ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ചുള്ള ഭൂമിപൂജയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഭൂമിപൂജയില്‍ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി തീരുമാനിച്ചത്. ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍നിന്ന് തന്നെ ഒഴിവാക്കാന്‍ സംഘാടകരോടും പ്രധാനമന്ത്രിയുടെ ഓഫിസിനോടും ആവശ്യപ്പെട്ടതായി ഉമ ഭാരതി ട്വീറ്റ് ചെയ്‌തു.
ഭൂമിപൂജ നടക്കുന്ന സമയത്ത് സരയു നദീതീരത്ത് നില്‍ക്കുമെന്നും ഭൂമിപൂജ കഴിഞ്ഞ് എല്ലാവരും പോയ ശേഷം സ്ഥലം സന്ദര്‍ശിക്കുമെന്നും ഉമ ഭാരതി പറഞ്ഞു. “ശിലാസ്ഥാപന ചടങ്ങിനു മുന്‍പായി അയോധ്യയിലേക്ക് പോകും. എന്നാല്‍, ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കില്ല. ശിലാസ്ഥാപന ചടങ്ങ് കഴിഞ്ഞ്, എല്ലാ അതിഥികളും പോയശേഷം രാംലല്ല സന്ദര്‍ശിക്കും,” ഉമ ഭാരതി പറഞ്ഞു.
मै भोपाल से आज रवाना होऊंगी । कल शाम अयोध्या पहुँचने तक मेरी किसी संक्रमित व्यक्ति से मुलाकात हो सकती हैं ऐसी स्थिति में जहाँ @narendramodi और सेकडो लोग उपस्थित हो मै उस स्थान से दूरी रखूँगी । तथा @narendramodi और सभी समूह के चले जाने के बाद ही मै रामलला के दर्शन करने पहुँचूँगी।
— Uma Bharti (@umasribharti) August 3, 2020
ഭൂമിപൂജയില്‍ പ്രത്യേക അതിഥിയായെത്തുന്ന പ്രധാനമന്ത്രിയുടെ ആരോഗ്യത്തെ കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും ഉമ ഭാരതി കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും മറ്റു ചില ബിജെപി നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ ഭാരതി ഭൂമിപൂജയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
അതേസമയം, രാമക്ഷേത്ര ഭൂമിപൂജ ചടങ്ങിനായി വന്‍ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന.ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അമ്പതോളം വിഐപികള്‍ പങ്കെടുക്കുമെന്നാണ് സൂചന. . ക്ഷേത്ര തറക്കല്ലിടലിനു നാല്‍പ്പത് കിലോയുടെ വെള്ളിക്കല്ലാണ് ഉപയോഗിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും തറക്കല്ലിടല്‍ പരിപാടി.
ഭക്തര്‍ക്ക് ശിലാസ്ഥാപനം തത്സമയം കാണുന്നതിനായി അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് തുടങ്ങി പ്രമുഖരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അറുപതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം. എന്നാല്‍, പ്രധാനമന്ത്രി അടക്കമുള്ള പല രാഷ്‌ട്രീയ പ്രമുഖര്‍ക്കും അറുപതില്‍ കൂടുതല്‍ പ്രായമുണ്ട്.