ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെ രാജ്യത്തിന് പുറത്തുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന നിലപാട് ഏകാധിപത്യ വാസന കേന്ദ്രസര്‍ക്കാരിനെ എത്രത്തോളം അന്ധമായ നിലപാടിലേക്ക് എത്തിച്ചിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. യുഎസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന അതിക്രമത്തെയും മ്യാന്മറിലെ പട്ടാള അട്ടിമറിയെയും കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയ ഇന്ത്യയിലെ ഭരണകൂടത്തിന് ഇവിടുത്തെ പ്രശ്‌നങ്ങളെ കുറിച്ച് ഇതര രാജ്യക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല.
ഇംഗ്ലീഷ് പോപ് ഗായിക റിഹാനയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ് തുന്‍ബെര്‍ഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ രാജ്യാന്തര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സെലിബ്രിറ്റികളെ അണിനിരത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് കളിക്കാരും ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ കര്‍ഷക സമരം ഇന്ത്യയുടെ ദേശീയ ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന മട്ടിലുള്ള പ്രസ്‌താവനകളുമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, കങ്കണ റണാവത്ത് തുടങ്ങിയവര്‍ കര്‍ഷക സമരത്തിനെതിരെ തിരിഞ്ഞത് അത്ഭുതപ്പെടുത്തുന്നില്ല. നേരത്തെ തന്നെ മോദിയോടുള്ള തികഞ്ഞ കൂറ് ഇവര്‍ പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്. അതേ സമയം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, അജിങ്ക്യ രഹാന, ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്‌ഡ്യെ, കോച്ച് രവിശാസ്‌ത്രി തുടങ്ങിയവര്‍ സര്‍ക്കാരിനോടുള്ള കൂറ് കാട്ടാന്‍ ആരുടെയോ പ്രേരണയിലെന്ന് വ്യക്തമാകുന്ന തരത്തില്‍ സോഷ്യല്‍ മീഡിയാ പോസ്റ്റുകളുമായി എത്തിയത് അപ്രതീക്ഷിതമായിരുന്നു.
ഇതിന് മുമ്പ് മോദി സര്‍ക്കാരിന് പിന്തുണയുമായി പരസ്യമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടില്ലാത്ത ഇവരെ ബിജെപി ഓഫീസ് സമര്‍ത്ഥമായി ഉപയോഗിച്ചുവെന്നാണ് സാമാന്യബുദ്ധിയുള്ളവര്‍ മനസിലാക്കേണ്ടത്. അപ്രതീക്ഷിതമായ കമന്റുകളുമായി ഇവര്‍ ഒന്നിനു പിറകെ ഒന്നായി എത്തിയപ്പോള്‍ തന്നെ ചെടിപ്പിക്കുന്ന അതിനാടകീയമായ തിരക്കഥ വ്യക്തമായി.
കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാന്‍ സിനിമാ താരങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും എന്ത് യോഗ്യതയാണുള്ളതെന്ന ചോദ്യമാണ് ഈ അവസരത്തില്‍ ഉയരുന്നത്. തങ്ങളുടെ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരാണെന്നത് രാജ്യത്തെയും ലോകത്തെയും തെറ്റിദ്ധരിപ്പിക്കുന്ന അബദ്ധജടിലമായ പ്രസ്‌താവനകള്‍ നടത്താനുള്ള അവകാശമാണെന്ന് സച്ചിനെ പോലുള്ളവര്‍ കരുതുന്നത് എന്തുമാത്രം യുക്തിഹീനമാണ്. കരാര്‍ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുന്നവര്‍ സ്വതന്ത്രമായി സൂക്ഷിക്കേണ്ട നാവും ബിജെപിക്ക് കരാര്‍ നല്‍കി പണയം വെക്കുന്നത് എന്തു മാത്രം ദുസ്സഹമായ കാഴ്‌ചയാണ്. സിനിമക്കു വേണ്ടി കോള്‍ഷീറ്റ് നല്‍കുന്നതു പോലെ ബിജെപിക്കു ഒപ്പിട്ടു നല്‍കിയിരിക്കുന്ന അടിമവേലയുടെ കോള്‍ ഷീറ്റ് ചലച്ചിത്ര താരങ്ങളെ തീര്‍ത്തും അപഹാസ്യരാക്കുകയാണ് ചെയ്യുന്നത്.
പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിനിടെ 70 പേര്‍ മരണം വരിച്ചുവെന്നാണ് സമരക്കാര്‍ പറയുന്നത്. മനുഷ്യജീവനുകളെ കൊലക്കു കൊടുക്കുന്ന ഈ നിയമങ്ങളെ പിന്തുണച്ച് രംഗത്തെത്തുന്ന സെലിബ്രിറ്റികള്‍ വ്യാപരിക്കുന്ന മേഖലകളിലെ തിളക്കത്തിന് അപ്പുറം മനുഷ്യത്വം പോലുമില്ലാത്തവരാണ് തങ്ങളെന്ന സത്യവാങ്‌മൂലം നല്‍കുകയാണ് ചെയ്യുന്നത്.