മുംബൈ: ഓഹരി വിപണി ഇന്ന് മികച്ച നിലയില്‍ തുടങ്ങിയെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ കടുത്ത ചാഞ്ചാട്ടമാണ് ഇന്നും വിപണി പ്രകടിപ്പിച്ചത്. സെന്‍സെക്‌സ് 98ഉം നിഫ്‌റ്റി 24ഉം പോയിന്റും ഇടിവ് നേരിട്ടു.
സെന്‍സെക്‌സ് 38,756 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 39,230 പോയിന്റ്‌വരെ ഇന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ഉച്ചക്കു ശേഷം വില്‍പ്പന സമ്മര്‍ദം ദൃശ്യമായി. 38,573 ആണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില. 39,000 എന്ന മനശാസ്‌ത്രപരമായ നിലവാരം മറികടാന്‍ ഇന്നും സെന്‍സെക്‌സിന് കഴിഞ്ഞില്ല.
ഇന്ന് നിഫ്‌റ്റി ഒരു ഘട്ടത്തില്‍ 11,568 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും നേട്ടം നിലനിര്‍ത്താന്‍ സാധിച്ചില്ല. 11,440 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 11,384 പോയിന്റ് വരെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞിരുന്നുവെങ്കിലും 11,400ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു.
സൂചികാധിഷ്‌ഠിത ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്‌ടത്തിലായിരുന്നു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 34 ഓഹരികള്‍ ഇടിവ് നേരിട്ടപ്പോള്‍ 16 ഓഹരികള്‍ മാത്രമാണ് ഉയര്‍ന്നത്. ഐടി ഓഹരികളാണ് ഇന്ന് പ്രധാനമായും മുന്നേറിയത്. എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, യുപിഎല്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
നിഫ്‌റ്റി ഐടി സൂചിക 4.44 ശതമാനം ഉയര്‍ന്നു. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ രണ്ടാം ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം മികച്ചതായിരിക്കുമെന്ന വെളിപ്പെടുത്തല്‍ ഈ ഓഹരി 10.60 ശതമാനം ഉയരാന്‍ കാരണമായി. ഇത് മറ്റ് ഐടി ഓഹരികളുടെയും മുന്നേറ്റത്തിന് വഴിവെച്ചു. ടിസിഎസ് 4.85 ശതമാനവും വിപ്രോ 4.45 ശതമാനവും ഉയര്‍ന്നു. എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നീ ഐടി ഓഹരികളുടെ വില ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ബിപിസിഎല്‍, പവര്‍ഗ്രിഡ്, എസ്‌ബിഐ എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം നേരിട്ട ഓഹരികള്‍. ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ബിപിസിഎല്‍ എന്നിവ മൂന്ന് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.
നിഫ്‌റ്റി റിയാല്‍റ്റി സൂചിക 3.72 ശതമാനം മുന്നേറി. അതേ സമയം ബാങ്ക് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം ദൃശ്യമായിരുന്നു.
മള്‍ട്ടികാപ് ഫണ്ടുകളുടെ നിക്ഷേപ അനുപാതത്തില്‍ മാറ്റം വരുത്തണമെന്ന സെബിയുടെ നിര്‍ദേശം ഇന്ന് സ്‌മോള്‍കാപ് ഓഹരികള്‍ കുതിച്ചുകയറുന്നതിന് കാരണമായി. നിഫ്‌റ്റി സ്‌മോള്‍കാപ് 50 സൂചിക ഇന്ന് 6.25 ശതമാനമാണ് ഉയര്‍ന്നത്.