മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയിലെ ശക്തമായ ഇടിവില്‍ സംഭവിച്ച നഷ്‌ടം ഏറെക്കുറെ നികത്താന്‍ മൂന്ന് ദിവസത്തെ മുന്നേറ്റത്തിലൂടെ സാധിച്ചു. നഷ്‌ടത്തോടെ തുടങ്ങിയ വിപണി പിന്നീട് നേട്ടത്തിലേക്ക് മുന്നേറുകയായിരുന്നു. അതേ സമയം വിപണിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു.
സെന്‍സെക്‌സ് ഇന്ന് 112 പോയിന്റും നിഫ്‌റ്റി 23 പോയിന്റും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 40,544 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,732.01 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 11,949 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 11,896 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
പ്രധാനമായും ഐടി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി ഐടി സൂചിക 1.41 ശതമാനം ഉയര്‍ന്നു. മൈന്റ് ട്രീ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി. അതേ സമയം പൊതുമേഖലാ ബാങ്ക് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. നിഫ്‌റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.43 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 27 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 23 ഓഹരികളാണ് നഷ്‌ടത്തിലായത്. എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. എച്ച്‌സിഎല്‍ ടെക് 4.27 ശതമാനം നേട്ടം രേഖപ്പെടുത്തി. ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ബ്രിട്ടാനിയ, ഒഎന്‍ജിസി, ഗെയില്‍, ഐഒസി, യുപിഎല്‍ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നഷ്‌ടം നേരിട്ടു.