ഏതാനും മാസങ്ങള്‍ക്കകം നടക്കുന്ന കേരളം, ബംഗാള്‍ എന്നിവ ഉള്‍പ്പെടെയുള്ള അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. കോവിഡ് കാലത്ത് ജനങ്ങള്‍ പൊറുതിമുട്ടിയപ്പോള്‍ അവരെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്‌തുവെന്നത് ഈ തിരഞ്ഞെടുപ്പുകളില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ബിജെപിയോടുള്ള സമീപനത്തില്‍ വോട്ടര്‍മാരുടെ പ്രധാന മാനദണ്‌ഡമായിരിക്കും.
തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട്, ആസാം, പുതുച്ചേരി എന്നീ നിയമസഭകളില്‍ ബിജെപിക്ക് നിലവില്‍ അധികാരമുള്ളത് ഒരിടത്തു മാത്രമാണ്. ആസാമില്‍ അധികാരം നിലനിര്‍ത്തുന്നതിന് അപ്പുറത്തേക്ക് ബിജെപി പ്രകടനം മെച്ചപ്പെടുത്താനാകുമോ എന്നതാണ് ചോദ്യം. അഞ്ച് സംസ്ഥാനങ്ങളില്‍ ബംഗാളിലേക്കാണ് എല്ലാ കണ്ണുകളും. ബംഗാളില്‍ മമത ബാനര്‍ജിയുടെ മേധാവിത്തത്തെ ചോദ്യം ചെയ്‌ത് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. അതേ സമയം മമതയുടെ വ്യക്തിപ്രഭാവത്തിനൊപ്പം നില്‍ക്കുന്ന ഒരു നേതാവിനെയും മുന്നോട്ടുകൊണ്ടുവരാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും സംബന്ധിച്ച് 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ യോഗ്യതാ നിര്‍ണയ ഘട്ടമായിരിക്കും ഇത്. കേരളം, തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളില്‍ തങ്ങളുടെ യോഗ്യത ഉയര്‍ത്തുക ആണ് അവരുടെ ലക്ഷ്യം. മോദിയും ബിജെപിയും അരയും തലയും മുറുക്കിയിറങ്ങുന്ന ഈ തിരഞ്ഞെടുപ്പ് യുദ്ധം ശ്രദ്ധ നേടുന്നത് സര്‍ക്കാരിന്റെ ലോക്‌ഡൗണ്‍, വാക്‌സിന്‍ വിതരണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള നയങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്.
ലോക്‌ഡൗണിനോടും ബജറ്റിനോടുമുള്ള ജനങ്ങളുടെ അടിയന്തിര പ്രതികരണം എന്തു തന്നെയായാലും അത് ഈ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. വാക്‌സിന്‍ വിതരണം വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന വേളയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സാധാരണ ജനങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ലോക്‌ഡൗണ്‍ സാരമായി ബാധിച്ചുവെന്ന വിമര്‍ശനം നിലനില്‍ക്കുന്ന വേളയില്‍ ഈ ജനങ്ങള്‍ വോട്ടെടുപ്പുകളിലൂടെ ബിജെപിയോട് എങ്ങനെ പ്രതികരിക്കുമെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
കേരളത്തില്‍ പ്രചാരണത്തിന് തുടക്കമിട്ട ബിജെപിയുടെ ദേശീയ പ്രസിഡന്റ് ജെ.പി.നഡ്‌ഢ ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധിയെ പ്രത്യേകമായി ആക്രമിക്കാന്‍ ശ്രദ്ധിച്ചു. കിട്ടുന്ന വേദികളിലെല്ലാം രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാന്‍ നഡ്‌ഢ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. രാഹുലിനെ ബിജെപി ഭയക്കുന്നു എന്നതു തന്നെയാണ് കാരണം. ഈ തിരഞ്ഞെടുപ്പുകളുടെ പ്രചാരണ വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ തൊലിയുരിയാന്‍ രാഹുല്‍ഗന്ധി മുന്‍നിരയിലുണ്ടാകും. പഴയ രാഹുല്‍ഗാന്ധിയല്ല ഇപ്പോള്‍ സര്‍ക്കാരിനെതിരായ വദികളില്‍ സംസാരിക്കുന്നത്. ചിലപ്പോള്‍ മണ്ടത്തരങ്ങളെന്ന് തോന്നാവുന്ന പ്രസ്‌താവനകള്‍ കൊണ്ടും ദുര്‍ബലനായ ഒരു നേതാവിന്റെ ശരീരഭാഷ കൊണ്ടും പ്രതികൂലമായ പ്രതിച്ഛായ നേടിയെടുത്തിരുന്ന രാഹുല്‍ഗാന്ധിയെ അല്‍പ്പം താഴ്‌ന്ന ഗ്രേഡിലായിരുന്നു മാധ്യമങ്ങളും എതിരാളികളും എന്തിന് സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ പോലും ഉള്‍പ്പെടുത്തിയിരുന്നത്. ശക്തനായ ഒരു പ്രധാനമന്ത്രിയ്‌ക്ക് എതിരെ നില്‍ക്കാന്‍ ഒട്ടും പോന്നയാളല്ല രാഹുല്‍ ഗാന്ധി എന്ന പ്രതിപക്ഷ നേതാവെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം അവരുടെ നേതാവില്‍ നിന്ന് തുടങ്ങുന്നുവെന്ന വിധത്തിലുള്ള നിരീക്ഷണങ്ങളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്‌തമാണ്. സര്‍ക്കാരിന്റെ നയങ്ങളിലെ പാളിച്ചകള്‍ കൃത്യമായി ചൂണ്ടികാണിക്കുന്ന രാഹുല്‍ഗാന്ധി ബിജെപിക്കെതിരായ പ്രചാരണത്തില്‍ തീവ്രസാന്നിധ്യമായി ഈ സംസ്ഥാനങ്ങളിലുണ്ടാകുമെന്ന് കരുതാം.