Web Desk
മ്യാന്മറിലെ ഷ്വേ എണ്ണ-പ്രകൃതിവാതക പദ്ധതിയുടെ ഭാഗമായ A-1, A-3 ബ്ലോക്കുകളിലെ കൂടുതൽ വികസനം ലക്ഷ്യമിട്ട് ONGC വിദേശ് ലിമിറ്റഡ് നടത്തുന്ന US$ 121.27 മില്യണിന്റെ (909 കോടി രൂപയോളം) അധികനിക്ഷേപത്തിനു കാബിനറ്റ് അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തികകാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയാണ് ഇത് സംബന്ധിച്ച അനുവാദം നൽകിയത്.
2002 മുതൽ തന്നെ മ്യാന്മറിലെ ഷ്വേ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ONGC വിദേശ് ലിമിറ്റഡ് (OVL) നടപ്പാക്കിവരികെയാണ്. ദക്ഷിണകൊറിയ-മ്യാന്മാർ-ഇന്ത്യ എന്നീ രാജ്യങ്ങളിലെ കമ്പനികളുടെ കൂട്ടായ്മയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ GAIL ഉം പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ച് 31 വരെ US$ 722 മില്യണിന്‍റെ നിക്ഷേപമാണ് OVL, ഈ പദ്ധതിയിൽ നടത്തിയിരിക്കുന്നത്.
പദ്ധതിയിൽ നിന്നുള്ള ആദ്യ വാതകവിഹിതം 2013 ജൂലൈയിൽ ലഭിച്ചിരുന്നു. 2014-15 സാമ്പത്തികവർഷം മുതൽതന്നെ പദ്ധതിയിൽ നിന്നുള്ള വരുമാനം ലഭിക്കുന്നുണ്ട്.ഇന്ത്യയുടെ വിവിധ അയൽരാജ്യങ്ങളിലെ, എണ്ണ-വാതക ഖനനത്തിൽ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ “ആക്ട് ഈസ്റ്റ്” നയവുമായി ഒത്തൊരുമിച്ചു പോകുന്ന ഈ നീക്കങ്ങൾ, അടുത്ത അയൽക്കാരുമായി “എനർജി ബ്രിഡ്ജ് ” കൾ വികസിപ്പിക്കാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളുടെ ഭാഗവുമാണ്.