ശിവശങ്കറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. സ്വര്‍ണ കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പം കൂടി തെളിഞ്ഞതോടെ ആ ബ്യൂറോക്രാറ്റ് ബിംബം തകര്‍ന്നു വീണു.
ഒരു ഉദ്യോഗസ്ഥന്‍ കാരണം മന്ത്രിസഭയുടെ പ്രതിച്ഛായ തകരുന്നത് അപൂര്‍വമാണ്; അത് ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. മുഖ്യഭരണ കക്ഷിയായ സിപിഎമ്മിന്റെ പിടിക്കപ്പുറം നില്‍ക്കാന്‍ സാധാരണ ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് കഴിയാറില്ല. സുപ്രധാന പദ്ധതികളുടെയും നയങ്ങളുടെയും കാര്യത്തില്‍ പാര്‍ട്ടിയുടെ ഇടപെടലുകള്‍ എപ്പോഴുമുണ്ടാകാറുണ്ട്. എന്നാല്‍ നിലവിലുള്ള സര്‍ക്കാരിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്‌തമാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്‌തരായ ഉപദേഷ്‌ടാക്കള്‍ക്കും ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ വലിയ റോളാണുള്ളത്. അതൊരു സുപ്രധാന മാറ്റമായിരുന്നു. പക്ഷേ വിശ്വസിക്കാന്‍ കൊള്ളാത്തവരെ ഉദ്യോഗസ്ഥ ശ്രേണിയിലെ ഉന്നത സ്ഥാനങ്ങളില്‍ അമിത അധികാരം നല്‍കി നിലനിര്‍ത്തിയതിന് ഈ സര്‍ക്കാരിന് കൊടുക്കേണ്ടി വരുന്നത് വലിയ വിലയാണ്.
സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി, നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി ഇന്നലെ ഒന്ന് കൂടി പറഞ്ഞു, ഐടി വകുപ്പിലെ നിയമനങ്ങൾ എല്ലാം അന്വേഷിക്കുമെന്നു. കൂടുതൽ തലകൾ ഉരുളുമോയെന്നു അപ്പോൾ അറിയാം