English हिंदी

Blog

THALAPAVU

മധുപാല്‍

മഹാമാരി അവന്‍റെ മുന്നില്‍ നടക്കുന്നു. ജ്വരാഗ്നി അവന്‍റെ പിന്നാലെ ചെല്ലുന്നു. അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു. അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു. ശാശ്വതപര്‍വ്വതങ്ങള്‍ പിളര്‍ ന്നു പോകുന്നു. പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതനപാതകളില്‍ നടക്കുന്നു.

ആശുപത്രിയില്‍ എന്നെ കാണാന്‍ പോര്‍ട്ടിലെ കുരുവിച്ചേട്ടന്‍ വന്നു. ഞാന്‍ ജോലി ചെയ്യുന്ന ആപ്പീസിലെ എന്‍റെ മേലുദ്യോഗസ്ഥനായ മാമന്‍ പെട്ടെന്നു ബാധിച്ച പനിയാല്‍ വിറച്ച് തുള്ളുകയാണെന്ന് കുരുവിച്ചേട്ടന്‍ പറഞ്ഞു. ഈ വേനല്‍ക്കാലത്തെന്തുകൊണ്ട് മനുഷ്യനു പനിച്ചുപൊങ്ങുന്നു.

നീ ഇനി ഇവടെ കെടക്കണ്ടാ സുഖം തോന്നുന്നുണ്ടെങ്കില്‍ റൂമില്‍ പോകാം

അണ്ണന്‍ പൊയ്ക്കോളൂ.. ഇവിടയെന്നെ നോക്കാനാളുണ്ടല്ലോ

മഴപെയ്യുവാന്‍ തുടങ്ങി. ആശുപത്രിയില്‍ ജനലുകള്‍ കാറ്റത്ത് പറന്നടിച്ചു. പലതരത്തിലുള്ള ശബ്ദങ്ങള്‍ നിറഞ്ഞു. മനുഷ്യന്‍റെ കരച്ചിലുകള്‍ക്ക് മീതെ കാറ്റിന്‍റെ ഒച്ചമുഴങ്ങി. ഇടിയും മിന്നലും പ്രപഞ്ചത്തെ പിടിച്ചുകുലുക്കി. ഒരുപാട് നേരത്തിനു ശേഷം മഴ നിന്നു. പെയ്ത്ത് തീര്‍ന്നപ്പോള്‍ ഭൂമി നിശ്ശബ്ദയായി. ജന്നല്‍ തുറന്നിട്ടു.

ആകാശത്ത് വെളുത്ത മേഘങ്ങള്‍ പാറുന്നത് കാണാം.. നടക്കുമ്പോള്‍ എനിക്ക് വയറുവേദനിക്കുന്നു. എന്‍റെ അടിവയറ്റില്‍ എന്തോ കൊളുത്തിട്ട് പിടിക്കുന്നത് പോലെ. എനിക്കത് താങ്ങുവാനാവുന്നില്ല. ഞാന്‍ വലിയവായില്‍ കരഞ്ഞു. എന്നാല്‍ എന്‍റെ കരച്ചില്‍ ആരെങ്കിലും കേള്‍ ക്കുകയോ എനിക്കൊരാശ്വാസവുമായി എന്‍റെ മുറിയുടെ വാതില്‍ തുറന്ന് വരികയോ ചെയ്തില്ല. എന്‍റെ ശരീരം വിണ്ടുകീറുന്നതുപോലെ. ഞാന്‍ എഴുന്നേറ്റ് ചെന്ന് വാതില്‍ തുറന്നു. വരാന്തയില്‍ ഒറ്റമനുഷ്യനെയും കാണാനുണ്ടായില്ല. വയറുപൊത്തിപ്പിടിച്ച് ഞാന്‍ വേച്ചുവേച്ച് നടന്നു.

എന്‍റെ മാതാവേ ഈ ആസ്പത്രീലെ ആള്‍ക്കാരൊക്കെ എങ്ങോട്ടാ പോയത്…? എന്‍റെ കാലുകള്‍ അയഞ്ഞയഞ്ഞുപോകുന്നു. എന്‍റെ വേദന കൂടുന്നു. ആരാണെനിക്കൊരു സഹായവുമായി വരുന്നത്. എല്ലാവരും ഇവിടെയുണ്ടെന്നാണല്ലോ ഞാന്‍ വിചാരിച്ചിരുന്നത്. എന്നിട്ടും ഇവരൊക്കെ ഏത് പാതാളത്തിലേക്കാണ് ആണ്ടുപോയത്..?

ഇപ്പോള്‍ ഞാന്‍ ശീതളമായ ഒരു പുല്‍ മൈതാനത്തിലാണ്. എനിക്ക് ചുറ്റും ഞാന്‍ ആരെയും കാണുന്നില്ല. എങ്കിലും എല്ലായിടത്തുനിന്നും പക്ഷികളുടെ ശാന്തമായ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ മുന്നിലെ ചെറുപുല്ലുകള്‍ തിന്നുകൊണ്ട് നിറയെ മുയലുകള്‍ വന്നു ചാടിപ്പോയി. അവയുടെ വെളുത്ത ദേഹത്ത് പുല്‍ തുമ്പുകള്‍ പറ്റിപിടിച്ചിരിപ്പുണ്ടണ്ടായിരുന്നു. നനഞ്ഞ അവയുടെ രോമങ്ങള്‍ക്ക് മീതെ അത് ചിത്രപ്പണിചെയ്തതുപോലെയുണ്ടണ്ടായിരുന്നു. ഞാനവയുടെ പിന്നാലെ നടന്നു. അവയുടെ ചുവന്നകണ്ണുകളില്‍ മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ചിരുന്നു. വെള്ളത്തുള്ളികള്‍ക്കപ്പുറത്ത് അവയുടെ കണ്ണുകള്‍ സ്ഫടികം പോലെ തിളങ്ങി. ഒന്നിനുപിറകെ ഒന്നായി ഒരു കൂട്ടമായി മുയലുകള്‍ മൈതാനത്തിന്‍റെ പലഭാഗത്ത് നിന്നും ചാടിവന്നു. അവയില്‍ വലുതും ചെറുതുമുണ്ടായിരുന്നു . നിമിഷനേരം കൊണ്ട് പച്ചപ്പുല്‍ മൈതാനം മഞ്ഞുപുതച്ചതുപോലെയായി. ആ വെളുത്ത മേലാപ്പിനെ വകഞ്ഞുമാറികൊണ്ട് മൈതാനത്തിന്‍റെ താഴ്‌വരയില്‍ നിന്നും കറുത്തപന്നികള്‍ മുട്ടിയുരുമ്മി കയറി വന്നു. എത്രപെട്ടെന്നാണ് വെളുപ്പിന്‍റെ പുതപ്പ് ഇല്ലാതായതും പച്ചപ്പുല്‍ മൈതാനം തെളിഞ്ഞതും. ഞാന്‍ നോക്കിയിരിക്കെ ആ മൈതാനം മുഴുവനും പന്നികള്‍ കുത്തിയിളക്കിമറിച്ചു. മണ്ണിനടിയില്‍ നിന്നും പിന്നെയും ഒരുപാട് മൃഗങ്ങള്‍ പൊങ്ങിവന്നു. നിശ്ചിതമായ അകലത്തിലൂടെ അവയോരോന്നും മണ്ണിനുമീതെ സാവധാനം നടന്നു. ആരും അവയെ ശല്യപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന പൂര്‍ണമായ വിശ്വാസം അവയുടെ ചലനത്തുണ്ട് . ഇനിയൊരു ശത്രുവിനും തങ്ങളെ അകറ്റിയോടിക്കുവാനാവില്ലെന്ന് അവ ശബ്ദം മുഴക്കി പ്രഖ്യാപിച്ചു. മനുഷ്യരാരുമില്ലാത്ത മണ്ണിലൂടെ നടന്ന്, അവര്‍ ആകാശവും ജലവും കീഴടക്കി. ഞാന്‍ അവയ്ക്ക് പിന്നിലായി സഞ്ചരിച്ചു. എന്നെപ്പോലെ ഒരു ജീവി അവയ്ക്ക് പിന്നിലുണ്ടെന്ന് അവര്‍ ഗൗനിച്ചതേയില്ല. ഒരുപാട് ദൂരം അവയ്ക്ക് പിന്നിലായുണ്ടായെങ്കിലും മുമ്പ് കണ്ടിട്ടില്ലാത്ത ഒരുപാട് മൃഗങ്ങളെ ഞാന്‍ കണ്ടു. പക്ഷെ ഒരു മനുഷ്യനെപ്പോലും എനിക്ക് കാണാനായില്ല….

Also read:  കണ്ണൂർ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ‍ജയം

മാര്‍ച്ച് മാസത്തില്‍ ഒരു രാത്രിയില്‍ ഒരു സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നതും എഴുതി തുടങ്ങിയ ഒരു കഥയുടെ തുടക്കമായിരുന്നു. അതന്നു എഴുതിയെങ്കിലും എനിക്കെന്തോ പൂര്‍ത്തിയാക്കുവാന്‍ തോന്നിയില്ല. ഇനിയും ഇതില്‍ നിന്നും വ്യത്യസ്തമായ സ്വപ്നങ്ങളും ജീവിതവും ഉണ്ടാകാമെന്ന് എനിക്ക് തോന്നി. ചൈനയിലെ വുഹാനില്‍ ഒരു വ്യാധി അതിന്‍റെ സഞ്ചാരം തുടങ്ങിയിരിക്കുന്നു. അവിടെ പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഇന്ത്യയില്‍ കേരളത്തിലെത്തിയപ്പോള്‍ ആ വ്യാധി ആദ്യമായി ഇന്ത്യയില്‍ കണ്ടു. മുമ്പൊരിക്കല്‍ നിപ്പ എന്ന വൈറസ് കോഴിക്കോടിന്‍റെ ഗ്രാമങ്ങളില്‍ മനുഷ്യരെ ബാധിച്ചപ്പോള്‍ അതെന്തുകൊണ്ട് എന്നുതിരിച്ചറിയാനാവാതെ കഷ്ടപ്പെട്ട ആതുരശുശ്രൂഷകര്‍ ഒരുപാട് രാത്രികളിലൂടെ ആ വൈറസ്സിന്‍റെ ഉറവിടം കണ്ടെത്തി. വുഹാനില്‍ ഇന്നു ലോകമാകെ വ്യാപിച്ച വൈറസ്സ് കണ്ടെത്തിയവന്‍ അതേ രോഗം ബാധിച്ച് ഈ ഭൂമിയില്‍ നിന്നില്ലാതായി. ഈ ഭൂമിയില്‍ ഇങ്ങനെയൊരു ലോകം ഉണ്ടായതിനുശേഷം അതിന്‍റെ ജീവിതത്തില്‍ ആദ്യമായി സമ്പൂര്‍ണമായ ഒരു അടച്ചില്‍ പ്രഖ്യാപനം അനുഭവിച്ചു. 1920 കളില്‍ സ്‌പൈന്‍ഫ്‌ളൂ വന്നു മനുഷ്യര്‍ മരിച്ചുവീണപ്പോഴും ലോകം പൂട്ടിവയ്ക്കപ്പെട്ടില്ല. അന്നിത്രമാത്രം ജനങ്ങള്‍ ലോകം മുഴുവനും സഞ്ചരിച്ചിരുന്നില്ല എന്നതായിരുന്നു അന്നത്തെ മരണത്തിന്‍റെ തോത് പരിമിതപ്പെടുവാന്‍ കാരണമായത്. ഇന്ന് അതുപോലെ ശക്തമായ ഒരു വൈറസ്സ് ലോകത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ പുരോഗമിച്ച ആതുരസേവനത്തിന്‍റെ മിടുക്ക് കൊണ്ട്മാത്രമാണ് മരണത്തിന്‍റെ വ്യാപ്തി കുറയ്ക്കുവാനായത്. എന്നാല്‍ ഈ രോഗത്തിന്‍റെ സഞ്ചാരത്തെ പിടിച്ച്‌കെട്ടുവാന്‍ ഇപ്പോഴും മനുഷ്യകുലം അശക്തമാണെന്ന് തിരിച്ചറിവുണ്ടണ്ടാകുന്നു.

ഒരു സിനിമയുടെ കഥ എഴുതി തീര്‍ക്കുമ്പോള്‍ അതിലഭിനയിക്കേണ്ടവരെ കണ്ടെത്തി അവരോട് കഥ പറഞ്ഞ് അവരുടെ ഷൂട്ടിങ്ങിനുള്ള തിയ്യതികള്‍ വാങ്ങി ഷൂട്ടിനായി ഒരുങ്ങുമ്പോള്‍ ഒരു ചലച്ചിത്രകാരന്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും തന്‍റെ കലാസൃഷ്ടി പ്രേക്ഷകര്‍ക്കായി തീരുമാനിക്കുകയാണ്. കഥയുണ്ടാവുമ്പോള്‍ അത് ചിത്രീകരിക്കണ്ട സ്ഥലവും അതിന്‍റെ അവസ്ഥകളുമൊക്കെ കണ്ട് ഒരുക്കിയെടുക്കുവാന്‍ വേണ്ട സമയത്തെയും കാണുന്നു. സിനിമ വെറുമൊരു സാങ്കേതികകല മാത്രമല്ല. അതൊരുപാട് മനുഷ്യരുടെ ജീവിതാര്‍പ്പണം കൂടിയാണ്. ആ ഒരു കൂട്ടായ്മ പ്രാപ്തമായ ദിവസങ്ങളുടെ ആരംഭത്തിലാണ് ഒരു രോഗം അതിന്‍റെ അണുക്കളുമായി സഞ്ചരിച്ച് ഇവിടെയെത്തിയത്. അന്നും ഒരു സാധാരണ മലയാളിയുടെ മനസ്സാണ് പ്രവര്‍ത്തിച്ചത്. ലോകത്തിലെന്തോക്കെയോ കുറേ നടക്കുന്നു. അതൊരിക്കലും നമ്മളെയൊന്നും ബാധിക്കില്ല എന്നൊരു മൂഢവിശ്വാസത്തോടെ ഭൂമിയില്‍ നടന്നു. കൊറോണയെപ്പറ്റി ആദ്യം വാര്‍ത്ത വരുമ്പോള്‍ ദൂരെ എവിടെയോ സംഭവിക്കുന്ന ഒന്നാണെന്നാണ് ചിന്തിച്ചത്. അന്നേരത്ത് കുറച്ച് കൊറോണക്കാലത്തു ആളുകള്‍ക്ക് പറ്റിയ അമളികളും ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരുമൊക്കെ ഈ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍കൊടുക്കുമ്പോള്‍ അതൊന്നുമറിയാത്തവരുടെ അബദ്ധങ്ങളും മറുവാക്കുകളുമൊക്കെ തമാശകഥകളായി പ്രചരിപ്പിച്ച്, ഒപ്പം, മറ്റു രാജ്യങ്ങളില്‍ എന്ത് കൊണ്ട് ് പടര്‍ന്നു, സ്വന്തം നാട്ടില്‍ എന്ത് കൊണ്ട് പടരില്ല എന്നൊക്കെയുള്ള ആത്മവിശ്വാസമാണ് പിന്നെ കണ്ടത് .

ശേഷം കൊറോണ കേസുകള്‍ അടുത്തെത്തി, മൊത്തം എണ്ണം ആയിരത്തിനു മീതെ ആകുന്നു. ആളുകള്‍ പരിഭ്രാന്തരാകുന്നു എല്ലായിടത്തും സംഭവിച്ചത് ഇതാണ്. ചൂടുള്ളത് കൊണ്ട് നമുക്ക് പേടിക്കാനില്ല എന്ന ശാസ്ത്ര കഥകളൊക്കെ പറഞ്ഞ് നമ്മളെ ആശ്വസിപ്പിക്കുന്ന ശാസ്ത്രജ്ഞന്മാരിവിടെയും ഉണ്ടായി. ഈ കഥകളൊക്കെ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമൊക്കെ പറന്നു നടക്കുന്ന മാര്‍ച്ച് മാസത്തില്‍ ഒരു ടെലിവിഷന്‍ ചാനലിന്‍റെ രാത്രികാലചര്‍ച്ചയില്‍ കോവിഡ് എന്ന രോഗത്തെപ്പറ്റി സംസാരിക്കുവാന്‍ ശ്രമിച്ചു. ഒരു സാംക്രമികരോഗം പടര്‍ന്നുപന്തലിച്ചാല്‍ ലോകം മുഴുവനും ചിലപ്പോള്‍ ഒരു സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകുമോ എന്ന് ആദ്യമായി ഭയപ്പെട്ടു, ഓരോ ദിവസവും കഴിയുമ്പോള്‍ ആ ഭയം അസ്ഥാനത്തല്ലെന്നു ഉറപ്പിച്ചുകൊണ്ട് മാര്‍ച്ച് 24 നും 25 നുമായി ഇന്ത്യ നിശ്ചലമായി.

മനുഷ്യര്‍ക്ക് മാനസികോല്ലാസമേകുന്ന കലാരൂപങ്ങളൊക്കെ ആട്ടം അവസാനിപ്പിച്ചു. ഒരു ഉല്‍സവസീസണ്‍ കൊണ്ട് ഒരുവര്‍ഷത്തെ ജീവിതത്തിനുള്ള വക കണ്ടെത്തുന്ന നാടകപ്രവര്‍ത്തകരും, ക്ഷേത്രകലാകാരന്മാരും പരമ്പരാഗത കലാരൂപങ്ങളവതരിപ്പിക്കുന്നവരുമൊക്കെ അടഞ്ഞമുറികളില്‍ അവരുടെ ആടയാഭരണങ്ങള്‍ പൂട്ടിവച്ചു. ഓരോ ദിവസവും ഇത് നാളെ തീരും, ഇനിയിത് വലിയതോതില്‍ വ്യാപിക്കില്ല എന്നാശ്വാസപ്പെട്ട് കഴിഞ്ഞു. എന്നാല്‍ അടച്ചുപൂട്ടലിന്‍റെ ബന്ധനത്തില്‍ നിന്നും മോചിതരാകുവാനാവതെ മനുഷ്യര്‍ സങ്കടത്തിന്‍റെയും ആകാംക്ഷയുടെയും ഇനിയെന്താവുമെന്നറിയാതെയുമായ അരക്ഷിതാവസ്ഥ അനുഭവിച്ചുതുടങ്ങിയിരുന്നു.

Also read:  രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

സ്‌കൂള്‍ വെക്കേഷനും ഈസ്റ്ററും വിഷുവും സിനിമപ്രദര്‍ശനശാലകള്‍ക്ക് പുതിയചിത്രങ്ങളുടെ പ്രദര്‍ശനത്തിന്‍റെ ആഘോഷമാണ്. പലപ്രമുഖനടന്മാരുടെയും ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്ന സമയം. അതുകൊണ്ട്തന്നെ അവരൊക്കെ ആ ചിത്രങ്ങളെത്തിക്കുവാന്‍ എല്ലാശ്രമങ്ങളും തുടങ്ങിയിരുന്നു. ആ സമയത്താണ് തിയ്യേറ്ററുകള്‍ ലോകവ്യാപകമായി അടച്ചുപൂട്ടിയത്. മലയാളത്തിലെ പലചിത്രങ്ങള്‍ക്കും ഇന്ന് ലോകമാര്‍ക്കറ്റില്‍ ഒരു സ്ഥാനമുണ്ടായി തുടങ്ങിയ സമയം കൂടിയായിരുന്നു ഇത്. പലസിനിമകളും നിര്‍മ്മാണത്തിന്‍റെ അവസാനഘട്ടങ്ങളിലേക്ക് അടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും സിനിമപ്രവര്‍ത്തകര്‍ അവരുടെ സൃഷ്ടികള്‍ ആസ്വാദകര്‍ക്കായി ഒരുക്കുകയായിരുന്നു. എല്ലാ മനസ്സുകളും അവരവരുടെ കര്‍മ്മങ്ങളിലൂടെ മാത്രം ചലിച്ചുകൊണ്ടിരുന്നു. ആര്‍ക്കും അനാവശ്യമായ ആകുലതകളില്ലായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ലോക്ക്ഡൗണിന്‍റെ പലഘട്ടങ്ങളും കടന്നുപോകുന്തോറും ജീവിതത്തിന്‍റെ അവസ്ഥ എന്തായിത്തീരുമെന്ന ഭയം മനുഷ്യര്‍ക്കുണ്ടായിതുടങ്ങി.

സിനിമ ആള്‍ക്കൂട്ടമുണ്ടാക്കുന്ന ഇടമാണ്. അത് ചലച്ചിത്രനിര്‍മ്മാണസമയത്തും പ്രദര്‍ശനശാലകളിലെത്തുമ്പോഴും. നിര്‍മ്മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ആളുകളുമായി നിരന്തരമായ ഇടപെടലുകള്‍ ആവശ്യമായി വരുന്നുണ്ട്. പൊതുവേ ഒരു വലിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് ചുരുങ്ങിയത് ഇരുനൂറിലേറെ ആളുകള്‍ പലതരം ജോലികളുമായി ബന്ധപ്പെട്ട് നിര്‍മാണസ്ഥലത്തുണ്ടാവും. ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍റെ ഭാഗമായി സ്റ്റുഡിയോകളിലും ഇതേ അവസ്ഥയുണ്ടാവും അവിടെ പലപ്പോഴും നിരവധിചിത്രങ്ങളുടെ പ്രവര്‍ത്തകരുമുണ്ടാവും. നിശ്ചിതമായ സമയക്രമീകരണത്തിലൂടെ ഓരോ സ്റ്റുഡിയോകളും ഡബ്ബിങ്ങിനും മിക്‌സിങ്ങിനുമായൊക്കെ ഉപയോഗിക്കുമ്പോഴും അതിനോടനുബന്ധിച്ച കലാകാരന്മാരവിടെ എത്തുകയും ജോലിചെയ്യുകയും ചെയ്യും. കോവിഡ് 19 ഉത്ഭവിച്ച് പടരുമ്പോഴുണ്ടായ ഭീതിയില്‍ സര്‍ക്കാരും ആരോഗ്യപവര്‍ത്തകരും നിഷ്‌കര്‍ഷിച്ചത് നിയന്ത്രിതമായ അകലമാണ്. സിനിമപോലെ ഒരിടത്ത് അത് സത്യമായും അസാദ്ധ്യമായ കാര്യമെന്ന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം. ഷൂട്ടിംഗ് ലൊക്കേഷനില്‍ ചിലപ്പോള്‍ സെറ്റ് നിര്‍മാണത്തിനും അത് കഴിയുമ്പോള്‍ ഷൂട്ടിലുമൊക്കെ നിരവധി ആളുകള്‍ക്ക് സംസാരത്തിലൂടെയും സ്പര്‍ശത്തിലൂടെയുമൊക്കെ അടുത്തിടപഴകേണ്ടിവരും. രോഗം പകരുന്നതിനു ഇത് കാരണമാവുകയും ചെയ്യും. പരിപൂര്‍ണമായ അകലം വരിക്കുന്നതിലൂടെ സത്യത്തില്‍ ചലച്ചിത്രനിര്‍മാണമേഖല ജോലിചെയ്യാനാവാത്തവിധം അടച്ചിടപ്പെടുകയാണ്. ഇത് പ്രദര്‍ശനത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നു. പോസ്റ്ററുകള്‍ തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ കൊണ്ടുപോയി പരസ്യം പതിക്കുന്നതിനുള്ള പണം കെട്ടി സീല്‍ പതിപ്പിക്കുന്നതു മുതല്‍ അത് ചുവരുകളില്‍ ഒട്ടിക്കുന്നതും മറ്റുപരസ്യപ്രവര്‍ത്തങ്ങളും തിയ്യേറ്ററുകളില്‍ ടിക്കറ്റ് വില്പന മുതലുള്ള മുഴുവുന്‍ കാര്യങ്ങളും ജനങ്ങളുമായി പരസ്പരം ഇടപെട്ടുകൊണ്ട് നടക്കുന്നതാണ്. ഇതിനൊക്കെ തടസ്സമാവുകയാണ് സാമൂഹിക അകലം നിര്‍ബ്ബന്ധമാക്കിയത്. ഇത് ശരിക്കും സിനിമയ്ക്ക് മാത്രം ബാധകമായതല്ല മറിച്ച് എല്ലാവിധ കലാരൂപങ്ങളും പൊതുജങ്ങങ്ങള്‍ക്കായി അവതരിപ്പിക്കുമ്പോഴും പാലിക്കപ്പെടേണ്ടതാവുന്നു. ഇന്നത്തെ ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏറെ ബാധിക്കപ്പെട്ടത് കലാപ്രവര്‍ത്തകരെയാണ്. അവരുടെ നിത്യവരുമാനമാണില്ലാതായത്.

ഈ അടച്ചുപൂട്ടല്‍ കാലത്ത് നമ്മളാദ്യം മനസ്സുകൊണ്ട് ഒരു വെക്കേഷന്‍ കാലം പോലെ. പെട്ടെന്നിതെല്ലാം തീരുമെന്നും കുറച്ച് നാളത്തേക്ക് എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ഒരു വിടുതലായി വിശ്രമത്തിന്‍റെ നാളുകള്‍ എന്നു കരുതിയിരുന്നു. വീടകങ്ങളില്‍ വീട്ടുകാരെല്ലാം ചേര്‍ന്ന് പുതിയ റെസ്സിപ്പികള്‍ പരീക്ഷീച്ചു. പുതിയ രുചിക്കൂട്ടുകള്‍ ആസ്വദിച്ചു. ഹോട്ടല്‍ ഭക്ഷണങ്ങളുടെയപ്പുറത്ത് പുതിയ സ്വാദുണ്ടെന്ന് തിരിച്ചറിഞ്ഞു. ഭക്ഷണത്തിനുശേഷം വിശ്രമത്തിന്‍റെ പരിധിയില്‍ അവര്‍ പുതിയ ദൃശ്യങ്ങള്‍ക്കായി മനസ്സര്‍പ്പിച്ചു. അത് ടെലിവിഷനിലേക്കും പിന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്കുമായി. ആമസോണിന്‍റെയും നെറ്റ്ഫ്‌ളിക്‌സിന്‍റെയും നെറ്റ് വര്‍ക്കില്‍ നിരവധി പുതിയ കാഴ്ചകളുണ്ടെന്നും അവധിയാസ്വദിക്കുവാന്‍ അതൊക്കെ മതിയെന്നും അവര്‍ കണ്ടെത്തി. പതുക്കെ ഈ കോവിഡ് കാലം കാഴ്ചയുടെ മറ്റൊരു സംവിധാനത്തിലേക്ക് മാറുകയാണെന്നും പ്രഖ്യാപിച്ചു. ഡിജിറ്റല്‍ പ്ലാറ്റ് ഫോം സിനിമവ്യവസായത്തിന് അനുകൂലമോ പ്രതികൂലമോ ആവുമെന്നറിയാതെ ഒരു സഞ്ചാരത്തിലാണിപ്പോഴും. സിനിമയെന്ന ബൃഹത്തായ വിസ്മയത്തെ ഒരിക്കലും ഫോണിന്‍റെയും ടെലിവിഷന്‍റെയും ലാപ്‌ടോപിന്‍റെയും സ്‌ക്രീനുകളില്‍ ആസ്വാദ്യയോഗ്യമല്ലെന്ന് പ്രേക്ഷകനറിയാമെങ്കിലും ഈ കാലത്ത് അവനു സമയം നീക്കുവാന്‍ മറ്റൊരു ഉപാധിയില്ലാതെയായി. എന്നാല്‍ അവര്‍ ചലച്ചിത്രമെന്ന മാധ്യമത്തെ കൈവിടാതെ തന്നെ അതിലേക്ക് കൂടുതല്‍ അടുപ്പമുള്ളവരായി കാഴ്ചയുടെ പുതിയ ശീലമുള്ളവരായി. എന്നാല്‍ ഈ പ്രേക്ഷകരൊക്കെ സിനിമയെ സമയം കളയാനുള്ള ഒരു കലാരൂപമായി മാത്രമല്ല കാണുന്നതെന്നും നമുക്കറിയാം. സിനിമ കൃത്യമായ ഒരു സംസ്‌കാരവും രാഷ്ട്രീയവും പ്രേക്ഷകര്‍ക്കായി നല്‍കുന്നുണ്ട് . അതൊരു പ്രത്യേകസമൂഹമായി നിലനില്‍ക്കുന്നുമുണ്ട് . ഈ കോവിഡ് പകര്‍ച്ചയില്‍ ഇല്ലാതായത് ആ പ്രത്യേക സമൂഹമാണ്.

Also read:  കാര്‍ട്ടൂണ്‍: സുധീര്‍നാഥ്

തിയ്യേറ്ററില്‍ ഇനിയെന്നാണ് സിനിമകള്‍ പ്രദര്‍ശന സജ്ജമാകുക എന്നറിയില്ല. ലോകം മുഴുവനുമുള്ള പ്രദര്‍ശനശാലകളൊക്കെ അടഞ്ഞുകിടക്കുന്നു. ചില രാജ്യങ്ങളില്‍ തുറന്നെങ്കിലും ഭയമില്ലാതെ സന്തോഷത്തോടെ കാഴ്ചക്കാര്‍ അവയിലേക്ക് എത്തിയില്ല. തുച്ഛമായ ആളുകള്‍ക്കായി അവര്‍ സിനിമകള്‍ കാണിച്ചെങ്കിലും അതൊരു പുരോഗതിയുടെ ലക്ഷണമായി കരുതാനാവില്ല. ഈ പ്രതിസന്ധിയെ എന്നു മറികടക്കുവാനാവുമെന്നും അതിനുള്ള സാധ്യതെയെന്തെന്നും വരും ദിനങ്ങളാവും നമ്മോട് പറയുക. ഏറെക്കാലം അടച്ചിടല്‍ അവസ്ഥ തുടരുന്നുവെങ്കില്‍ കാഴ്ചയുടെ ഈ ലോകത്തിന്‍റെ നിലനില്പ് തന്നെ ഇല്ലാതാകും. സിനിമയെന്ന കലാരൂപത്തെ ഒരു വ്യവസായമായി ഇന്നും അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ ഇതില്‍ മുതല്‍ മുടക്കിയവരൊക്കെ മാനസികമായും ശാരീരികമായും ക്ഷീണിതമായ ഒരവസ്ഥയിലേക്ക് എത്തപ്പെടും. ഒരു സുരക്ഷിതവുമില്ലാത്ത ഒരിടമായി ഈ പ്ലാറ്റ് ഫോം മാറുന്നുവെന്ന് ഇതില്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്നവര്‍ തിരിച്ചറിയുന്നു. ചില നിര്‍മാതാക്കളൊക്കെ പലിശയ്ക്ക് പണമെടുത്തുപോലും സിനിമ നിര്‍മ്മിക്കുന്നുണ്ട് . അടച്ചിടല്‍ ഭീഷണി തുടരുമ്പോള്‍ അവരുടെ ശിഷ്ടകാലം കോടതിമുറികളിലും മറ്റൊരുപാട് പ്രശ്‌നങ്ങളിലുമായി മാറുന്ന കാര്യവും കാണേണ്ടി വരും. എല്ല ഭരണകൂടവും ആശ്രയമില്ലാത്തവര്‍ക്ക് ആലംബമാകുന്നു. സിനിമയ്ക്ക്, അതിന്‍റെ ഈ അവസ്ഥയില്‍ നിന്നും ശാശ്വതമായ പുരോഗതിയ്ക്ക് സര്‍ക്കാര്‍ ഇടപെടുമെന്നുതന്നെയാണ് ഈ രംഗത്ത് നില്ക്കുന്നവര്‍ വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും.

കോവിഡ്കാലത്ത് മനുഷ്യന്‍റെ ഏറ്റവും അവസാനത്തെ പരിഗണനയാണ് സിനിമയ്ക്കായി നീക്കിവച്ചത്. വിദ്യാലയങ്ങള്‍ തുറക്കുന്നതിനുമുന്നെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് വാശിപിടിക്കുന്ന ഒരു ജനതയെ നാം കാണുന്നുണ്ട്. ഈ കഴിഞ്ഞ നാളുകളില്‍ എല്ലാ ഭക്തന്മാരും അവര്‍ സത്യസന്ധമായ ഭക്തിയുള്ളവര്‍, നില്ക്കുന്നയിടങ്ങളില്‍ നിന്നു ദൈവത്തെ നമിച്ചു, പ്രാര്‍ത്ഥിച്ചു. അവരുടെ വിശ്വാസങ്ങള്‍ അവരെ രക്ഷിച്ചു. ഒരമ്പലത്തിലും, പള്ളിയിലും പോകാതെ അവര്‍ കഴിഞ്ഞു, അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടിരിക്കും. ഈ പ്രപഞ്ചം മുഴുവനും ദൈവമുണ്ടെന്ന് ആ ഭക്തര്‍ തിരിച്ചറിഞ്ഞിരിക്കും. ആരാധനാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ മാത്രമെ ആശ്വാസമുണ്ടാകൂ എന്നു പറയുന്നത് ഭക്തര്‍ക്ക് വേണ്ടിയാണെന്ന് തോന്നുന്നേയില്ല. ഭക്തി ഒരു വ്യവസായമായി നമ്മള്‍ കാണുകയാണല്ലോ. ലോകത്തിന്‍റെ പലയിടങ്ങളിലും രോഗലക്ഷണങ്ങള്‍ കാണിക്കാത്ത മനുഷ്യരില്‍ നിന്നുപോലും രോഗം പടര്‍ന്നിട്ടുണ്ട്. മനുഷ്യനുവേണ്ടി വിവേകത്തോടെ പെരുമാറണമെന്നാണ് എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്. ആ പാഠങ്ങള്‍ ചിലര്‍ ജീവിതത്തിലും നടപ്പിലാക്കി.

സാമൂഹിക അകലം പൊതുജീവിതത്തിന്‍റെ ഭാഗമായി മാറുന്നത് നാം അറിഞ്ഞെ മതിയാകൂ. മനുഷ്യമനസ്സില്‍ നിന്നും രോഗഭീതി ഒഴിയുമ്പോള്‍ മാത്രമേ പഴയതുപോലൊരു ഒത്തുചേരല്‍ ഉണ്ടാകൂ. സിനിമപോലെ ഒരു കലാപ്രദര്‍ശനയിടം സുരക്ഷിതമാണെന്ന ബോധമുണ്ടാവുമ്പോള്‍ മാത്രമെ ആള്‍ക്കൂട്ടമുള്ളയിടമാകൂ. എങ്കിലും മനുഷ്യരെന്നും പ്രതീക്ഷകള്‍ അവസാനിപ്പിക്കാത്ത സകലതും ശരിയാകുമെന്ന് ആത്മവിശ്വാസമുള്ളവരാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും ലോകം അതിന്‍റെ സത്യമായ ചലനം തുടരുന്നത്. എല്ലാ നഷ്ടങ്ങള്‍ ക്കുമീതെയും ശാശ്വതമായ ഒരു ലാഭം പോലെ ഈ ജീവിതം തുടരാനാവുമെന്ന സ്വപ്നമുണ്ടാകും. സിനിമ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണല്ലോ, അത് സത്യമാകുക തന്നെ ചെയ്യും. എല്ലാ ദുരന്തങ്ങളെയും അതിജീവിക്കുവാന്‍ വിവേചനബുദ്ധിയുള്ള മനുഷ്യര്‍ക്കാവും.