തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ അഴിമതികേസില്‍പെട്ടതോടെയാണ് അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം യുഡിഎഫ് വിഴുങ്ങിയതെന്ന് കോടിയേരി. മതനിരപക്ഷതയുടെ മുദ്രാവാക്യം പോലും മുന്നോട്ട് വെക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ബിജെപിക്കെതിരെ ഒരു സ്ഥലത്തും കോണ്‍ഗ്രസ് ശബ്ദിക്കുന്നില്ല. നാലായിരത്തോളം സീറ്റുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. രണ്ടായിരത്തോളം സീറ്റുകളില്‍ യുഡിഎഫിനും സ്ഥാനാര്‍ഥികളില്ല. പരസ്പരം ഒത്തുകളിക്കുകയാണ് ഇത്തരം സീറ്റുകളില്‍. അവിശുദ്ധമായ ഇത്തരം രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പൊതുവികാരം തെരഞ്ഞെടുപ്പില്‍ എല്ലാസ്ഥലത്തും ഉയരുകയാണ്.
എല്‍ഡിഎഫിനെതിരെ സമാനതയില്ലാത്ത പ്രചാരണമാണ് രാഷ്ട്രീയ ശത്രുക്കള്‍ അഴിച്ചുവിട്ടത്. ബിജെപിയുടെ നേതൃത്വത്തില്‍ ഒരുഭാഗത്തും കോണ്‍ഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് മറുഭാഗത്തും ഇടതുപക്ഷവിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത്. സര്‍ക്കാറിനും എല്‍ഡിഎഫിനുമെതിരെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പിലില്ലെന്ന് പ്രതിപക്ഷത്തിനും ബോധ്യമുണ്ട്.
“കനത്ത പരാജയം ഉറപ്പായപ്പോള്‍ യുഡിഎഫും ബിജെപിയും രാഷ്ട്രീയപ്രചാരണത്തിനല്ല പ്രമുഖ്യം നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ടിനേതാക്കള്‍ക്കുമെതിരെയും വ്യക്തിഹത്യനടത്തുന്ന പ്രചാരവേലയാണ് നടത്തുന്നത്. ജനങ്ങള്‍ക്ക് മുമ്പില്‍ എല്‍ഡിഎഫിന്റെ പ്രതിഛായ തകര്‍ക്കാനാണ് ശ്രമം. ഇതൊന്നും നാട്ടില്‍ വിലപ്പോവില്ല.”-കോടിയേരി പറഞ്ഞു.
















