മുംബൈ: തുടര്‍ച്ചയായ ആറ് ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി ഇന്ന് ‘ഫ്ളാറ്റ്’ ആയ നിലയില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി നേട്ടമോ നഷ്ടമോ ഇല്ലാതെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് അഞ്ച് പോയിന്റ് നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി ആദ്യമായി 14,000 പോയിന്റിലെത്തുന്നതിന് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. ഫാര്‍മ ഓഹരികളാണ് പ്രധാനമായും വിപണിയുടെ മുന്നേറ്റത്തില്‍ പങ്കു വഹിച്ചത്.അതേ സമയം 14,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ നിഫ്റ്റിക്ക് സാധിച്ചില്ല.
രാവിലെ നേട്ടത്തോടെ തുടങ്ങിയ നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ് ചെയ്തത്. 14,024 എന്ന പുതിയ റെക്കോഡ് നിലവാരമാണ് ഇന്ന് നിഫ്റ്റി രേഖപ്പെടുത്തിയത്. അതേ സമയം ഇന്ന് വിപണി കടുത്ത ചാഞ്ചാട്ടമാണ് നേരിട്ടത്.
എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ, ദിവിസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ നിഫ്റ്റി ഓഹരികള്‍. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടം നേരിട്ടു. 28 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 22 ഓഹരികളുടെ വില ഉയര്‍ന്നു. കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍ ശ്രീ സിമന്റ്സും ടിസിഎസുമാണ്. ഫാര്‍മ, റിയല്‍ എസ്റ്റേറ്റ് ഓഹരികളാണ് ഇന്ന് പ്രധാനമായും ഉയര്‍ന്നത്. നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് ഇന്‍ഡക്സ് 1.23 ശതമാനം ഉയര്‍ന്നു.