റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടാനുളള നിയമങ്ങള്‍ പരിഷ്‌കരിച്ചു.ലൈസന്‍സിന് 15 ദിവസത്തെ പരിശീലനം നിര്‍ബന്ധമാക്കി. നിലവില്‍ ആറ് ദിവസത്തെ പരിശീലനമായിരുന്നു വേണ്ടിയിരുന്നത്. കൂടാതെ ഡ്രൈവിങ് ടെസ്റ്റിന് രാത്രികാല ഡ്രൈവിങ് പരിശീലനവും പൂര്‍ത്തിയാക്കണം. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് റാക് പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.
പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നിയമം ബാധകമാണ്. റോഡ് സുരക്ഷ ഉറപ്പാക്കാനും ഡ്രൈവിങ് പരിശീലനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് തീരുമാനം. പതിനഞ്ച് ദിവസത്തില്‍ അഞ്ച് ദിവസം ഡ്രൈവിങ് സ്‌കൂളിനകത്തായിരിക്കും പരിശീലനം. ബാക്കി ദിവസങ്ങളില്‍ റോഡില്‍ പരിശീലനമുണ്ടാകും. രണ്ട് ദിവസം രാത്രികാല ഡ്രൈവിങ്ങിലും പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ലൈസന്‍സിനായുള്ള ടെസ്റ്റിനെ അഭിമുഖീകരിക്കുക. ഹെവി ലൈസന്‍സ്, ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ്, മോട്ടോര്‍ സൈക്കിള്‍ തുടങ്ങി മുഴുവന്‍ വാഹനങ്ങള്‍ക്കും ഈ നിബന്ധനകള്‍ ബാധകമായിരിക്കും.