English हिंदी

Blog

SupremeCourtofIndia

 

രാജ്യത്തിന്റെ പരമോന്നത നീതിപീഠം സ്വീകരിക്കുന്ന നിലപാടുകളില്‍ രാഷ്ട്രീയം കലരുന്നു എന്ന വിമര്‍ശനം സമീപകാലത്തായി ശക്തമാവുകയാണ്. സംഘ്പരിവാറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനൗദ്യോഗിക മാധ്യമജിഹ്വയായ റിപ്പബ്ളിക് ടിവിയുടെ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിക്കുന്നതില്‍ സുപ്രിം കോടതി കാട്ടിയ തിടുക്കം ഒരു സമീപകാല ഉദാഹരണമാണ്. പൗരത്വനിയമഭേദഗതിക്കും കശ്മീരിന്റെ പ്രത്യേകാവകാശം നീക്കം ചെയ്തതിനും എതിരായ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ മെല്ലെപോക്ക് സമീപനം സ്വീകരിക്കുന്നതും സുപ്രിം കോടതിയുടെ നിലപാടുകളെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഹര്‍ജികളില്‍ സുപ്രിം കോടതി സ്വീകരിച്ച നിലപാടിലും അത്തരമൊരു രാഷ്ട്രീയ നിറം ആരോപിക്കപ്പെട്ടാല്‍ അത് തള്ളിക്കളയാനാകില്ല.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം അനന്തമായി നീളുമ്പോള്‍ നിയമം സ്റ്റേ ചെയ്യുന്നുവെന്ന സുപ്രിം കോടതിയുടെ പ്രഖ്യാപനം പ്രത്യക്ഷത്തില്‍ സമരക്കാര്‍ക്ക് അനുകൂലമാണെന്ന് തോന്നാമെങ്കിലും അതിനൊപ്പം വിദഗ്ധ സമിതിയെ നിയോഗിച്ചതില്‍ കാട്ടിയത് സംശയകരമായ നിലപാടാണ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിയോഗിച്ച വിദഗ്ധ സമിതിയില്‍ ഉള്‍പ്പെട്ട നാല് അംഗങ്ങളും കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപിന്ദര്‍സിങ്മന്‍, ക്ഷേത്കരി സംഘടന്‍ പ്രസിഡന്റ് അനില്‍ ഘന്‍വത്, കൃഷി വിദഗ്ധന്‍ ഡോ.പ്രസാദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി എന്നീ സമിതി അംഗങ്ങള്‍ നിയമങ്ങളെ പിന്തുണച്ച നിലപാട് എടുത്തിട്ടുള്ളവരാണ്. അത്തരമൊരു സമിതിയില്‍ നിന്ന് നിയമത്തിന് അനുകൂലമായ റിപ്പോര്‍ട്ട് മാത്രമേ പ്രതീക്ഷിക്കാനാകൂ. അതുകൊണ്ടാണ് സമിതിയുമായി സഹകരിക്കില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍ വ്യക്തമാക്കിയത്. കേസിലെ കക്ഷികളില്‍ നിന്നുള്ള പേരുകള്‍ പരിഗണിക്കാതെ സുപ്രിം കോടതി ബെഞ്ച് ഏകപക്ഷീയമായാണ് സമിതി അംഗങ്ങളെ തീരുമാനിച്ചത്.

Also read:  വായ്‌പാ വളര്‍ച്ച മെച്ചപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ഇടപെടുമോ?

നിയമം സ്റ്റേ ചെയ്തത് സമരക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയായി മാത്രമേ കാണാനാകൂ. നിയമത്തെ അനുകൂലിക്കുന്ന സമിതി അംഗങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളെ കോടതിക്ക് സ്റ്റേ നീക്കുകയും ചെയ്യാം. അതിനിടയിലുള്ള ഇടവേളയില്‍ സമരത്തെ തണുപ്പിക്കുകയും സമരക്കാരെ അനുനയിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ വിധിക്കു പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു. കര്‍ഷക നിയമങ്ങളുടെ പേരില്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കാന്‍ സുപ്രിം കോടതി ആസൂത്രണം ചെയ്ത ഒരു നാടകമായാണ് ഈ വിധിയെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് തള്ളികളയാവുന്നതല്ല.

Also read:  ഓര്‍ത്തോഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

നിയമം സ്റ്റേ ചെയ്യുന്നതിന്റെ തലേ ദിവസം സുപ്രിം കോടതി കേന്ദ്രസര്‍ക്കാര്‍ സമരക്കാരോട് കാട്ടുന്ന സമീപനത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ സ്റ്റേക്കു ശേഷം സമിതിയെ നിയോഗിച്ചപ്പോള്‍ സുപ്രിം കോടതിയുടെ ലക്ഷ്യം വ്യക്തമായി. ഭരണാഘടനാപരമായി നിലനില്‍ക്കാത്ത നിയമങ്ങള്‍ മാത്രമേ സുപ്രിം കോടതി സ്റ്റേ ചെയ്യാന്‍ പാടുള്ളൂ. നിയമനിര്‍മാണ സഭയുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ് സ്റ്റേ കൊണ്ടുവന്നത്. എന്നാല്‍ ഈ അസാധാരണമായ നടപടിക്ക് പിന്നിലുള്ള ഭരാഷ്ട്രീയം’ വ്യക്തമാവുകയാണ് സമിതിയിലെ അംഗങ്ങളെ ഏകപക്ഷീയമായി തീരുമാനിച്ചതിലൂടെ വ്യക്തമായത്.

Also read:  ലാവ്‌ലിന്‍ കേസ് ജനുവരി 7 ലേക്ക് മാറ്റി; കോടതിക്ക് അതൃപ്തി

പൗരത്വനിയമഭേദഗതിക്കും കശ്മീരിന്റെ പ്രത്യേകാവകാശം നീക്കം ചെയ്തതിനും എതിരായ ഹര്‍ജികളിലെ നടപടികള്‍ അനന്തമായി നീട്ടികൊണ്ടുപോകുന്ന സുപ്രിം കോടതി കാര്‍ഷിക ബില്ലില്‍ കാണിച്ച ഭപ്രത്യേക താല്‍പ്പര്യം’ കൗതുകകരം തന്നെ. സമിതിയെ അംഗീകരിക്കാന്‍ തയാറാകാത്ത കര്‍ഷകര്‍ ഇതുകൊണ്ടൊന്നും സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് വ്യക്തമാക്കിയതോടെ തലസ്ഥാനത്തെ പ്രക്ഷോഭം ശക്തമാകുമെന്ന് വ്യക്തമായി കഴിഞ്ഞു. ജനുവരിയിലെ കൊടുംതണുപ്പില്‍ പ്രതികൂല കാലാവസ്ഥയെ ഗൗനിക്കാതെ സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള ഇച്ഛാശക്തി സുപ്രിം കോടതിയുടെ ഇടപെടല്‍ കൊണ്ടൊന്നും ഇല്ലാതാകുന്നതല്ല.