അബുദബി: കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ ട.വി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും അഭിമുഖം നല്‍കിയ ആള്‍ക്കും അബുദബി കോടതി രണ്ടു വര്‍ഷം വീതം തടവ് വിധിച്ചു. കോവിഡ് ബാധിച്ചു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചുവെന്നാണ് ടി.വി ചാനല്‍ വാര്‍ത്ത നല്‍കിയത്. തുടര്‍ അന്വേഷണത്തില്‍ വാര്‍ത്ത വസ്തുത വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് പോലീസ് കണ്ടെത്തി. തെറ്റായ വിവരം പ്രചരിപ്പിച്ചതായും തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബുദബി സ്പോര്‍ട്സ് ചാനലിലെ റിപോര്‍ട്ടര്‍ ഒരാളെ അഭിമുഖം നടത്തുകയും അതില്‍ സ്വദേശി കുടുംബത്തിലെ അഞ്ചുപേര്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചതായി അവകാശപ്പെടുകയുമായിരുന്നു. വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ അങ്ങിനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് വ്യക്തമായി. അബുദബി മീഡിയ നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്ന് റിപോര്‍ട്ടറെ സസ്പെന്‍ഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.