കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കലാഭവന്‍ സോബി നുണ പരിശോധനയ്ക്ക് ഹാജരായി. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് ഹാജരായത്. ഇന്നലെ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, മുന്‍ മാനേജര്‍ വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി എന്നിവരുടെ നുണ പരിശോധന നടന്നു. ചെന്നൈയിലെയും ഡല്‍ഹിയിലേയും ഫൊറന്‍സിക് ലാബുകളില്‍ നിന്നുളള വിദഗ്ധര്‍ ആണ് നുണ പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്.
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിതുടങ്ങിയത്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് ഇവര്‍ക്കു നുണ പരിശോധന നടത്തുന്നത്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുന്‍ താന്‍ വാഹനമോടിച്ചില്ലെന്ന് മൊഴിമാറ്റിയതിലും ബന്ധുക്കള്‍ ദുരൂഹത അറിയിച്ചിരുന്നു.