പെരിയ ഇരട്ട കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, അതിനു ശേഷം ഈ കേസ് വിശദമായി പരിഷശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസില്‍ സി.ബി.ഐക്ക് എന്താണ് പറയാനുളളതെന്ന് കേള്‍ക്കട്ടെ എന്നാണ് ഇന്ന് സുപ്രീംകോടതി പറഞ്ഞത്. അതിനു ശേഷം ഇക്കാര്യത്തില്‍ എന്തു നടപടി വേണമെന്ന് ആലോചിക്കാം എന്നും കോടതി അഭിപ്രായപ്പെട്ടു. അടിയന്തരമായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
സി.ബി.ഐ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്. നാലാഴ്ചക്കകം മറുപടി നല്‍കണണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേതാണ് നടപടി. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഓഗസ്റ്റിലാണ് ഹൈക്കോടതി വിധി വന്നത്.
സുപ്രീം കോടതി നിലപാട് ആശ്വാസം നല്‍കുന്നുവെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പ്രതികരിച്ചു. തങ്ങളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചുവെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.