Web Desk
ദുബായ്: യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് ജൂലൈ ഒന്നുമുതല്‍ കോവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. വിദേശികള്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനാഫലം വിമാനത്താവളങ്ങളില്‍ ഹാജരാക്കണമെന്ന് അതോറിറ്റി അറിയിച്ചു.
അതേസമയം, അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് യുഎഇ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തും. 17 രാജ്യങ്ങളിലായി 107 അംഗീകൃത പരിശോധനാ കേന്ദ്രങ്ങളാണുള്ളതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
നിലവിൽ ഔദ്യോഗികമായി വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക. അതേസമയം ഇന്ത്യക്കാർക്ക് ദുബായിലെത്താൻ ഇനിയും കാത്തിരിക്കണം.
അതേസമയം, യുഎഇയിലെ ഇന്ത്യന്‍ മിഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ വന്ദേഭാരത് മിഷന്റെ ഭാഗമാണ്. നിബന്ധനകള്‍ ആദ്യം പാലിക്കുന്നവര്‍ക്ക് ആദ്യ പരിഗണനയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.