യുഎഇ പുതുവത്സരത്തെ വരവേറ്റത് ഇടിയും മിന്നലും മഴയുമായി. ആഘോഷരാവ് അവസാനിക്കും മുമ്പ് ഇടിയോടു കൂടിയ മഴ വിരുന്നെത്തുകയായിരുന്നു.
ദുബായ് : അര്‍ദ്ധ രാത്രി നടന്ന വെടിക്കെട്ട് പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലെല്ലാം മഴയെത്തി. ആകാശത്ത് വിസ്മയം തീര്‍ത്ത കരിമരുന്നിന്റെ വര്‍ണ പ്രപഞ്ചത്തിന് മറുപടിയായി പ്രകൃതി ഒരുക്കിയ ഇടിയും മിന്നലും തുടര്‍ന്ന് കോരിച്ചൊരിയുന്ന മഴയുമെത്തി.
ആഘോഷങ്ങളില്‍ പങ്കെടുത്ത് വീടണയാന്‍ തുടങ്ങിയവരെ മഴ വരവേറ്റു. മഴ ശക്തിപ്രാപിച്ചതോടെ പ്രധന നിരത്തുകളില്‍ വെള്ളക്കെട്ടുകളുമുണ്ടായി.
ദുബായ്-അബുദാബി ഷെയ്ഖ് സായിദ് റോഡില്‍ മഴമൂലം ദൂരകാഴ്ചയ്ക്ക് തടസ്സമായി.
നേരം പുലര്‍ന്നിട്ടും പലയിടത്തും മഴയുടെ പിന്‍മാറ്റമുണ്ടായില്ല. മൂടിക്കെട്ടിയ ആകാശത്ത് പുതുവത്സര സൂര്യോദയത്തിന് ആഘോഷത്തിന്റെ ആലസ്യമുണ്ടായിരുന്നു.
അബുദാബി, റാസ് അല്‍ഖൈമ, അജ്മാന്‍ ഷാര്‍ജ. ദുബായ് എന്നിവടങ്ങളിലും ഞായറാഴ്ച രാവിലെ വരെ സമാനമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തുടനീളം യെലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അര്‍ദ്ധരാത്രിയിലെ വെടിക്കെട്ടിനെ മഴ ഒഴിവാക്കി നിര്‍ത്തിയ പോലെയായിരുന്നു. ജനുവരി ഒന്ന് പുലര്‌ച്ചെ നാലുമണി കഴിഞ്ഞതോടെയാണ് പലേടത്തും മഴ എത്തിയത്.
ശക്തമായ കാറ്റ് വീശുന്നമെന്നതിനാല്‍ ബീച്ചുകളില്‍ ഇറങ്ങുന്നവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റോഡുകളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നതിനാലും ദൂരകാഴ്ച കുറയുമെന്നതിനാലും വാഹനം ഓടിക്കുന്നവര്‍ അധിക ജാഗ്രത പുലര്‍ത്തണമെന്ന് യുഎഇയിലെ പോലീസ് സേനകള്‍ അറിയിച്ചു.











