ദോഹ: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അവതരിപ്പിച്ച ഖത്തറിന്റെ പുതിയ ആരോഗ്യനയം രാജ്യത്തെ ആരോഗ്യ, ചികിത്സ മേഖലയുടെ സമഗ്രമായ കുതിപ്പിന് വഴിവെക്കുമെന്ന് വിലയിരുത്തൽ. 2024 -2030 വരെ നീണ്ടുനിൽക്കുന്ന ഏഴു വർഷത്തെ ആരോഗ്യനയമാണ് ‘എല്ലാവർക്കും ആരോഗ്യം’ എന്ന പ്രമേയത്തിൽ പൊതുജനാരോഗ്യ മന്ത്രാലയം അവതരിപ്പിച്ചത്.
വാർത്തസമ്മേളനത്തിൽ മന്ത്രാലയത്തിലെ ഉന്നതസംഘം ഇതുസംബന്ധിച്ച ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഏറെ നാളായെടുത്ത വിശദമായ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും ഫലമാണ് പുതിയ നയം തയാറാക്കിയതെന്ന് പൊതുജനാരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ഖത്തറിനെ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രത്യേകം ഊന്നൽ നൽകി സേവനങ്ങൾ വിപുലീകരിച്ചും പ്രത്യേക സേവനങ്ങൾ അധികരിപ്പിച്ചും ആരോഗ്യസംവിധാനത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുകയെന്നതാണ് ആരോഗ്യനയത്തിന്റെ പ്രധാന ലക്ഷ്യം.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യകാര്യ അസി. മന്ത്രി സാലിഹ് അലി അൽ മർരി, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. മർയം അബ്ദുൽ മലിക്, എച്ച്.എം.സി ക്ലിനിക്കൽ അഫയേഴ്സ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. യൂസുഫ് അൽ മസ്ലമാനി എന്നിവരാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്.15 ഘടകങ്ങളിൽ ഊന്നൽ നൽകിയാവും മൂന്നാം ആരോഗ്യനയം നടപ്പാക്കുന്നത്.
പൊതുജനാരോഗ്യ അവബോധം വളർത്തുക, രോഗികളുടെയും പരിചാരകരുടെയും ശാക്തീകരണം, സജീവമായ രോഗപ്രതിരോധവും കണ്ടെത്തലും, സമഗ്രമായ ആരോഗ്യ, ക്ഷേമം ഉറപ്പാക്കുക എന്നിവയാണ് ജനങ്ങളുടെ ആരോഗ്യ, ക്ഷേമം മെച്ചപ്പെടുത്തുകയെന്ന തലക്കെട്ടിന് കീഴിൽ വരുന്നത്. കൂടാതെ വാക്സിനേഷൻ കവറേജ്, തൊഴിൽപരമായ ആരോഗ്യം, പരിസ്ഥിതി ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയും ഇതിന്റെ ഭാഗമാണ്.
ഖത്തറിനെ പ്രധാന മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി വളർത്തുകയെന്നതും പ്രധാന ലക്ഷ്യമാണ്. ജനസംഖ്യാനുപാതികമായ ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്തൽ, ചികിത്സയുടെ ഗുണനിലവാരം എന്നിവയും ഉൾപ്പെടും.
ആരോഗ്യ ഗവേഷണത്തിലും നവീകരണത്തിലുമുള്ള മികവ്, അടിയന്തര തയാറെടുപ്പും പ്രതികരണവും, വിദഗ്ധരായ ജീവനക്കാർ, ഡിജിറ്റൽ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ‘കാര്യക്ഷമതയും പ്രതിരോധവും’ എന്നതിന് കീഴിൽ വരുന്നത്.
സുസ്ഥിര ആരോഗ്യ സംരക്ഷണ ധനസഹായം, സഹകരണം, പൊതു-സ്വകാര്യ പങ്കാളിത്തം, തൊഴിൽശക്തി വികസനം, അപ്ലൈഡ് ഹെൽത്ത് ഇന്റലിജൻസ് എന്നിവയും ബയോടെക്നോളജി, മെഡിക്കൽ സെക്യൂരിറ്റി എന്നിവയിലെ നിക്ഷേപവും ശ്രദ്ധേയമായ സംരംഭങ്ങളായിരിക്കും.
പുതിയ ആരോഗ്യനയം നടപ്പാക്കുന്നതിന് സമഗ്രമായ വാർത്തവിനിമയ പദ്ധതിയും നടപ്പാക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവത്കരണ അജണ്ടയെയും പുതിയ ആരോഗ്യനയം പിന്തുണക്കുമെന്നും കൂടുതൽ മുൻഗണന നൽകുമെന്നും അവർ വ്യക്തമാക്കി.












