English മലയാളം

Blog

f1d9a856-a521-407c-a57e-3c0c567f2d63_16x9_600x338

കോവിഡ്‌ വാക്‌സിന്‍ എത്രയും വേഗം ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ വിവിധ രാജ്യങ്ങള്‍. ഇന്ത്യയും മറ്റ്‌ രാജ്യങ്ങളെ പോലെ ക്ലിനിക്കല്‍ ട്രയലുകളുമായി മുന്നോട്ടുപോവുകയാണ്‌. വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കേണ്ടത്‌ ജനങ്ങളുടെ ആരോഗ്യത്തിനും സമൂഹത്തിന്റെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിനും ആവശ്യമാണെങ്കിലും പരീക്ഷണങ്ങളില്‍ കാണിക്കേണ്ട സൂക്ഷ്‌മത കൈവിട്ടുപോകുന്നുവോയെന്ന ആശങ്കയാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ എന്ന പേരിലുള്ള പ്രതിരോധ മരുന്നിന്റെ ട്രയലിനിടെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അതേ കുറിച്ച്‌ പുറത്തുവിടാത്ത ഭാരത്‌ ബയോടെക്കിന്റെ നടപടിയാണ്‌ ഈ ആശങ്ക സൃഷ്‌ടിച്ചിരിക്കുന്നത്‌.

ഹൈദരാബാദിലെ ഭാരത്‌ ബയോടെക്‌ ആണ്‌ കോവാക്‌സിന്‍ വികസിപ്പിച്ചത്‌. മാസങ്ങള്‍ക്കു മുമ്പു തന്നെ വികസിപ്പിച്ച വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഇപ്പോള്‍ മൂന്നാമത്തേതും അന്തിമവുമായ ഘട്ടത്തിലാണ്‌. ഇത്‌ പുരോഗമിക്കുന്നതിനിടെയാണ്‌ ഒന്നാം ഘട്ടത്തില്‍ മരുന്ന്‌ പരീക്ഷിക്കപ്പെട്ട മുപ്പത്തഞ്ചുകാരനായ യുവാവിന്‌ ന്യൂമോണിയ ബാധിച്ചുവെന്ന റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. ഇകണോമിക്‌ ടൈംസ്‌ ആണ്‌ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ആദ്യം ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌. പിന്നാലെ ഇക്കാര്യം ശരിവെച്ചുകൊണ്ട്‌ ഭാരത്‌ ബയോടെക്‌ വാര്‍ത്താകുറിപ്പ്‌ ഇറക്കി.

Also read:  ചൈനയോടുള്ള മനോഭാവം ഇന്ത്യ മാറ്റണം; ആയുധബലം മാത്രം പോരാ, സാമ്പത്തിക ശക്തിയാവണം

ട്രയലിനിടെ ഏതെങ്കിലും വ്യക്തിക്ക്‌ രോഗങ്ങള്‍ കണ്ടെത്തിയാല്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്‌ സാധാരണ നിലയില്‍ ചെയ്യുന്നത്‌. വാക്‌സിന്റെ പാര്‍ശ്വഫലമെന്ന നിലയിലല്ല രോഗം വന്നതെന്ന്‌ കണ്ടെത്തിയാല്‍ മാത്രമേ തുടര്‍ന്ന്‌ ട്രയല്‍ തുടരുകയുള്ളൂ. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി ആസ്‌ട്രസെനക എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ചേര്‍ന്ന്‌ വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണം സെപ്‌റ്റംബറില്‍ ഇത്തരമൊരു സംഭവമുണ്ടായതിനെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്നു. വാക്‌സിന്റെ പാര്‍ശ്വഫലമായല്ല രോഗിക്ക്‌ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പരീക്ഷണം തുടരുകയും ചെയ്‌തു. എന്നാല്‍ ഈ മര്യാദ ഇന്ത്യ വികസിപ്പിച്ച തദ്ദേശീയ വാക്‌സിന്‍ രോഗികളുടെ ഇടയില്‍ പരീക്ഷിക്കുമ്പോള്‍ ഉണ്ടായില്ല.

Also read:  ഹോമിയോ പ്രതിരോധ മരുന്ന്‌ ശാസ്‌ത്രീയമാണോ?

ഓഗസ്റ്റില്‍ നടന്ന സംഭവം പുറത്തുവരുന്നത്‌ ഇപ്പോള്‍ ഒരു പത്രം അതേ കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ മാത്രമാണ്‌. ഇക്കാര്യം ബയോടെക്‌ കമ്പനി സെന്‍ട്രല്‍ ഡ്രഗ്‌സ്‌ സ്റ്റാന്റേര്‍ഡ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ (സിഡിഎസ്‌സിഒ) അറിയിച്ചിരുന്നുവെന്നാണ്‌ അവകാശപ്പെടുന്നത്‌. എന്നാല്‍ സിഡിഎസ്‌സിഒ ഇക്കാര്യം പുറത്തുവിട്ടില്ല. ട്രയലില്‍ പങ്കെടുത്തയാള്‍ക്ക്‌ രോഗം വന്നതിനെ തുടര്‍ന്ന്‌ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബയോടെക്‌ കമ്പനിയോ സിഡിഎസ്‌സിഒ യോ തയാറായതുമില്ല.

നേരത്തെ തന്നെ മതിയായ സമയക്രമം പാലിക്കാതെ കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ അധികൃതര്‍ തിടുക്കം കാട്ടിയിരുന്നു. ഓഗസ്റ്റ്‌ 15നകം വാക്‌സിന്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കണമെന്ന്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ബന്ധപ്പെട്ട സ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടത്‌ വിവാദമായിരുന്നു. ജൂലൈയിലാണ്‌ ഇത്തരമൊരു വിവാദ ഉത്തരവ്‌ ഐസിഎംആര്‍ പുറപ്പെടുവിച്ചത്‌. ഓഗസ്റ്റ്‌ 15ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ വാക്‌സിന്‍ വികസിപ്പിച്ചതായി പ്രഖ്യാപിക്കുന്നതിനായി മതിയായ പരീക്ഷണ സമയം അനുവദിക്കാതെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയാല്‍ മനുഷ്യജീവനുകള്‍ വിലനല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പോലുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തു വന്നതോടെ ഐസിഎംആറിന്‌ വിവാദ ഉത്തരവ്‌ പിന്‍വലിക്കേണ്ടി വന്നു. ഓഗസ്റ്റില്‍ തന്നെ ട്രയല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ട അടിയന്തിര സാഹചര്യമുണ്ടായിരുന്നുവെന്ന്‌ ഇപ്പോള്‍ വെളിപ്പെടുന്നത്‌ ക്ലിനിക്കല്‍ ട്രയലിന്റെ വിശ്വാസ്യതക്കാണ്‌ മങ്ങലേല്‍പ്പിച്ചിരിക്കുന്നത്‌.