സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും മറ്റൊരു ബാങ്കിന് കൂടി റിസര്‍വ് ബാങ്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലക്ഷ്‌മി വിലാസ് ബാങ്കില്‍ നിന്ന് 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കില്ല. ഒരു മാസത്തേക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ഡിസംബര്‍ 16ന് ആണ് അവസാനിക്കുന്നത്. സിങ്കപ്പൂരിലെ ഡിബിഎസ് ബാങ്കിന്റെ ഇന്ത്യന്‍ സബ്‌സിഡറിയായ ഡിബിഎസ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലക്ഷ്‌മി വിലാസ് ബാങ്കിനെ ലയിപ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. ഈ നീക്കത്തിനെതിരെ ലക്ഷ്‌മി വിലാസ് ബാങ്കിന്റെ ഓഹരിയുടമകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.
ലയന നീക്കത്തിന് അനുമതി നല്‍കിയ നിലപാടില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്നോക്കം പോകാനുള്ള സാധ്യത തീര്‍ത്തും കുറവാണ്. ലക്ഷ്‌മി വിലാസ് ബാങ്കിന്റെ മൂലധനത്തിലുള്ള ചോര്‍ച്ചയും കിട്ടാക്കടത്തിന്റെ പെരുക്കവും കണക്കിലെടുക്കുമ്പോള്‍ മറ്റൊരു ബാങ്കുമായുള്ള ലയനമല്ലാതെ മാര്‍ഗമില്ല. ലയനത്തിനുള്ള കരാര്‍ അനുസരിച്ച് അടച്ചുതീര്‍ത്ത മുഴുവന്‍ മൂലധനവും എഴുതിതള്ളാനാണ് തീരുമാനം. ഈ തീരുമാനമാണ് ഓഹരിയുടമകളെ വെട്ടിലാക്കിയിരിക്കുന്നത്.
യെസ് ബാങ്കിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമവുമായി ലക്ഷ്‌മി വിലാസ് ബാങ്ക് നേരിടുന്ന പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന രീതിയെ താരതമ്യം ചെയ്യാവുന്നതാണ്. യെസ് ബാങ്കിന്റെ കാര്യത്തില്‍ ബോണ്ടില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ് തിരിച്ചടിയേറ്റത്. ലക്ഷ്‌മി വിലാസ് ബാങ്കിനെ രക്ഷിക്കാനുള്ള നീക്കത്തില്‍ തിരിച്ചടി കിട്ടുന്നത് ഓഹരിയുടമകള്‍ക്കാണ്. രണ്ടായാലും നിക്ഷേപകരുടെ ചെലവിലാണ് തകരുന്ന ബാങ്കുകളെ രക്ഷിച്ചെടുക്കുന്നത്.
യെസ് ബാങ്കിന്റെ കാര്യത്തില്‍ പ്രഥമദൃഷ്‌ട്യാ ഓഹരിയുടമകള്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നില്ലെങ്കിലും തകര്‍ന്നടിഞ്ഞ ഓഹരി വില നിക്ഷേപകരുടെ സമ്പത്താണ് ചോര്‍ത്തിയത്. യെസ് ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി ഉണ്ടായി. 8,400 കോടി രൂപയുടെ കടപ്പത്രമാണ് എഴുതിതള്ളിയത്. ഈ പണം നഷ്‌ടമായ നിക്ഷേപകര്‍ (വ്യക്തികളും സ്ഥാപനങ്ങളും) നിക്ഷേപം തിരികെ കിട്ടാനായി കോടതികളില്‍ നിയമ നടപടികള്‍ തുടരുകയാണ്. എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ബാങ്കുകള്‍ മൂലധന നിക്ഷേപം നടത്തിയതാണ് യെസ് ബാങ്കിന് താങ്ങായത്. പക്ഷേ ഇതുസംബന്ധിച്ച ഇടപാട് നടക്കുമ്പോള്‍ കടപ്പത്രങ്ങള്‍ എഴുതിതള്ളാനും തീരുമാനിച്ചു.
ലക്ഷ്‌മി വിലാസ് ബാങ്ക് പ്രതിസന്ധിയിലാകുമ്പോള്‍ തിരിച്ചടി നേരിടുന്നത് ഓഹരിയുടമകളാണ്. ഡിബിഎസ് ബാങ്കുമായി ലയിക്കുന്ന സമയത്ത് അടച്ചുതീര്‍ത്ത മുഴുവന്‍ മൂലധനവും എഴുതിതള്ളുകയും ലക്ഷ്‌മി വിലാസ് ബാങ്കിന്റെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഡിലിസ്റ്റ് ആവുകയും ചെയ്യും. അടച്ചുതീര്‍ത്ത മുഴുവന്‍ മൂലധനത്തിനൊപ്പം ബാങ്കിന്റെ മുഴുവന്‍ സെക്യൂരിറ്റികളും ഓഹരികളും എഴുതിതള്ളപ്പെടും.
ഈ സാഹചര്യത്തിലാണ് ഓഹരിയുടമകള്‍ ലയന നീക്കത്തിനെതിരെ മുന്നോട്ടുവന്നിരിക്കുന്നത്. ന്യായമായ മൂല്യനിര്‍ണയം നടത്തി ഓഹരിയുടമകള്‍ക്ക് പണം നല്‍കാന്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ നിയോഗിക്കണമെന്നാണ് ഒരു വിഭാഗം ഓഹരിയുടമകളുടെ ആവശ്യം.
കെടുകാര്യസ്ഥതയാണ് ലക്ഷ്‌മി വിലാസ് ബാങ്കിനെയും യെസ് ബാങ്കിനെയും കടുത്ത പ്രതിസന്ധിയിലെത്തിച്ചത്. ലക്ഷ്‌മി വിലാസ് ബാങ്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി നഷ്‌ടം നേരിടുകയായിരുന്നു. ഏറ്റവുമൊടുവിലത്തെ ത്രൈമാസത്തില്‍ 397 കോടി രൂപയുടെ നഷ്‌ടമാണ് ബാങ്ക് രേഖപ്പെടുത്തിയത്. മൊത്ത നിഷ്‌ക്രിയ ആസ്‌തി വായ്‌പാ തുകയുടെ 24.45 ശതമാനമായി വര്‍ധിക്കുകയും ചെയ്‌തു. നിക്ഷേപങ്ങള്‍ കുറഞ്ഞുവരുന്നതും നഷ്‌ടവും നിഷ്‌ക്രിയ ആസ്‌തിയും കൂടിവരുന്നതും ബാങ്കിന്റെ സാമ്പത്തിക നില വഷളാക്കി. അറ്റ ആസ്‌തി (നെറ്റ് വര്‍ത്ത്) നെഗറ്റീവായതോടെ ആവശ്യമായ മൂലധനം സമാഹരിക്കുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനും ബാങ്ക് മാനേജ്‌മെന്റ് പരാജയപ്പെട്ടു. ഒടുവില്‍ ആ പരാജയത്തിന് വില കൊടുക്കേണ്ടി വരുന്നത് ഓഹരിയുടമകളാണ്.


















