Web Desk
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കണമെന്നും കുടുംബം. കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്‍റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.
ഇത് കൊലപാതകമാണ്. അതിനാൽ തന്നെ സിബിഐ അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം.’ സുശാന്തിന്‍റെ മാതൃസഹോദരൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം സുശാന്ത് കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നെന്നും വിഷാദരോഗത്തിനുള്ള ഗുളികകൾ അദ്ദേഹത്തിന്‍റെ മുറിയിൽനിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറയുന്നു.
കോവിഡ് പരിശോധനയ്ക്കുശേഷമാകും സംസ്‍കാരം. ഇന്നലെ രാത്രി വൈകി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. നടന്‍റെ മരണത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
സുശാന്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്‍ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്‍തതും സുശാന്തിന്‍റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.