തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്കും വെബ് സീരീസുകള്‍ക്കും ഫെഫ്കയുടെ സത്യവാങ്മൂലം വേണം. ഫെഫ്കയിലെ അംഗങ്ങളായവര്‍ ഒടിടി, വെബ്‌സീരീസില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ ഫെഫ്ഫകയുടെ സത്യവാങ്മൂലം നേടണം. ഫെഫ്ക ഓഫീസില്‍ അഫിഡവിറ്റ് നല്‍കുന്നവരുടെ പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോവിഡ് കാലത്ത് പ്രതിഫല സംബന്ധമായതടക്കം ധാരാളം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഫെഫ്കയുടെ പുതിയ തീരുമാനം.
ഫെഫ്ക പുറത്തിറക്കിയ പത്രകുറിപ്പ് ഇങ്ങനെ:
പ്രിയ ഫെഫ്ക അംഗങ്ങളെ ,
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തനം നിലച്ച ചലച്ചിത്ര മേഖല പതിയെ ചലിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണമെന്ന് ഒരിക്കല്‍ കൂടി അംഗങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.
തിയേറ്റര്‍ സിനിമയ്ക്ക് പുറമെ ഒടിടി സിനിമകളുടേയും വെബ് സീരീസുകളുടേയും ധാരാളം വര്‍ക്കുകള്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്നുണ്ട് . തൊഴില്‍ രംഗം കൂടുതല്‍ സജീവമാകുക വഴി നമ്മുടെ അംഗങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഇത്തരം ഫ്‌ലാറ്റുഫോമുകളെ ഫെഫ്ക ആദ്യമെ സ്വാഗതം ചെയ്തത് ഓര്‍ക്കുന്നുണ്ടാവുമല്ലോ .
പക്ഷെ പ്രതിഫല സംബന്ധമായതടക്കം ധാരാളം പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് ഫെഫ്കക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ് . അതിന് പ്രധാന കാരണം തൊഴില്‍ ഉടമയുമായി യാതൊരു കരാറും ഇല്ലാത്തതാണ് . ഒടിടി, വെബ് സീരീസില്‍ വര്‍ക്കു ചെയ്യാന്‍ പോകുന്ന നമ്മുടെ അംഗങ്ങള്‍ക്ക് വേണ്ടി പുതിയ അഫിഡവിറ്റ് രെജിസ്‌ട്രേഷന്‍ ഫെഫ്കയില്‍ ആരംഭിച്ച വിവരം അറിയിക്കട്ടെ.
വര്‍ക്ക് ചെയ്യാന്‍ പോകുന്നവരും പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്‌സും ഈ തീരുമാനം നടപ്പിലാക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. മേലില്‍ ഫെഫ്ക ഓഫീസില്‍ അഫിഡവിറ്റ് നല്‍കുന്നവരുടെ പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നറിയിക്കുന്നു.
സഹകരിക്കുമല്ലോ
ബി ഉണ്ണികൃഷ്ണന്‍
ജനറല്‍ സെക്രട്ടറി
ഫെഫ്ക