സിബിഎസ്ഇ സിലബസില്‍ നിന്നും ഭരണഘടനയിലെ സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയ നടപടി വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സിബിഎസ്ഇ. പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍ നിന്ന് ജനാധിപത്യം, മതേതരത്വം, പൗരത്വം തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടിയിലാണ് സിബിഎസ്ഇ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കിയത് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഭാരം കുറയ്ക്കാനാണെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം.
2020-21 പ്ലസ്സ് വണ്‍ ബാച്ചിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നാണ് നിര്‍ണായക വിഷയങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്. അതേസമയം ഈ പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്നും അതിനായി ഈ ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ എന്‍സിഇആര്‍ടിയുടെ സമാന്തര കരിക്കുലം പിന്തുടരാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കി. നടപടി അടുത്ത വര്‍ഷത്തേക്ക് മാത്രമാണ് . കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസ്സുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് സിബിഎസ്ഇ പറഞ്ഞു. പരീക്ഷയില്‍ നിന്നും ആഭ്യന്തര മൂല്യനിര്‍ണയത്തില്‍ നിന്നും മാത്രമാണ് പാഠഭാഗങ്ങള്‍ ലഘൂകരിച്ചെന്നും സിബിഎസ്ഇ വിശദീകരിച്ചു. സുപ്രധാന ഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടിക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വരുന്നത്.



















