പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓര്‍മ മിക്കപ്പോഴും ഭാഗികമോ ഹ്രസ്വമോ ആണ്. കര്‍ഷ സമരത്തില്‍ അണിനിരക്കുന്നവരെ സമരജീവികളെന്ന് വിളിച്ച് ആക്ഷേപിക്കുമ്പോള്‍ തന്റെ പാര്‍ട്ടി നടത്തിയ പ്രക്ഷോഭങ്ങളെയും അക്രമാസക്തമായ കലാപങ്ങളെയും അദ്ദേഹം മറക്കുന്നു. നോട്ട് നിരോധനം ഫലം കണ്ടില്ലെങ്കില്‍ തന്നെ കത്തിച്ചോളൂ എന്ന പ്രസ്താവന അദ്ദേഹം ഇപ്പോള്‍ ഓര്‍ത്തിരിക്കാന്‍ തരമില്ല. കൊറോണയ്ക്കെതിരായ മഹാഭാരത യുദ്ധം 21 ദിവസം കൊണ്ട് വിജയിപ്പിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം മറന്നുകാണും. ഏതാനും ദിവസം മുമ്പ് പാര്‍ലമെന്റില്‍ രാജ്യസഭാംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ കുറിച്ച് നടത്തിയ പ്രസംഗത്തില്‍ കശ്മീരിലെ ഭീകരാക്രമണ സമയത്ത് കൈകൊണ്ട നടപടികളെ കുറിച്ച് വികാരാധീനനായതും പശ്ചാത്തലത്തിലെ പല സംഭവങ്ങളും മറന്നുകൊണ്ടാണ്.
അധികാരത്തിന് എതിരായ മനുഷ്യന്റെ സമരം മറവിക്ക് എതിരായ ഓര്‍മകളുടെ സമരമാണെന്ന് പറഞ്ഞത് വിഖ്യാത വിശ്വസാഹിത്യകാരന്‍ മിലാന്‍ കുന്ദേര ആണ്. നേതാക്കള്‍ പലതും മറക്കുന്നതും മറവി അഭിനയിക്കുന്നതും അവരുടെ നിലനില്‍പ്പ് സൗകര്യപ്രദമാക്കാനാണ്. എന്നാല്‍ അവരുടെ മറവിയെ ഓര്‍മപ്പെടുത്തലിലൂടെ മറികടക്കുകയും അധികാരത്തിന്റെ വിധ്വംസകമായ അഴിഞ്ഞാട്ടങ്ങളെ കുറിച്ചുള്ള സ്മരണകള്‍ വീണ്ടും വീണ്ടും പുതുക്കുകയും ചെയ്യുക എന്നത് ഉത്തരവാദിത്ത ബോധമുള്ള ഒരു ജനതയുടെ കര്‍ത്തവ്യമാണ്.
കാശ്മീരില്‍ ഭീകരാക്രമണം നടന്നപ്പോള്‍ അവിടെ കുടുങ്ങിപ്പോയ ഗുജറാത്തികളെ തിരികെയെത്തിക്കുവാന്‍ മുഖ്യമന്ത്രി ആയിരുന്ന ഗുലാം നബി ആസാദ് നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് വികാരാധീനനായി മോദി പ്രസംഗിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന തന്റെ അഭ്യര്‍ത്ഥനകളെ മാനിച്ച് ഗുലാം നബി മുന്‍കൈയെടുത്ത് നടത്തിയ നടപടികള്‍ തീര്‍ത്തും അഭിനന്ദനാര്‍ഹമായിരുന്നുവെന്ന് മോദി പറഞ്ഞു. രാജ്യസഭാംഗത്വം ഒഴിയുകയും അധികാരകൈമാറ്റം ആവശ്യപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അവഗണന നേരിടുകയും ചെയ്യുന്ന ഗുലാം നബിയെ പ്രകീര്‍ത്തിച്ച് കണ്ണീര്‍ വാര്‍ത്ത മോദിയുടെ പ്രകടനത്തിന് പിന്നില്‍ ചില രാഷ്ട്രീയലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നാണ് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നതെങ്കിലും അതേ കുറിച്ചല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
കശ്മീര്‍ ആക്രമണ വേളയില്‍ ഗുജറാത്തികളെ നാട്ടിലെത്തിക്കാന്‍ നടത്തിയ നടപടികളെ കുറിച്ച് സ്മരിക്കുന്ന മോദി മുഖ്യമന്ത്രി ആയിരുന്ന അതേ കാലത്തു തന്നെയാണ് അദ്ദേഹം ഇപ്പോള്‍ പരാമര്‍ശിക്കാന്‍ ഇഷ്ടപ്പെടാനിടയില്ലാത്ത മറ്റു ചില കാര്യങ്ങള്‍ സംഭവിച്ചത്. ഗുജറാത്ത് കലാപം മുഖ്യമന്ത്രിയായിരുന്ന മോദിയുടെ മൂക്കിന്‍ തുമ്പിലാണ് നടന്നത്. ആയിരകണക്കിന് ഗുജറാത്തികള്‍ കൊല ചെയ്യപ്പെട്ട കലാപം രാജ്യദ്രോഹികളായ തീവ്രവാദികള്‍ നടത്തിയ കശ്മീര്‍ ആക്രമണത്തേക്കാള്‍ എത്രയോ ഭീകരമായിരുന്നു. പൊലീസ് സേനയെ നിഷ്‌ക്രിയമാക്കി വെച്ച് മുസ്ലീങ്ങളെ വര്‍ഗീയവാദികളായ ഭീകരന്‍മാര്‍ക്ക് കൊന്നൊടുക്കാന്‍ വേണ്ടത്ര സമയം അനുവദിച്ചത് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കണ്ണീര്‍ വാര്‍ത്ത അതേ മോദിയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന എഹ്സാന്‍ ജാഫ്രി തന്നെയും താന്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലെ ഗുജറാത്തികളെയും കൊന്നൊടുക്കാനായി കലാപകാരികള്‍ പാഞ്ഞടുത്തപ്പോള്‍ സഹായത്തിനായി കേണപേക്ഷിച്ച് മോദിയെ യും ബിജെപി നേതാക്കളെയും ഫോണില്‍ വിളിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ജാഫ്രിയും ഫ്ളാറ്റ് നിവാസികളും കൊന്നൊടുക്കപ്പെട്ടപ്പോള്‍ നിസ്സംഗത ആയിരുന്നു മോദിയുടെ മുഖമുദ്ര.
കലാപത്തില്‍ കൊല ചെയ്യപ്പെട്ട ഗുജറാത്തികളായ മുസ്ലിങ്ങളെ തന്റെ കാറില്‍ വന്നിടിക്കുന്ന പട്ടികളുമായി താരതമ്യം ചെയ്യാന്‍ മാത്രം ഭഉന്നതമായ മാനവിക ബോധം’ പ്രകടിപ്പിച്ച വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. ഇന്ന് അദ്ദേഹം ഗുജറാത്തികളെ കശ്മീരില്‍ നിന്ന് രക്ഷിച്ചതിന്റെ വീരസ്മരണ അവയവിറക്കുമ്പോള്‍ ആയിരകണക്കിന് ഗുജറാത്തികളെ കൊന്നൊടുക്കിയതും അദ്ദേഹത്തിന്റെ കാലത്തു തന്നെയായിരുന്നുവെന്നും അതിന് അദ്ദേഹത്തിന്റെ ഒത്താശ കൂടിയുണ്ടായിരുന്നുവെന്നും ഓര്‍മിപ്പിക്കുകയാണ് ഉത്തരവാദിത്ത ബോധമുള്ള ജനത ചെയ്യേണ്ടത്.