തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. കേരള പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇത്തവണത്തെ ബജറ്റ്. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ബാക്കി നില്‍ക്കുന്ന 221 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും മെഡിക്കല്‍ കോളേജുകളില്‍ കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള തസ്തികകള്‍ ഉറപ്പു വരുത്തുന്നതിനും മറ്റ് ആശുപത്രികളില്‍ കിഫ്ബി വഴി സൃഷ്ടിച്ച പുതിയ സൗകര്യങ്ങളുടെ പൂര്‍ണ വിനിയോഗത്തിനാവശ്യവുമായ 4000 തസ്തികകള്‍ ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചത് സന്തോഷകരമാണെന്നും മന്ത്രി വ്യക്തമാക്കി.











