ഹൈദരാബാദ്: രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പര്‍ താരം രജനികാന്ത് ആശുപത്രി വിട്ടു. ഒരാഴ്ചത്തെ പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയിലായിട്ടുണ്ടെന്നും ആരോഗ്യ നിലയില്‍ പുരോഗതിയുളളതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ചയാണ് താരത്തെ ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.