മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 13,000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. ഈ നിലവാരത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. എച്ച്.ഡി.എഫ്.സി ബാങ്ക്, അദാനി പോര്‍ട്സ്, ഏയ്ഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര & മഹീന്ദ്ര, കോട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, എഷ്യന്‍ പെയിന്റ്സ്, എച്ച്.ഡി.എഫ.്സി ലൈഫ്, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണി പുതിയ റെക്കോഡ് സൃഷ്ടിക്കന്നതാണ് ഇന്നും കണ്ടത്. ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ബാങ്ക്, ഓട്ടോ, ഫാര്‍മ ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 2.46 ശതമാനവും നിഫ്റ്റി ഫാര്‍മ സൂചിക 1.22 ശതമാനവും നിഫ്റ്റി ഓട്ടോ സൂചിക 1.71 ശതമാനവും ഉയര്‍ന്നു.
സെന്‍സെക്സ് 44,500ന് മുകളിലും നിഫ്റ്റി 13,000ന് മുകളിലും ക്ലോസ് ചെയ്തു. നിഫ്റ്റി 13,079 എന്ന പുതിയ റെക്കോഡ് ആണ് ഇന്ന് സൃഷ്ടിച്ചത്. സെന്‍സെക്സ് 445.87 പോയിന്റും നിഫ്റ്റി 128.70 പോയിന്റും ഉയര്‍ന്നു. സെന്‍സെക്സ് 44,523.02 പോയിന്റിലും നിഫ്റ്റി 13055.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയില്‍ 200 പോയിന്റിന്റെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,978 പോയിന്റ് ആണ് ഇന്നത്തെ താഴ്ന്ന നില.
അദാനി പോര്‍ട്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏയ്ഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്റ്റി ഓഹരികള്‍. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏയ്ഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടത്തിലായി. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 38 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 12 ഓഹരികളാണ് നഷ്ടത്തിലായത്. ടൈറ്റാന്‍, എച്ച്ഡിഎഫ്സി, ബിപിസിഎല്‍, നെസ്ളേ ഇന്ത്യ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.