കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ കൂടെ കൂട്ടണമെന്ന സിപിഎമ്മിന്റെ ദീര്‍ഘകാലമായുള്ള മോഹം ഫലപ്രാപ്‌തിയിലെത്തിക്കുന്നതിന് ഒരു തരത്തിലും സമ്മതിക്കില്ലെന്ന വാശിയിലാണ് സിപിഐ. മാണി ഗ്രൂപ്പിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കണമെന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ പദ്ധതിക്ക് ഒട്ടേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാണി ജീവിച്ചിരുന്ന കാലത്ത് ആ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ അരിക് വരെ എത്തിയതാണ്. പക്ഷേ സിപിഐയുടെ തടസവാദം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ അതിനുള്ള അവസരം വീണ്ടും വന്നപ്പോഴും സിപിഎമ്മിന്റെ കണ്ണിലെ കരടായി തുടരുകയാണ് സിപിഐ.
ഉമ്മന്‍ചാണ്ടി ഭരണ കാലത്ത് കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരുന്നതിനുള്ള അണിയറ നീക്കങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുമ്പോഴാണ് ബാര്‍ കോഴ ആരോപണം ഇടിമിന്നല്‍ പോലെ മാണിക്കു മേല്‍ പതിച്ചത്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ബ്ലാക്ക്‌മെയില്‍ രാഷ്‌ട്രീയത്തിലൂടെ മാണിയെ യുഡിഎഫിന് വിധേയനായി നിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് തന്ത്രപരമായി തന്നെ കളിച്ചു. അതോടെ കൂടെ കൂട്ടാന്‍ മോഹിച്ച ആള്‍ക്കെതിരെ സമരം ചെയ്യേണ്ട ഗതികേടിലായി സിപിഎം.
എന്നിട്ടും ഒരിക്കല്‍ അലസിപോയ മോഹത്തിനു പുറകെ ചുറ്റിതിരിയുന്ന പരിപാടി സിപിഎം ഉപേക്ഷിച്ചില്ല. യുഡിഎഫിന് അധികാരം നഷ്‌ടപ്പെട്ടതിനു ശേഷം കോണ്‍ഗ്രസുമായുള്ള പിണക്കത്തെ തുടര്‍ന്ന് മുന്നണിയില്‍ നിന്ന് ഇടക്കാലത്ത് വിട്ടുനിന്നപ്പോഴും മാണിയോട് മൃദുസമീപനമാണ് സിപിഎം സ്വീകരിച്ചിരുന്നത്. 2018ല്‍ തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ സെമിനാറില്‍ മാണിയെ പങ്കെടുപ്പിക്കുന്നതിന് 12 ബജറ്റ് വിറ്റ് കാശാക്കിയയാള്‍ എന്ന് തങ്ങള്‍ തന്നെ നല്‍കിയ മുന്‍കാല വിശേഷണമോ നിയമസഭയില്‍ അദ്ദേഹത്തിന്റെ ബജറ്റ് അവതരണം തടയാനായി നടത്തിയ പ്രക്ഷോഭത്തിന്റെ ഓര്‍മകളോ വിപ്ലവ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് തടസമായിരുന്നില്ല. മാണി സെമിനാറില്‍ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ “സാമ്പത്തിക വിദഗ്‌ധന്‍” എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മഹിമയെ കുറിച്ച് വാഴ്‌ത്താന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയായിരുന്നു.
പക്ഷേ സിപിഐയും അതിന്റെ സെക്രട്ടറിയും വന്‍മതില്‍ പോലെ നിലകൊണ്ടതോടെ മാണി ഗ്രൂപ്പിനെ എല്‍ഡിഎഫിലെത്തിക്കുക എന്ന മോഹം സിപിഎമ്മിന് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ മാണിയുടെ മകന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് യുഡിഎഫില്‍ നിന്ന് പുറത്തെത്തിയിട്ടും അതിനെ മുന്നണിയിലേക്ക് സ്വീകരിക്കാന്‍ സിപിഐയുടെ തടസവാദം കാരണം സിപിഎമ്മിന് സാധിക്കുന്നില്ല.
സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിമര്‍ശകനായി നിലകൊണ്ടിരുന്ന കാനം രാജേന്ദ്രന്‍ ഇടക്കാലത്തെ മൗനത്തിനു ശേഷം വീണ്ടും ആ റോളിലേക്ക് തിരികെയെത്തി എന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ ഒരു സവിശേഷത. സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന് പൊലീസിന്റെ അടിയേറ്റ സംഭവത്തോട് തണുപ്പന്‍ സമീപനം സ്വീകരിച്ചത് ഉള്‍പ്പെടെയുള്ള കാനത്തിന്റെ സ്വരമാറ്റത്തിന് പിന്നില്‍ ചില ബ്ലാക്ക്‌മെയിലിംഗുകളുണ്ടെന്നായിരുന്നു പിന്നാമ്പുറ കഥ. അതെന്തായാലും മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് കടക്കാനുള്ള നീക്കം വന്നതോടെ കാനം പഴയ സ്വരൂപം വീണ്ടെടുത്തു.
സിപിഎമ്മിന്റെ മാണി ഗ്രൂപ്പിനോടുള്ള അവസരവാദപരമായ നയത്തില്‍ അമര്‍ഷമുള്ളവരാണ് ആ പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരു വിഭാഗം സാംസ്‌കാരിക നായകന്‍മാരും സോഷ്യല്‍ മീഡിയ ആക്‌ടിവിസ്റ്റുകളും. ബാര്‍ കോഴ വിവാദ കാലത്ത് മാണിക്ക് മണിഓര്‍ഡര്‍ അയച്ചുകൊടുക്കുന്ന ആക്ഷേപഹാസ്യ രൂപത്തിലുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവരൊക്കെ ഈ അവസരവാദത്തെ എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ചോദിക്കുന്നവരാണ്.
യഥാര്‍ത്ഥത്തില്‍ കേരള കോണ്‍ഗ്രസിന് മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ ക്‌നാനായ സമുദായത്തിന് ഇടയിലുള്ള സ്വാധീനവുമായി താരതമ്യം ചെയ്യുമ്പോള്‍ സിപിഐക്ക് അത്ര രാഷ്‌ട്രീയ ആള്‍ബലമെങ്കിലുമുണ്ടോയെന്ന് സംശയമാണ്. എത്ര മണ്‌ഡലങ്ങളില്‍ സിപിഐക്ക് നിര്‍ണായക ശക്തിയുണ്ടെന്ന കണക്കെടുത്താല്‍ എല്‍ഡിഎഫിലെ രണ്ടാമത്തെ പാര്‍ട്ടി എന്ന സ്ഥാനമൊക്കെ കടലാസില്‍ മാത്രമേയുള്ളൂവെന്ന് മനസിലാക്കാനാകും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ധാര്‍മികതയും പ്രത്യയശാസ്‌ത്രപരമായ സുതാര്യതയും ആള്‍ബലത്തേക്കാളും പാര്‍ട്ടികളുടെ വലിപ്പത്തേക്കാളും പ്രധാനമായി വരും. സിപിഐയും കാനം രാജേന്ദ്രനും ഇപ്പോള്‍ എടുക്കുന്ന നിലപാട് കേരള രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായി വരുന്നത് ആ പ്രാധാന്യത്തെ മുന്‍നിര്‍ത്തിയാണ്.
അതേ സമയം മാണി ഗ്രൂപ്പിനെ കൂടെ കൂട്ടുന്നതിന് സിപിഎമ്മിന് തങ്ങളുടേതായ ന്യായങ്ങളുമുണ്ട്. ബിജെപിക്കൊപ്പം ചേര്‍ന്ന് ജോസ് കെ.മാണി കേന്ദ്രമന്ത്രി വരെയാകുമോ എന്ന് സിപിഎം പേടിക്കുന്നു. മാണിയുണ്ടായിരുന്ന കാലത്ത് തന്നെ അവരുമായി സഖ്യത്തിന് ബിജെപി ശ്രമിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ബാലകൃഷ്‌ണപിള്ള ഗ്രൂപ്പിനെ കൂടെ കൂട്ടിയതും ഇത്തരത്തിലുള്ള ബിജെപി സഖ്യ സാധ്യതാ ഭയം മൂലമാണ്. ബിജെപിയുമായി ചേര്‍ന്ന് പത്തനാപുരത്ത് നിന്ന് ഒരു എന്‍ഡിഎ എംഎല്‍എ വരുന്നത് സിപിഎമ്മിന് ഒരു തരത്തിലും സഹിക്കാവുന്നതായിരുന്നില്ല. അതുപോലെ ബിജെപിയുമായി ജോസ് കെ.മാണി സഖ്യത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണമെന്നും സിപിഐ ഈ വാദം അംഗീകരിക്കണമെന്നുമാണ് സിപിഎം ആവശ്യപ്പെടുന്നത്.