സിബിഐയോട് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനുമുള്ള എതിര്‍പ്പ് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. പെരിയ ഇരട്ടകൊല കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിം കോടതി വരെ പോയി. സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ ദശലക്ഷങ്ങള്‍ സിറ്റിംഗിന് ഫീസ് വാങ്ങുന്ന അഭിഭാഷകരെ കൊണ്ടുവന്നു. നമ്മുടെ നികുതിപണത്തില്‍ നിന്നും ഈ വക്കീലന്‍മാര്‍ക്ക് കൊടുക്കാന്‍ ഒരു കോടി രൂപയിലേറെ തുക ചെലവിട്ടു. കേസ് സിബിഐക്കു വിടാനുള്ള കീഴ്‌കോടതി തീരുമാനം സുപ്രിം കോടതി ശരിവെച്ചതോടെ അത് എല്‍ഡിഎഫ് സര്‍ക്കാരിനു മുഖത്തേറ്റ അടിയായി.
കേസ് സിബിഐ അന്വേഷിച്ചാല്‍ കേരളത്തിലെ ക്രൈംബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്. താന്‍ കൈകാര്യം ചെയ്യുന്ന പൊലീസ് വകുപ്പിനെ ഇകഴ്‌ത്തുന്ന ഒരു കാര്യത്തെയും അംഗീകരിക്കാനാകില്ല എന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. നക്‌സലൈറ്റുകളെ വെടിവെച്ചുകൊന്നപ്പോഴും ലഘുലേഖകള്‍ കൈവശം വെച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേസെടുത്തപ്പോഴും പിണറായി വിജയന്‍ പൊലീസിനെ ന്യായീകരിച്ചത് കാക്കി സേനയുടെ ആത്മവീര്യം കെട്ടുപോകാതിരിക്കാന്‍ ആയിരുന്നത്രെ. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ പഴുതുകളും ഒരുക്കികൊടുത്ത പൊലീസ് ഉദ്യോഗസ്ഥന് പ്രൊമോഷന്‍ നല്‍കിയതും ആത്മവീര്യ സംരക്ഷണത്തിന് വേണ്ടി തന്നെയാകണം. പക്ഷേ സോളാര്‍ കേസിലെ സാക്ഷി സരിതാ നായര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ലൈംഗിക പീഡന പരാതി സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് ഇത്രയും നാള്‍ കൈകാര്യം ചെയ്‌ത പൊലീസിന്റെ ആത്മവീര്യം കെടുത്തുന്നതിന് കാരണമാകുമെന്ന് മുഖ്യമന്ത്രിക്ക് തോന്നാത്തതു എന്തുകൊണ്ടാണ്?
പരാതിയുടെ അടിസ്ഥാനത്തില്‍ പലവട്ടം അന്വേഷിച്ചിട്ടും തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുക്കാതിരുന്നത്. പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിന് സരിത സഹകരിച്ചില്ല എന്നും പൊലീസ് പറയുന്നു. അതായത് പരാതിയില്‍ കഴമ്പില്ലെന്നാണ് ഇതുവരെയുള്ള പൊലീസിന്റെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം ശരിയാണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സുപ്രിം കോടതി വരെ പോയ എല്‍ഡിഎഫ് സര്‍ക്കാരിന് പക്ഷേ സരിതയുടെ പരാതിയെ കുറിച്ച് പൊലീസ് പല വട്ടം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍ ശരിയല്ലെന്ന തോന്നലാണോയുള്ളത്?
വാളയാര്‍ പീഡന കേസ് സിബിഐക്ക് വിടാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് കുട്ടികളുടെ അമ്മ നിരന്തരമായി ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ്. സരിതയുടെ പീഡന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും കേസ് സിബിഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ തീര്‍ത്തും വില കുറഞ്ഞ നടപടി മാത്രമാണ്.
സിബിഐക്ക് എതിരായ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിലെ പൊള്ളത്തരമാണ് ഇവിടെ വെളിപ്പെടുന്നത്. പ്രത്യക്ഷത്തില്‍ തന്നെ തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമെന്ന് വ്യക്തമാകുന്ന ഇരട്ടത്താപ്പ് ഈ നിലപാടിലുണ്ട്. അഞ്ച് വര്‍ഷം മുമ്പ് സോളാര്‍ കേസ് ഉയര്‍ത്തികാട്ടി അധികാരത്തിലേറിയ എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താന്‍ വേണ്ടി കാണിക്കുന്ന ഇരട്ടത്താപ്പ് ഗുണം ചെയ്യുന്നതിനേക്കാള്‍ തിരിച്ചടിയാകാനാണ് സാധ്യത. രാഷ്‌ട്രീയ മുതലെടുപ്പിനായി സിബിഐയെ കൊണ്ട് ധൃതി പിടിച്ച് കേസുകള്‍ എടുപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരാണ് അതേ തന്ത്രം ഇപ്പോള്‍ പയറ്റുന്നത്.