Web Desk
പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം.
വിദേശ വിമാനത്താവളങ്ങളിൽ ട്രൂ നാറ്റ് റാപ്പിഡ് പരിശോധന മതി. പരിശോധനയ്ക്കുള്ള ക്രമീകരണം എംബസികൾ ചെയ്യണം. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്. 1000 രൂപയാണു നിരക്ക്.പ്രവാസികൾക്ക് കോവിഡില്ലെന്ന രേഖ വന്ദേഭാരത് മിഷനിൽ വരുന്നവർക്കും വേണമെന്ന് മന്ത്രി ഇ.പി.ജയരാജൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രോഗം ഉള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നും മന്ത്രി പറയുന്നു. വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ കോവിഡ് ബാധിതരല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.
യാത്രക്കാർ കോവിഡ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വേണമെന്നു സ്വകാര്യ വിമാന കമ്പനികളാണു സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. വിമാനത്തിൽ രോഗികൾ വരുന്നില്ലെന്ന് ഉറപ്പായാൽ വിമാന ജീവനക്കാരുടെ ക്വാറന്‍റീൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കാനാകും. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നു വരുന്നവർ കോവിഡ് രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കേന്ദ്ര സർക്കാർ മാർച്ചിൽ നിർദേശിച്ചിരുന്നു.