തിരുവനന്തപുരം: കോവിഡ് വാക്ലിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഗനമാണെന്ന യുഡിഎഫ് ആരോപണം തള്ളി സിപിഎം. സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.
കോവിഡ് മഹാമാരിയെ തളക്കാന്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുന്നോ കൊള്ളുന്നോ എന്ന് യുഡിഎഫ് ബിജെപി നേതൃത്വങ്ങള്‍ വ്യക്തമാക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാതെ കേരളത്തിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനു വേണ്ടി പ്രതിബദ്ധതയോടു ഇടപെടുന്ന മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആരോപിക്കുന്നത് മനുഷ്യത്വഹീനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കെ. സുരേന്ദ്രനും സയാമീസ് ഇരട്ടകളെ പോലെ പിണറായിക്ക് എതിരെ രംഗത്ത് വന്നത് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് വാക്‌സിന് ആയിരം രൂപ വരെ വില വരും എന്നാണ് വാര്‍ത്ത. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് വ്യക്തമാക്കാന്‍ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ആ പശ്ചാത്തലത്തിലാണ് കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും ഇത് ദേശീയതലത്തില്‍തന്നെ പ്രതികരണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായാണ് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇത് പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറയുന്ന ഒരു വാഗ്ദാനം മുന്നണിയുടെ നേതാവുകൂടിയായ മുഖ്യമന്ത്രി സൂചിപ്പിക്കുന്നത് ചട്ടലംഘനം അല്ലെന്നും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് മന്ത്രിസഭ കൂടി പുതിയ പദ്ധതികളില്‍ തീരുമാനമെടുത്തു പ്രഖ്യാപിക്കാന്‍ പാടില്ല എന്ന് മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് ചികിത്സ സമ്പൂര്‍ണ്ണമായി സൗജന്യമായി നല്‍കി ജനങ്ങളുടെ ആരോഗ്യവും ജീവനും രക്ഷിച്ച കേരള സര്‍ക്കാര്‍ അതേ നയം വാക്‌സിന്റെ കാര്യത്തിലും പിന്തുടരുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രിക സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടേത് പൊള്ളയായ പ്രഖ്യാപനം അല്ല. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അറിയിക്കാന്‍ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഇക്കാര്യത്തിലെ ഒളിച്ചുകളി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. അത് ചെയ്യാത്ത പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നതിനുപകരം ജനങ്ങളുടെ ജീവന്‍ വിലമതിക്കുന്ന മുഖ്യമന്ത്രിക്കെതിരെ എതിരെ നിലനില്‍ക്കാത്ത ചട്ടലംഘനം ആരോപിക്കുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.