English हिंदी

Blog

gold commodity watch

കെ.അരവിന്ദ്‌

സ്വര്‍ണത്തെ ഓഹരികള്‍ക്ക്‌ സമാനമായ ധനകാര്യ ആസ്‌തിയായി മാറ്റുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആലോചനകള്‍ യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ സ്വര്‍ണ വിപണിയുടെ രൂപവും ഭാവവും മാറും. രാജ്യത്തെ വന്‍ സ്വര്‍ണ ശേഖരം ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റുന്നതിന്‌ ഇത്‌ വഴിയൊരുക്കും.

2015ലാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ്‌ മോണിട്ടൈസേഷന്‍ സ്‌കീം പ്രഖ്യാപിച്ചത്‌. രാജ്യത്തെ ഏകദേശം 25,000 ടണ്‍ വരുന്ന സ്വര്‍ണത്തെ ഈ സ്‌കീമിന്‌ കീഴിലേക്ക്‌ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ ജിഡിപിയുടെ 45 ശതമാനം വരും ഈ സ്വര്‍ണത്തിന്റെ മൂല്യം. ഡെപ്പോസിറ്റുകള്‍ തുറന്ന്‌ അവയില്‍ സ്വര്‍ണം നിക്ഷേപിക്കുന്ന സ്‌കീമാണ്‌ ഇത്‌. നിക്ഷേപകന്‍ നല്‍കുന്ന സ്വര്‍ണം ഉരുക്കി കട്ടികളായി സൂക്ഷിക്കുകയാണ്‌ ഈ സ്‌കീമിനു കീഴില്‍ ചെയ്യുന്നത്‌. നിശ്ചിത ശതമാനം പലിശ നല്‍കുന്ന സോവറെയ്‌ന്‍ ഗോള്‍ഡ്‌ ബോണ്ട്‌ സ്‌കീമും സ്വര്‍ണത്തെ ധനകാര്യ ആസ്‌തിയായി മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്‌.

Also read:  സുശാന്തിന്റേത് കൊലപാതകമല്ല; ആത്മഹത്യയെന്ന് എയിംസിലെ ഡോക്ടര്‍മാരുടെ മൊഴി

ഓഹരികള്‍ ഡീമാറ്റ്‌ രൂപത്തിലാണ്‌ നിക്ഷേപകര്‍ക്ക്‌ നല്‍കപ്പെടുന്നത്‌. സ്വര്‍ണവും ഈ രീതിയില്‍ ഡീമാറ്റ്‌ രൂപത്തിലാക്കുകയാണ്‌ ലക്ഷ്യം. ഡെപ്പോസിറ്ററി അക്കൗണ്ടുകള്‍ തുറന്ന്‌ അതുവഴി സ്വര്‍ണം കൈവശം വെക്കുന്ന രീതി ആരംഭിച്ചു കഴിഞ്ഞാല്‍ ഓഹരികള്‍ പോലെ എക്‌സ്‌ചേഞ്ച്‌ വഴി സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സാധിക്കും.

നിലവില്‍ സ്വര്‍ണം വില്‍ക്കാന്‍ നിക്ഷേപകര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌. ബാങ്കുകള്‍ വഴി സ്വര്‍ണം വില്‍ക്കാനാകില്ല. ജ്വല്ലറികള്‍ വഴി സ്വര്‍ണം വില്‍ക്കുന്നതിന്‌ പരിമിതികളുണ്ട്‌. വില ക്രമാതീതമായി ഉയരുന്ന വേളകളില്‍ സ്വര്‍ണം ഉപഭോക്താക്കളില്‍ നിന്ന്‌ സ്വീകരിക്കുന്നതിന്‌ ജ്വല്ലറികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്‌.

Also read:  ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പിടിയില്‍

ഡെപ്പോസിറ്ററി അക്കൗണ്ടുകള്‍ വഴി കൈവശം വെക്കുന്ന രീതി കൊണ്ടുവന്നാല്‍ സ്വര്‍ണം എപ്പോള്‍ വേണമെങ്കിലും വിപണി വിലക്ക്‌ വില്‍ക്കാന്‍ സാധിക്കും. ഇത്‌ സ്വര്‍ണമാക്കി മാറ്റാനും സാധിക്കും. ഉദാഹരണത്തിന്‌ നിങ്ങളുടെ ഡെപ്പോസിറ്ററി അക്കൗണ്ടില്‍ 500 ഗ്രാം സ്വര്‍ണമുണ്ടെന്ന്‌ കരുതുക. ഇത്‌ ആഭരണങ്ങളായി മാറ്റണമെങ്കില്‍ ഒരു ജ്വല്ലറിയെ സമീപിക്കുകയും ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക്‌ സ്വര്‍ണം ട്രാന്‍സ്‌ഫര്‍ ചെയ്‌തതിനു ശേഷം തതുല്യമായ സ്വര്‍ണാ ഭരണങ്ങള്‍ വാങ്ങുകയും ചെയ്യാവുന്നതാണ്‌. അക്കൗണ്ടിലുള്ള സ്വര്‍ണം വിറ്റ്‌ പണമാക്കണമെങ്കില്‍ എക്‌സ്‌ചേഞ്ച്‌ വഴി ഓണ്‍ലൈനായി വില്‍പ്പന നടത്താം. അക്കൗണ്ടിലുള്ള സ്വര്‍ണം പണയപ്പെടുത്തി വായ്‌പയെടുക്കണമെങ്കില്‍ അതും സാധിക്കും. ഇതും ഓണ്‍ലൈനായി വീട്ടിലിരുന്ന്‌ ചെയ്യാനാകും.

Also read:  ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി; സെന്‍സെക്‌സ്‌ 376 പോയിന്റ് ഉയര്‍ന്നു

ഓഹരികള്‍ ഡീമാറ്റ്‌ രൂപത്തിലാക്കിയതിന്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക്‌ തുല്യമായിരിക്കും ഇത്‌. 1997ലാണ്‌ ഓഹരികള്‍ ഡീമാറ്റ്‌ രൂപത്തിലാക്കുന്ന രീതി ആരംഭിച്ചത്‌. അതിനു ശേഷം 22 വര്‍ഷം വേണ്ടി വന്നു. ഓഹരികള്‍ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയാകാന്‍. 2019 വര്‍ഷം ഏപ്രില്‍ ഒന്ന്‌ മുതല്‍ കടലാസ്‌ രൂപത്തിലുള്ള ഓഹരികള്‍ കൈവശം വെക്കാനാകില്ല.

അതേസമയം സ്വര്‍ണം ഡീമാറ്റ്‌ രൂപത്തിലാക്കുന്നത്‌ വളരെ സങ്കീര്‍ണവും ദൈര്‍ഘ്യമേറിയതുമായ പ്രക്രിയ ആയിരിക്കും. ഗോള്‍ഡ്‌ ബാറുകള്‍ക്ക്‌ മാര്‍ക്കിംഗ്‌ നമ്പര്‍ ഏര്‍പ്പെടുത്തുകയും ജ്വല്ലറികള്‍ക്ക്‌ യുഐഡി നമ്പര്‍ പതിപ്പിക്കുകയും ചെയ്യേണ്ടി വരും. സ്വര്‍ണത്തിന്റെ ഓരോ വ്യാപാരവും നിര്‍ബന്ധിമായി രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ഇതൊക്കെ നടപ്പിലാക്കുന്നതിന്‌ ഏറെ കാലതാമസമെടുക്കും.