അമിതാഭ് ബച്ചന് എത്രത്തോളം ആരാധകരുണ്ടായിരുന്നുവെന്നതിന് ഒരു തെളിവാണ് അദ്ദേഹത്തിന്‍റെ പേരിൽ കോമിക്ക്സ് പോലും ഉണ്ടായിരുന്നു എന്ന വസ്തുത.ഈ കോമിക്സുകളിൽ സൂപ്പർ സ്റ്റാർ ഒരു സൂപ്പർഹീറോ ആയി മാറുന്ന കാഴ്ചയാണ് നമ്മൾക്ക് കാണാനാവുക.
മൂവി മാഗ് പബ്ലിക്കേഷൻസിൻ്റെ മുൻ എഡിറ്റർ പമ്മി ബക്ഷി സൃഷ്ടിച്ച ഈ കോമിക്ക് പുസ്തകങ്ങൾ 80 കളിൽ രണ്ട് വർഷക്കാലം തുടർച്ചയായി അച്ചടിച്ചു വന്നിരുന്നു .അമർ ചിത്രക്കഥയിലെ പ്രതാപ് മുള്ളിക്ക് ആണ് കോമിക് ഡിസൈനറായെത്തിയത് എങ്കിൽ തിരക്കഥ കൺസൾട്ടന്റായി എത്തിയത് സ്വയം ഗുൽസാർ ആയിരുന്നു.സുപ്രീമോ കോമിക്സ് പുറത്തിറക്കിയ ഈ കോമിക്സ് എങ്ങനെ സംഭവിച്ചുവെന്ന് പമ്മി ബക്ഷി പറയുന്നു.
“80 കളിൽ അമിതാഭ് ബച്ചൻ സൂപ്പർ സ്റ്റാർ ആയിരുന്നു. ഹിറ്റിനു ശേഷം ഹിറ്റുമായി സിനിമാ വ്യവസായത്തിന്റെ സമ്പദ് വ്യവസ്ഥയിൽ തന്നെ സ്വാധീനം ചെലുത്തിയ വ്യക്തിത്വം.
ഒരു ദിവസം, എന്റെ കെട്ടിടത്തിൽ ചില കുട്ടികൾ കളിക്കുന്നത് ഞാൻ കണ്ടു. അവർ സൂപ്പർഹീറോകളെ അനുകരിക്കുന്നത് കണ്ടു – ചിലർ സൂപ്പർമാനും ചില ബാറ്റ്മാനും ആയി അഭിനയിക്കുന്നു.
തുടർന്നു അവരുടെ കളി സിനിമാ കഥാപാത്രങ്ങളെ വച്ചായി. അമിതാഭിന്റെ കഥാപാത്രങ്ങളാവാൻ ഓരോ കുട്ടിയും മത്സരിക്കുകയും വഴക്കിടുകയും ചെയ്യുന്നതു കണ്ടു.
അതുവരെ മുതിർന്നവരിലും കോളേജിൽ പോകുന്ന കുട്ടികളിലും അമിതാഭ് ജ്വരം ബാധിച്ചവരായി കണ്ടിരുന്നത്. ഈ കുട്ടികളുടെ പ്രവർത്തിയാണ് എന്നെ ഈ കോമിക്സ് എന്ന ആശയത്തിലെത്തിച്ചത്.
കുറച്ചുനാൾ കഴിഞ്ഞ്, 1983 ൽ, ഗോവയിൽ വച്ചു പുക്കാർ എന്ന സിനിമയുടെ സെറ്റിൽ വച്ച് ബക്ഷി ബച്ചനെ കണ്ടുമുട്ടി, അവിടെ കോമിക്സിന് തന്റെ പേര് വയ്ക്കാൻ ബച്ചൻ സമ്മതം നല്കി.
പുക്കാറിലെ സഹനടൻ രൺദീർ കപൂർ ബച്ചനെ സുപ്രേമോ എന്ന് വിളിക്കാറുണ്ടായിരുന്നു, അങ്ങിനെ ആ കോമിക്സ് സംരംഭത്തിന് ഈ പേര് വന്നു ചേർന്നു
സുപ്രീമോ കോമിക്സിൻ്റെ ഈ ആശയം ഹിറ്റ് ആയി, തുടർന്നു മറ്റു പല അമിതാബ് കോമിക്സുകളും എത്തി തുടങ്ങി….!
ദി ലോസ്റ്റ് ഐഡൽ എന്ന കഥയിലൂടെയാണ് കോമിക്സ് പരമ്പര ആരംഭിച്ചത്. സമുദ്രത്തിന്റെ അടിയിൽ ഒരു പഴയ കപ്പൽ കണ്ടെത്തിയ സുപ്രമോ 1660 ൽ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച ഒരു വിഗ്രഹത്തെ സാഹസികമായി രക്ഷിക്കുന്നതായിരുന്നു കഥാ തന്തു.
ഫാന്റം കോമിക്സ് അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ളവയായിരുന്നു, അതിനാൽ ഈ കോമിക്സിനും ആ സ്വാധീനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഫാൻ്റത്തെ പോലെ കണ്ണുകൾ മറയ്ക്കുന്ന വലിയ സൺഗ്ലാസുകൾ സുപ്രേമോ ധരിക്കുന്നു, ഒപ്പം വിവിധ മൃഗങ്ങളുമായി ജീവിക്കുന്ന ഒരു സ്വകാര്യ ദ്വീപും ഫാൻറത്തെ പോലെ
സുപ്രേമോ സ്വന്തമാക്കുന്നുമുണ്ട്.
രണ്ട് വർഷത്തേക്ക് അമിതാഭ് ബച്ചന്റെ ഈ സാഹസിക കോമിക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി.എന്നാൽ ബക്ഷി വിവാഹിതനായി ഇന്ത്യ വിട്ടതിനുശേഷം പരമ്പര അവസാനിച്ചു.
ഇതാണ് കോമിക്സിലലിഞ്ഞ അമിതാബ് ബച്ചന്‍റെ കഥ.
നിഷാദ് ബാല
വിവരങ്ങൾക്കും ചിത്രങ്ങൾക്ക് കടപ്പാട്
Karan Bali
India Book House
Supremo Comics