മുംബൈ: നിഫ്‌റ്റി 123 പോയിന്റ് നേട്ടം രേഖപ്പെടുത്തിയ ഇന്ന് ഓഹരി വിപണി ശക്തമായ പ്രകടനമാണ് കാഴ്‌ച വെച്ചത്. നിഫ്‌റ്റി 14,666 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. അതിന് തൊട്ടടുത്തായി തന്നെ ക്ലോസ് ചെയ്‌തു.
സെന്‍സെക്‌സ് 49,000 പോയിന്റിനു മുകളിലേക്കും ഉയര്‍ന്നു. 394 പോയിന്റിന്റെ നേട്ടമാണ് സെന്‍സെക്‌സിലുണ്ടായത്. 49792.12 പോയിന്റില്‍ സെന്‍സെക്‌സ് ക്ലോസ് ചെയ്തു.
ഓഹരി വിപണി വീണ്ടും പുതിയ റെക്കോഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. രണ്ട് ദിവസത്തെ തിരുത്തലിനു ശേഷം ഇന്നലെ തുടങ്ങിയ കരകയറ്റം ഇന്ന് പുതിയ ഉയരം രേഖപ്പെടുത്തുന്നതിലാണ് കലാശിച്ചത്.
യുഎസില്‍ പുതുതായി സ്ഥാനമേല്‍ക്കുന്ന പ്രസിഡന്റ് ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകം. വിപണിയില്‍ ഇന്ന് മൊത്തത്തില്‍ മുന്നേറ്റ പ്രവണത ദൃശ്യമായി.
ഐടി, ഓട്ടോ, പൊതുമേഖലാ ബാങ്ക് ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍ നിന്നത്. നിഫ്‌റ്റി ഓട്ടോ ഇന്‍ഡക്‌സ് 2.34 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി ഓഹരികളില്‍ ടാറ്റാ മോട്ടോഴ്‌സ് ആണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്. ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ആറ് ശതമാനമാണ് ഉയര്‍ന്നത്. നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 38ഉം ഇന്ന് നേട്ടം രേഖപ്പെടുത്തി.




















